Tuesday, January 7, 2025
National

ജയലളിതയുടെ വസതി ഏറ്റെടുക്കല്‍; പോയസ് ഗാര്‍ഡന് വിലയിട്ട് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലുള്ള വസതി ‘വേദനിലയം’ ഏറ്റെടുക്കാനുള്ള നീക്കം ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. നിയമപ്രകാരം സിവില്‍ കോടതിയില്‍ 68 കോടി രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ കെട്ടിവെച്ചു. ജയലളിതയുടെ വസതി കൈവശമാക്കി സ്മാരകമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നേരത്തെ, വേദനിലയമടക്കമുള്ള ജയലളിതയുടെ എല്ലാ സ്വത്തുക്കളുടെയും അവകാശികള്‍ അന്തരവന്മാരായ ജെ. ദീപയും, ജെ. ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് തുക കെട്ടിവെച്ചുകൊണ്ട് സര്‍ക്കാറിന്റെ പുതിയ ശ്രമം.

ദീപയ്ക്കും ദീപക്കിനും അനുകൂലമായ അവകാശവാദങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 68 കോടി സിവില്‍ കോടതിയില്‍ കെട്ടിവച്ചതിനാല്‍ വേദനിലയമടക്കം ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന്റേതാണെന്ന് ചെന്നൈ ജില്ല ഭരണകൂടം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച് ദീപക്കോ ദീപയോ ഇതുവരെ രേഖകളൊന്നും ലാന്‍ഡ് അക്യുസിഷന്‍ ഓഫിസര്‍ക്ക് നല്‍കിയിട്ടില്ല. അതിനാല്‍ പുതിയ സാഹചര്യത്തില്‍ ഇരുവരും സിവില്‍ കോടതിയെ സമീപിക്കേണ്ടിവരും.

അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദീപ വ്യക്തമാക്കി. വിപണിമൂല്യമനുസരിച്ച് വസതിക്ക് 100 കോടി മൂല്യമുണ്ടെന്നാണ് ദീപയും ദീപക്കും വ്യക്തമാക്കിയിരുന്നത്. ജയലളിതയുടെ സ്വത്തുക്കളുടെ നിയമപരമായ ഏക അവകാശികള്‍ തങ്ങളാണെന്നും ട്രസ്റ്റ് രൂപീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും ഇവര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇവര്‍ക്കനുകൂലമായി വിധിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *