കാലവര്‍ഷം: വയനാട്ടിൽ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം- ജില്ലാ കലക്ടർ
ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഉത്തരവ്.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന വകുപ്പുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. ജില്ലാതല ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പ് വരുത്തണം. ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ല വിട്ട് പോകാന്‍ പാടില്ല.
കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ കളക്ട്രേറ്റ് കേന്ദ്രീകരിച്ചും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.