Monday, January 6, 2025
Wayanad

സുൽത്താൻ ബത്തേരി ടൗണിൽ ഒമ്പത് പേർക്ക് കൊവിഡ്;നഗരം ആശങ്കയിൽ

സുൽത്താൻ ബത്തേരി : കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം കണ്ടെത്തിയ പലചരക്ക് മൊത്തവിതരണ കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ ഒമ്പത് തൊഴിലാളികൾക്ക് കൂടി കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതോടെ ബത്തേരിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ ബത്തേരി ടൗൺ ഉൾപ്പെടെ മൂന്ന് ഡിവിഷനുകൾ കണ്ടെയ്‌മെന്റ് സോണാക്കിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു.
ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഒമ്പത് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങൾ രണ്ട് പേർക്ക് നേരത്തെ കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം കട അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കടയിലുള്ള മറ്റുള്ളവരോട് നീരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു.നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന തൊഴിലാളികളിൽ ഒമ്പത് പേർക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്.
ഒരാഴ്ച മുമ്പാണ് കടയിലെ രണ്ട് തൊഴിലാളികൾക്ക് പനി പിടിപെട്ടത്. ഇവർ ആശുപത്രിയിൽ നിന്ന് പനിക്കുള്ള ചികിൽസതേടുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് ഇവരുടെ ശ്രവം പരിശോധനക്കായി എടുത്തത്. പരിശോധനഫലം വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്.പതിനഞ്ചോളം തൊഴിലാളികളാണ് പലചരക്ക് മൊത്ത വ്യാപാരകടയിൽ ജോലിചെയ്യുന്നത്.ഇവർ എല്ലാവരും ഒന്നിച്ചാണ് കഴിയുന്നത്. ആദ്യം രോഗം പിടിപ്പെട്ട രണ്ട് പേരുടെ സമ്പർക്കത്തിലൂടെയാണ് മറ്റ് ഒമ്പത് പേർക്ക്കൂടി രോഗം പകർന്നതെന്ന് കരുതുന്നു.
രോഗവ്യാപനം വർദ്ധിച്ചതോടെ ബത്തേരി മുൻസിപ്പാലിറ്റിയിലെ ടൗൺ ഉൾപ്പെടുന്ന സത്രംകുന്ന്, കട്ടയാട്, സുൽത്താൻ ബത്തേരി എന്നി ഡിവിഷനുകൾ കണ്ടെയ്‌മെന്റ് സോണാക്കി. ആരോഗ്യ വകുപ്പും പോലീസും ടൗണിൽ മുൻകരുതൽ നടപടികളും നിരീക്ഷണവും ശക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *