Saturday, October 19, 2024
Kerala

ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗൺ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

 

ഒരു ഘട്ടത്തില്‍ കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാല്‍, ഉണ്ടാകാന്‍ പാടില്ലാത്ത വിധം ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തിലുണ്ടായി. ഇതോടെ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു. സംസ്ഥാനത്ത് മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

 

ലോകത്താകമാനം കോവിഡ് രോഗ ബാധ പ്രതിസന്ധി സൃഷ്ടിച്ചു. ഒരിടത്തും രോഗത്തെ പുര്‍ണമായി പിടിച്ച്‌ നിര്‍ത്താനിട്ടില്ല. പ്രതിരോധ മരുന്ന് ലഭിക്കുന്നത് വരെ രോഗബാധ നിലയ്ക്കില്ലെന്നാണ് സൂചനകള്‍. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പലരാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നടപ്പാക്കേണ്ട സാഹചര്യത്തിലാണിപ്പോള്‍. ആ സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികളില്ലാതെ വരുമെന്നും മന്ത്രി അറിയിച്ചു.

 

സംസ്ഥാനത്ത് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരുലക്ഷത്തിപതിനാലായിരം പേര്‍ രോഗമുക്തി നേടി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് മരണ നിരക്ക് വളരെ കുറവാണ്. 656 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം ജനസാന്ദ്രത കൂടിയതും ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചതും കേരളത്തില്‍ വലിയ പ്രതിസന്ധിയാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി തുടരുകയാണെന്നും കോവിഡിന്‍റെ രണ്ടാം തരംഗമെന്നും ഇത് നിസാരമായി കാണരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

സമരത്തില്‍ പങ്കെടുത്ത ആളുടെ രക്ഷിതാവിന് രോഗം ബാധിച്ച്‌ മരണം സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കണം. ഇനി വരുന്ന ദിവസങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നമ്മുടെ ആരോഗ്യ സംവിധാനത്തിന് അപ്പുറത്തേക്ക് രോഗം പോയാല്‍ താങ്ങാന്‍ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.