Friday, April 11, 2025
Wayanad

പ്രാഥമിക സർവേ പൂർത്തിയായി വയനാട് തുരങ്കപാത: ഡി.പി.ആർ. തയ്യാറാകുന്നു

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദ പദ്ധതി രേഖ(ഡി.പി.ആർ.) തയ്യാറാകുന്നു.അതിനുശേഷം പദ്ധതി കേന്ദ്രാനുമതിക്കായി സമർപ്പിക്കും. പ്രാഥമിക സർവേ പൂർത്തിയാക്കി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചതായി ജോർജ് എം. തോമസ് എം.എൽ.എ. പറഞ്ഞു. ഇതിനിടെ പരിസ്ഥിതി ആഘാതപഠനത്തിന് പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയുടെ സംഘം മറിപ്പുഴയിലെത്തി. നാല് അലൈൻമെന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ രണ്ടാമത്തെ അലൈൻമെന്റാണ് അനുയോജ്യമെന്നാണ് വിലയിരുത്തൽ. സ്വർഗംകുന്നിൽനിന്ന് തുടങ്ങി മേപ്പാടിയിലെ മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണിത്. ഇവിടെ തുരങ്കത്തിന് മാത്രം ഏട്ടുകിലോമീറ്റർ ദൈർഘ്യമുണ്ടാകും.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാർഗമാണ് പുതിയ പാത. കിഫ്ബിയിൽനിന്ന് 658 കോടി രൂപ അനുവദിച്ച് മേയിൽ പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നു. നിർമാണം പൂർത്തിയാകുമ്പോൾ ആയിരം കോടി രൂപയെങ്കിലും ചെലവുവരുമൊണ് പ്രതീക്ഷിക്കുന്നത്.

ആനക്കാംപൊയിൽ മറിപ്പുഴയിൽനിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടി കള്ളാടിയിൽ അവസാനിക്കുന്നതാണ് പാത. ഇതിൽ കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്ന് മുതൽ കള്ളാടിവരെ വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്താണ് തുരങ്കം നിർമിക്കേണ്ടിവരുക.

മറിപ്പുഴയിൽ 70 മീറ്റർ നീളത്തിലുള്ള പാലവും ഇരുവശത്തുമായി അഞ്ച് കിലോമീറ്ററോളം റോഡും ‌നിർമിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *