Tuesday, April 15, 2025
Kerala

‘കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായി’: കെ സുധാകരന്‍

തിരുവനന്തപുരം: കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണം നടന്നെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കണ്ണൂരില്‍ സിപിഎമ്മും ബിജെപിയുമാണ് ബോംബും ആയുധനിര്‍മ്മാണവും കുടില്‍ വ്യവസായം പോലെ നടത്തിവരുന്നത്. അതിപ്പോള്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് അപകടകരമാണ്. പഠനത്തിന്‍റെ മറവില്‍ ആയുധ നിർമ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിഞ്ഞില്ലെന്നത് വിചിത്രമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ലാബുകളില്‍ ആയുധ നിര്‍മ്മിക്കാന്‍ സാധിക്കില്ല.പിണറായി ഭരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയുധനിര്‍മ്മാണ പരിശീലനം നല്‍കുന്ന നിലയിലേക്ക് വിദ്യാഭ്യാസ നിലവാരം അധപതിച്ചു. വര്‍ധിച്ച മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഭ്യതയും ഉപയോഗവും ആയുധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അതല്ലാ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *