Sunday, January 5, 2025
National

രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 125 ദിവസം നിര്‍ണായകം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ് മന്ദഗതിയിലായി. ഇത് ഒരു മുന്നറിയിപ്പ് സിഗ്‌നലാണ്. അടുത്ത 100 മുതല്‍ 125 ദിവസം വരെ ഇന്ത്യയില്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്- ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

അതിനാല്‍, വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചെങ്കില്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. നിരവധി രാജ്യങ്ങളില്‍ കൊവിഡ് സാഹചര്യം കൂടുതല്‍ മോശമാവുകയാണെന്നും ലോകം കൊവവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യസംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതില്‍നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരായ ശക്തമായ പ്രതിരോധമാണ് വാക്‌സിനുകളെന്ന് പോലിസ് ഉദ്യോഗസ്ഥരില്‍ ഐസിഎംആര്‍ നടത്തിയ പഠനറിപോര്‍്ട്ട് ഉദ്ധരിച്ച് വി കെ പോള്‍ ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തില്‍ 95 ശതമാനം കൊവിഡ് മരണങ്ങളും തടയുന്നതില്‍ രണ്ട് ഡോസ് വാക്‌സിന്‍ വിജയിച്ചതായി പഠനം വ്യക്തമാക്കുന്നു. ഒരു ഡോസ് വാക്‌സിന്‍ മരണനിരക്ക് 82 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു.

രണ്ടാം തരംഗത്തിനിടെ കൊവിഡ് മൂലമുള്ള 95 ശതമാനം മരണങ്ങളും തടയുന്നതില്‍ രണ്ട് ഡോസ് വാക്‌സിന്‍ വിജയിച്ചു. ജൂലൈക്ക് മുമ്പ് 50 കോടി ഡോസുകള്‍ നല്‍കാനുള്ള ലക്ഷ്യത്തിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നത്. അത് നേടാനുള്ള പാതയിലാണ് ഞങ്ങള്‍. 66 കോടി ഡോസ് കൊവിഷീല്‍ഡും കൊവാക്‌സിനും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ 22 കോടി ഡോസുകള്‍ സ്വകാര്യമേഖലയിലേക്ക് പോവും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യുമ്പോള്‍ മാസ്‌കുകളുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. മാസ്‌കുകളുടെ ഉപയോഗം പുതിയ ജീവിതത്തിന്റെ ഭാഗമായി എല്ലാവരും മാറ്റണം. രണ്ടാം തരംഗത്തിനിടയിലും രാജ്യത്ത് ദിവസേന പുതിയ കേസുകള്‍ കുറയുന്നത് തുടരുകയാണ്. മെയ് 5 മുതല്‍ 11 വരെയുള്ള കാലയളവില്‍ 3,87,029 കേസുകളില്‍നിന്ന് ജൂലൈ 14 മുതല്‍ ജൂലൈ 16 വരെ 40,336 കേസുകളായി പ്രതിദിന കേസുകള്‍ കുറഞ്ഞുവെന്ന് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *