കോവിഡ് വാക്‌സിനേഷനില്‍ കേരളത്തിന് നിര്‍ണായക നേട്ടം, 80.17% പേര്‍ക്ക് ആദ്യ ഡോസ് നല്‍കി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ കേരളം നിർണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. 32.17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്സിൻ ഇതുവരെ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേർക്ക് വാക്സിൻ നൽകിയെന്നത് ആ ലക്ഷ്യത്തിലെ നിർണായക നേട്ടമാണ്. സെപ്തംബറിൽ തന്നെ ബാക്കിയുള്ളവർക്കും വാക്സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒരാഴ്ചയ്ക്കിടെ കോവിഡ് ആക്ടീവ് കേസുകളിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും 6 ശതമാനവും 21 ശതമാനവും കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.