ലോറിയുടെ ഒറ്റ ഇടയില്‍ തകര്‍ന്നത് കെട്ടിടത്തിന് അധികൃതര്‍ നല്‍കിയ ‘ഉറപ്പ്’, കല്‍പ്പറ്റയിലെ കെട്ടിടം പൊളിച്ചു നീക്കി അധികൃതര്‍; സോഷ്യല്‍ മീഡിയ തിരഞ്ഞ അപകടത്തിന്റെ കഥ ഇങ്ങനെ
കല്‍പ്പറ്റ: ലോറിയിടിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞുവീഴാനായ കെട്ടിടത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ തന്നെ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിരുന്നില.കെട്ടിടം ചരിയാന്‍ തുടങ്ങിയതോടെ അധികൃതര്‍ കൃത്യമായ ഇടപെടല്‍ നടത്തി രാത്രിയോടെ കെട്ടിടം പൊളിച്ചു നീക്കി. രക്ഷാ പ്രവര്‍ത്തനവും ഇടപെടലുമൊക്കെ പ്രശംസനീയമാണെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു കെട്ടിടത്തിന് അതും വളവുപോലെ റിസ്‌കുള്ള ഒരു സ്ഥലത്ത് എങ്ങിനെ അനുമതി നല്‍കി എന്ന ചോദ്യമാണ് ഉയരുന്നത്.കല്‍പ്പറ്റ ദേശീയപാതയില്‍ മടിയൂര്‍കുനി പെട്രോള്‍ പമ്ബിനു സമീപം നിയന്ത്രണം വിട്ട ചരക്കുലോറി ബഹുനില കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പതിവുപോലെ അമിതവേഗവും ലോറി ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് ഭാഗത്തു നിന്ന വരികയായിരുന്ന ലോറി എതിര്‍ദിശയില്‍ വരിയായിരുന്ന ടെംപോ ട്രാവലറില്‍ ഇടിച്ച ശേഷം 200 മീറ്റര്‍ അകലെയുള്ള വിന്‍ഡ്‌ഗേറ്റ് റസിഡന്‍സി എന്ന 3 നില കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറിയാണു അപകടമുണ്ടായത്.
അമിതവേഗത്തിലായിരുന്ന ലോറിയുടെ മുക്കാല്‍ ഭാഗവും കെട്ടിടത്തിനുള്ളിലായ നിലയിലായിരുന്നു. കെട്ടിടത്തിന്റെ താഴെ ഭാഗത്തെ തൂണുകളിലേക്കാണു ലോറി ഇടിച്ചു കയറിയത്.ഇതോടെയാണ് കെട്ടിടം ചെരിഞ്ഞ് അപകടഭീഷണിയുയര്‍ത്തിത്തുടങ്ങിയത്. വാഹനപകടത്തില്‍ ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ചവര്‍ക്ക് ഇടിയുടെ ആഘാതത്തില്‍ ബഹുനിലക്കെട്ടിടം ചെരിയാന്‍ തുടങ്ങിയതോടെ തിങ്കളാഴ്ച ആശങ്കയുടെ ദിവസമായി. ജനവാസമേഖലയും സമീപത്തുതന്നെയുള്ള പെട്രോള്‍ പമ്ബും അപകടഭീതിയുടെ ആക്കംകൂട്ടി. എന്നാല്‍, സര്‍വ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ മികച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ ദുരന്തഭീതിയെ തുടച്ചുനീക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി.
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചത് ചായക്കടയും ലോഡ്ജും
റോഡിനു താഴെയായി ബേസ്മെന്റും പിന്നെ മൂന്നു നിലകളുമുള്ള കെട്ടിടമാണ് വാഹനാപകടത്തില്‍ പാടെ തകര്‍ന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കോഫി ഷോപ്പും മുകള്‍നിലകളില്‍ ലോഡ്ജുമാണു പ്രവര്‍ത്തിച്ചിരുന്നത്. മൂന്നു തൂണുകള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നതോടെ ആറു മണി കഴിഞ്ഞതോടെ ഒരു വശത്തേക്ക് ചെരിയാന്‍ തുടങ്ങി. ഏഴു മണിയോടെ നാലു തൂണുകള്‍കൂടി തകര്‍ന്ന് കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു. ഇതോടെ കെട്ടിടം പൂര്‍ണമായും മറിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പരന്നു. ഇതോടെ കെട്ടിടത്തിന് മുന്നിലെ ഗതാഗതം നിരോധിച്ചു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. കോഴിക്കോട് ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങളെ ചുണ്ടേല്‍കാപ്പംകൊല്ലികല്‍പറ്റ വഴിയും ചെറിയ വാഹനങ്ങളെ വെള്ളാരംകുന്ന്‌അഡ്ലെയ്ഡ്‌കൈതക്കൊല്ലിഓണിവയല്‍ വഴിയും തിരിച്ചുവിട്ടു.
സംഭവത്തത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ ബല്‍പ്രീത് സിങ്ങ്, എ.ഡി.എം. ടി. ജനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു ഉച്ചയോടെ ജില്ലാ ദുരന്തനിവാരണ യോഗം ചേര്‍ന്നു കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടു.
ഉച്ചയ്ക്ക് രണ്ടു മണിയോടെ 200 മീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളെ ഒഴിപ്പിക്കുമെന്നും വൈദ്യുതബന്ധം വിച്ഛേദിക്കുമെന്നും ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കണമെന്നും അറിയിപ്പുണ്ടായി. ഇതോടെ ജനങ്ങളും പരിഭ്രാന്തരായി. കോഴിക്കോട്ടുനിന്നും ഖലാസികളുടെ സംഘമെത്തി കെട്ടിടം പൊളിച്ചുനീക്കാനായിരുന്നു പദ്ധതി.കെട്ടിടത്തിനുള്ളിലെ മൂന്ന് ഗ്യാസ് സിലിന്‍ഡറുകളില്‍ രണ്ടെണ്ണം അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എടുത്തുമാറ്റി. മൂന്നാം നിലയിലെ ഗ്യാസ് സിലിന്‍ഡര്‍ എടുക്കാനായില്ല. ജനറേറ്ററിന്റെ താക്കോല്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടതിനാല്‍ അതില്‍ ശേഷിച്ച ചെറിയ അളവ് ഡീസലും മാറ്റാനായില്ല.
അതിജാഗ്രതയില്‍ ഒരു രാത്രി; പൊളിച്ചുനീക്കല്‍ നീണ്ടത് മണിക്കൂറുകളോളം
ഇറക്കവും കൊടുവളവുമുള്ള സ്ഥലത്തു വച്ചാണു സിമന്റ് ലോഡുമായെത്തിയ ലോറി എതിര്‍ദിശയില്‍ വരികയായിരുന്ന ടെംപോ ട്രാവലറില്‍ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിടുകയും ഇവിടെ നിന്നും 200 മീറ്റര്‍ ദൂരത്തുള്ള മറ്റൊരു കൊടുംവളവിനു സമീപത്തുള്ള ബഹുനില കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ജനവാസമേഖലയിലാണെന്നതും സമീപത്തുതന്നെ പെട്രോള്‍ പമ്ബുള്ളതിനാലും കെട്ടിടം പൊളിക്കല്‍ വളരെ സൂക്ഷ്മമായാണ് മുന്നേറിയത്. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തുതന്നെ തമ്ബടിച്ചു. ഉന്നതോദ്യോഗസ്ഥര്‍ പലകുറി സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. എസ്‌പി. പാനല്‍കൊണ്ട് കെട്ടിടം മറിച്ചതിനാല്‍ കെട്ടിടഘടന വ്യക്തമാക്കാത്തതും ആദ്യഘട്ടത്തില്‍ ആശങ്ക പരത്തി. മേപ്പാടി വഴിയും കല്പറ്റ ഗവ. കോളേജിലെ റോഡിലൂടെയും വാഹനഗതാഗതം വഴിതിരിച്ചുവിട്ടു.
വൈകീട്ട് അഞ്ചു മണിയോടെ കെട്ടിടത്തിന് ചുറ്റും അളക്കാന്‍ തുടങ്ങി. ആറു മണിയോടെ വാഹനമെത്തിച്ച് അരമണിക്കൂറിനകം ഒരു വശത്ത് നിന്നു പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. പൊലീസ് കയറുകെട്ടി തിരിച്ചിടത്തും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും ജനം കൂടിനിന്നു.രാത്രി വൈകി ഏറെ നേരത്തെ ശ്രമഫലമായാണ് കെട്ടിടം പൊളിച്ചു നീക്കല്‍ പൂര്‍ത്തിയാക്കിയത്.ജില്ലാ ഭരണകൂടം, കല്‍പറ്റ ഫയര്‍ഫോഴ്‌സ് സംഘം, പൊലീസ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തി.
രക്ഷാപ്രവര്‍ത്തനത്തിന്റെ പകല്‍
സിമന്റുമായി ചുരം കയറിയെത്തിയ ലോറി വെള്ളാരംകുന്നിന് സമീപം ടെമ്ബോ ട്രാവലറിലും യൂസ്ഡ് കാര്‍ ഷോറൂമില്‍ നിര്‍ത്തിയിട്ട കാറുകളിലും ഇടിച്ചതിനുശേഷമാണ് ബഹുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ടെംപോ ട്രാവലര്‍ റോഡരികിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
തലകീഴായി മറിഞ്ഞ ടെമ്ബോ ട്രാവലറില്‍ സ്ത്രീകളും കുട്ടികളുമടക്കം 16 യാത്രക്കാരുണ്ടായിരുന്നു.നിസ്സാരപരിക്കുകളേറ്റ ഇവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.ഇതിനിടെ പ്രദേശത്തെ ആറു വൈദ്യുതപോസ്റ്റുകളും തകര്‍ന്നു.
പകുതിയിലധികവും കെട്ടിടത്തിനുള്ളിലേക്ക് കയറിയ ലോറിയുടെ ക്യാബിനിലായിരുന്നു ഡ്രൈവര്‍ അകപ്പെട്ടിരുന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കല്‍പറ്റ ഫയര്‍ഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ലോറിയുടെ ഡ്രൈവര്‍ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണു ഡ്രൈവറെ പുറത്തെത്തിച്ചത്. കാബിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയായിരുന്നു രക്ഷാപ്രവര്‍ത്തനം.ഡ്രൈവര്‍ കോഴിക്കോട് മീഞ്ചന്ത അരിക്കനാട് പാലാട്ട് വീട്ടില്‍ ഗൗതമിനെ ആദ്യം കല്‍പറ്റയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
സ്റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമി, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഐ. ജോസഫ്, ഫയര്‍ ഓഫീസര്‍മാരായ സി.എ. ജയന്‍, കെ. സുധീഷ്, എംപി. ധനീഷ് കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.അപകടത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പ്രതിസന്ധിയില്‍ കച്ചവടക്കാര്‍
അപ്രതീക്ഷിത ദുരന്തത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയായിരുന്നു കെട്ടിട ഉടമകളായ പള്ളത്ത് അബ്ദുള്‍സലീമും പാനൂര്‍ കെ.ടി. റിയാസും. അപകടവിവരം അറിഞ്ഞതോടെ രാവിലെത്തന്നെ ഇരുവരും സ്ഥലത്തെത്തി. ആദ്യമൊക്കെ അറ്റകുറ്റപ്പണികളോടെ കെട്ടിടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞു തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും തീര്‍ന്നു. 2016-ലാണ് കെട്ടിടം പണിതത്. വിന്‍ഡ് ഗേറ്റ് എന്ന പേരില്‍ ടൂറിസ്റ്റ്‌ഹോം കെട്ടിടത്തിന്റെ രണ്ടു നിലകളിലായി ഇരുവരും നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധികള്‍ കഴിഞ്ഞ് സജീവമാകുന്നേയുണ്ടായിരുന്നുള്ളൂ. രണ്ടരക്കോടിക്ക് മുകളില്‍ നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന്റെ ബേസ്മെന്റിലും ഒന്നാം നിലയിലുമായി പ്രവര്‍ത്തിച്ച കഫെയാന എന്ന കോഫീ ഷോപ്പ് ജലാലുദ്ദീന്‍ കോറോട്, സമദ് പുല്‍പ്പറമ്ബ്, ഹാഷിം വേങ്ങര, ഫസല്‍ റഹ്മാന്‍ വേങ്ങര എന്നിവര്‍ ചേര്‍ന്നാണ് നടത്തുന്നത്. 42 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. എങ്കിലും വലിയ ആധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവര്‍. കോവിഡിന് മുമ്ബുവരെ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന കഫെയായിരുന്നു ഇത്. രാത്രിയും സന്ദര്‍ശകരുണ്ടാവാറുണ്ടായിരുന്നു. ആ കാലത്ത് ജീവനക്കാര്‍ വിശ്രമിക്കാന്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ലോറി ഇടിച്ചുകയറിയത്. തിങ്കളാഴ്ച അപകടം നടന്ന സമയത്തും രണ്ടു ജീവനക്കാര്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലുണ്ടായിരുന്നു. ഇരുവര്‍ക്കും പരിക്കില്ല .