Monday, January 6, 2025
Wayanad

മാനന്താവാടിയിലെ കടുവ സാന്നിധ്യം; പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട് മാനന്താവാടിയിലെ കടുവ സാന്നിധ്യത്തിൽ പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്. തുടർച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊൻമുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളിൽ ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ വിവിധയിടങ്ങളിലായി വനം വകുപ്പ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു

പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ വയനാട് പൊൻമുടിക്കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് ഊര്‍ജിത ശ്രമം തുടരുന്നു. ഇതിനായി കൃഷ്ണഗിരിയിൽ അക്രമകാരിയായ കടുവയെ പിടികൂടിയ അതേ സ്ഥലത്ത് വീണ്ടും കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് അടുത്തിടെ കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *