Saturday, October 19, 2024
Wayanad

കലാശക്കൊട്ടിന് രാഹുലും പ്രിയങ്കയും വയനാട്ടിലെത്തും ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയില്‍; ഏപ്രില്‍ ഒന്നിന് രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ

വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉമ്മന്‍ചാണ്ടിയും ജില്ലയിലെത്തുമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രചരണത്തിനെത്തും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ മണ്ഡലത്തിലെ പടിഞ്ഞാറത്തറയിലും, 11 മണിക്ക് മാനന്തവാടി കല്ലോടിയിലും, 12 മണിക്ക് ബത്തേരി മണ്ഡലത്തിലെ പുല്‍പ്പള്ളിയിലും നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും. ഏപ്രില്‍ ഒന്നിനാണ് രാഹുല്‍ഗാന്ധി പ്രചരണത്തിനായി ജില്ലയിലെത്തുക. മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന രാഹുല്‍ഗാന്ധി കല്‍പ്പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രചാരണത്തിന് കൊട്ടിക്കലാശത്തിനാണ് രാഹുലിനൊപ്പം പ്രിയങ്കാഗാന്ധിയും ഒരുമിച്ച് ജില്ലയിലെത്തുന്നത്. ഇരുവരും ഒരുമിച്ച് നയിക്കുന്ന റോഡ്‌ഷോയും ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ നടക്കും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വയനാട് ജില്ലയെ പൂര്‍ണമായി അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. യു ഡി എഫിന്റെ കാലത്തെ പദ്ധതികള്‍ നിര്‍ത്തലാക്കുകയോ, ഇല്ലാതാക്കുകയോ ആണ് ചെയ്തത്. ജില്ലയില്‍ ഏറ്റവും അത്യാവശ്യമായിരുന്ന മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കാന്‍ അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഇടതുസര്‍ക്കാരിന് സാധിച്ചില്ല. സൗജന്യമായി ലഭിച്ച സ്ഥലം അനുയോജ്യമല്ലെന്ന് പറയുകയും, പിന്നീട് തരം പോലെ മാറ്റിമാറ്റി പറയുമാണുണ്ടായത്. കാലാവധി അവസാനിക്കാന്‍ 60 ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് പൂര്‍ത്തീകരിച്ചുവെന്ന് പറയാനാണ് ശ്രമിച്ചത്. ഇന്ന് ഇവിടയെത്തുന്ന രോഗികളെ കല്‍പ്പറ്റയിലെ ജനറല്‍ ആശുപത്രിയിലേക്കടക്കം റഫര്‍ ചെയ്യുന്ന സാഹചര്യമാണുള്ളത്. വയനാട് ചുരംബദല്‍പാതയാണ് മറ്റൊന്ന്. ഒരുപാട് ബദല്‍പാതകള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും ഒന്നും പരിഗണിക്കപ്പെട്ടതില്ല. ഒടുവില്‍ ഏഴ് കിലോമീറ്റര്‍ ദൂരമുള്ള സ്വര്‍ഗംകുന്ന്-മേപ്പാടി തുരങ്കപാതയുണ്ടാക്കുമെന്നാണ് പറയുന്നത്. പാലക്കാട്-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാന്‍ തുരങ്കം 700 മീറ്റര്‍ ദൂരമാണുള്ളത്. ഇത് ഏഴ് കൊല്ലമായിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഏഴ് കിലോമീറ്റര്‍ തുരങ്കമുള്ള ഈ പാത നടപ്പിലാകുമെന്ന് വിശ്വസിക്കാന്‍ വയനാട്ടിലെ ജനങ്ങള്‍ വിഡ്ഡികളല്ല. വന്‍പ്രതിസന്ധിയിലായിട്ടും കാര്‍ഷികമേഖലയിലടക്കം ഇടപെടല്‍നടത്താനോ വിളകള്‍ സംഭരിക്കാനോ സര്‍ക്കാരിന് സാധിച്ചില്ല. ബഫര്‍സോണാണ് മറ്റൊന്ന്. ഈ വിഷയത്തില്‍ എല്‍ ഡി എഫ് കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ച ശുപാര്‍ശപ്രകാരമാണ് ബഫര്‍സോണ്‍ കരട് വിജ്ഞാപനമിറക്കിയതെന്നാണെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ധനവില നൂറ് രൂപയോട് അടുക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ നികുതി കുറക്കാന്‍ തയ്യാറാകാത്തതാണ് വില വര്‍ധിക്കാനുള്ള ഒരു കാരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നികുതി കുറച്ച് വിലവര്‍ധനവിന്റെ ഭാരം ജനങ്ങളെ അറിയിച്ചിരുന്നില്ല. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയും അട്ടിമറിക്കപ്പെട്ടു. യു ഡി എഫ് സര്‍ക്കാര്‍ 12 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഈ പദ്ധതി പൂര്‍ണമായി തന്നെ അട്ടിമറിക്കപ്പെട്ടു. ഇപ്പോള്‍ പദ്ധതി തന്നെ ഇല്ലാതായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി വയനാട്ടില്‍ വന്ന് 7000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വരെ ഒന്നും ചെയ്യാതെ പെട്ടന്ന് പ്രഖ്യാപനം നടത്തിയതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. എ ഐ സി സി നിരീക്ഷകന്‍ യു ടി ഖാദര്‍, പി വി ബാലചന്ദ്രന്‍, കെ കെ അഹമ്മദ്ഹാജി, കെ എല്‍ പൗലോസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.