വയനാട് ജില്ലയിലെ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ് കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളളവയിലെ വോട്ടെണ്ണല്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് നടക്കുക. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നാഗരസഭകളിലെ വോട്ടെണ്ണല്‍ യഥാക്രമം കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, ബത്തേരി അസംപ്ഷന്‍ ഹൈസ്‌ക്കൂള്‍, മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും. ജില്ലയിലെ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളെല്ലാം ബുധനാഴ്ച്ച അണുവിമുക്തമാക്കി. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തല്‍ നടത്തി.