വയനാട് കടുവകളുടെ ആവാസ കേന്ദ്രമാവുന്നു: കണ്ടെത്തിയത് 100 മുതൽ 120 വരെ കടുവകളെ
കൽപ്പറ്റ : വയനാടൻ കാടുകളിൽ കടുവകളുടെ എണ്ണം കൂടുന്നു. വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ചു വനംവകുപ്പു ശേഖരിച്ച കണക്കുകൾ പ്രകാരം 100 മുതൽ 120 വരെ കടുവകളാണു വയനാടൻ മേഖലയിലുള്ളത്. 2016 ലെ വനം വകുപ്പിന്റെ കണക്കെടുപ്പിൽ 80 കടുവകൾ മാത്രമായിരുന്നു. 2 വർഷത്തിനിടെ വയനാടൻ കാടുകളിൽ 10 കടുവകൾ ചത്തു. 5 എണ്ണത്തെ വനം വകുപ്പു പിടികൂടി. വേനലിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന വയനാടൻ കാടുകളിലെ മിതശീതോഷ‍്ണ കാലാവസ്ഥയും ഇവിടം കടുവകളുടെ ഇഷ്ട താവളമാക്കുന്നു. മാൻ, കാട്ടുപോത്ത് എന്നിവയും കൂടുതലാണ്. 750 ആനകളുമുണ്ടെന്നും വനം വകുപ്പിന്റെ കണക്കുകളിൽ പറയുന്നു. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗം കൂടിയായ വയനാട് വന്യജീവി സങ്കേതം കർണാടകയിലെ ബന്ദിപ്പൂർ, നഗർഹോള, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതങ്ങളുമായി ചേർന്നു കിടക്കുന്നു. കടുവക്കുഞ്ഞുങ്ങൾ കണക്കിലില്ല 2017–’18 കാലയളവിലാണു വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ചു വനം വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ 10 ആയി തിരിച്ച് 1640 ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ പതിഞ്ഞ 2.3 ലക്ഷത്തോളം ചിത്രങ്ങൾ പഠനവിധേയമാക്കിയാണു കടുവകളുടെ കണക്കെടുത്തത്. ഒരു വയസ്സിനു താഴെയുള്ള കടുവക്കുഞ്ഞുങ്ങളെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. മൊത്തം കടുവകളുടെ എണ്ണത്തിന്റെ 25 ശതമാനത്തോളം കുഞ്ഞുങ്ങളും ഉണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.