Thursday, December 26, 2024
Wayanad

കമ്പമലയിലെത്തിയ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് നാലുപേർ; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സംഘം മടങ്ങി

വയനാട് കമ്പമലയിലെത്തിയ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് നാലുപേർ. മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തിയ ദൃശ്യങ്ങൾ പുറത്തായി. സംഘത്തിൽ ഉണ്ടായിരുന്നത് നാലുപേരാണ്. ഇവർ വോട്ട് ബഹിഷ്കരിക്കാൻ നാട്ടുകാരോട് ആഹ്വാനം ചെയ്തു. എന്നാൽ, ഇവരോട് സ്ഥലം വിടാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ആറേകാലോടെയാണ് തോക്ക് ധാരികളായ നാല് അംഗ മാവോയിസ്റ്റുകള്‍ കമ്പമലയിലെത്തിയത്. പാടികള്‍ക്ക് സമീപം നിന്ന് മുദ്രാവാക്യം വിളിച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ ആളുകള്‍ എതിര്‍പ്പറിയിച്ചു. ഇവരോട് ഇവിടെ നിന്ന് പോകാനാവശ്യപ്പെട്ടു. പിന്നീട് സംഘം വനത്തിനകത്തേക്ക് പിന്‍വാങ്ങി.

മാവോയിസ്റ്റ് കബനീ ദളം കമാന്‍ഡര്‍ സിപി മൊയ്തീന്‍, സോമന്‍, സന്തോഷ്, ആഷിക് എന്ന മനോജ് എന്നിവരാണ് എത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. സിപി മൊയ്തീന്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. സോമന്‍ വയനാട് സ്വദേശിയും ആഷിക് എന്ന മനോജ് തൃശൂര്‍ വിയ്യൂര്‍ സ്വദേശിയുമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരിക്കെയാണ് മനോജ് ഈ സംഘത്തിന്‍റെ ഭാഗമായത്. നേരത്തെ കമ്പമലയിലെ വനവികസന കോര്‍പ്പറേഷന്‍ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിന് ശേഷം വലിയ എതിര്‍പ്പാണ് മാവോയിസ്റ്റുകള്‍ക്കെതിരെ ഈ പ്രദേശത്തുനിന്ന് ഉയര്‍ന്നത്. ആറളം ഏറ്റുമുട്ടിലിന് ശേഷം നിര്‍ജീവമായിരുന്ന മാവോയിസ്റ്റുകള്‍ വീണ്ടും എത്തിയതോടെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *