Saturday, October 19, 2024
World

വെളുത്ത നിറക്കാരെയും വിദേശികളെയും പരസ്യങ്ങളില്‍ നിന്നൊഴിവാക്കും; നിര്‍ണായക തീരുമാനവുമായി നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കുന്ന നിര്‍ണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കില്ല. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും.

നൈജീരിയക്കാരല്ലാത്ത എല്ലാ പരസ്യ അഭിനേതാക്കള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് നൈജീരിയയുടെ അഡ്വെര്‍ടൈസ്‌മെന്റ് റെഗുലേറ്റര്‍ അറിയിച്ചു. ഇത് രാജ്യത്തെ 200 ദശലക്ഷത്തിലധികം വരുന്ന തദ്ദേശീയരായ പൗരന്മാരുടെ ദേശീയ വികാരങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘രാജ്യത്ത് 10-20 വര്‍ഷം മുമ്പത്തെ പരസ്യങ്ങള്‍ പരിശോധിച്ചാല്‍ അതിലഭിനയിക്കുന്നത് വിദേശികളും ബ്രിട്ടീഷ് ഉച്ചാരണമുള്ള ശബ്ദ കലാകാരന്മാരും മാത്രമായിരുന്നു’. നൈജീരിയയിലെ പരസ്യ ഏജന്‍സികളുടെ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീവ് ബാബേക്കോ പറഞ്ഞു. നൈജീരിയന്‍ ബ്രാന്‍ഡുകള്‍ പലപ്പോഴും വിദേശ മുഖങ്ങളാണ് പരസ്യത്തിനായി ഉപയോഗിക്കുന്നത്. അതേസമയം അന്താരാഷ്ട്ര കോര്‍പ്പറേഷനുകള്‍ അവരുടെ ആഗോള പ്രചാരണങ്ങള്‍ ഇതുവഴി ഇറക്കുമതി ചെയ്യുകയും ചെയ്യും’.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും കഴിഞ്ഞ എട്ടുവര്‍ഷക്കാലം കൊണ്ട് നൈജീരിയയില്‍ ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ പുതിയ അഭിമാന ബോധങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇവ വിദേശമോഡലുകളെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഈ രാജ്യത്ത് 200 മില്യണോളം ആളുകളുണ്ട്. ഇവരില്‍ നിന്നൊന്നും നിങ്ങള്‍ക്ക് തദ്ദേശീയരായ മോഡലുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലേയെന്ന് ആളുകള്‍ തന്നെ ചോദിക്കും’. സ്റ്റീവ് ബാബേക്കോ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 1മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. രാജ്യത്തിനകത്തെ തന്നെ കാലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി ലഭിക്കും. ഇതിനിടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പരസ്യ ഏജന്‍സിയായ എഎംവി ബിബിഡിഒ, നൈജീരിയന്‍ സംവിധായകനും തദ്ദേശീയ മോഡലുകള്‍ക്കുമൊപ്പം ‘ബ്ലാക്ക് ഷൈന്‍സ് ബ്രൈറ്റസ്റ്റ്’ എന്ന കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.