പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഇടം പിടിക്കുമോ? ആകാംക്ഷയോടെ വയനാടന്‍ ജനത
കല്‍പറ്റ;കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ വന്യജീവി ഗവേഷണത്തിനും പട്ടികവര്‍ഗ ക്ഷേമത്തിനുമുള്ള പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് അനുവദിച്ചു ബജറ്റ് പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയില്‍ വയനാടന്‍ ജനത. ജന്തുജന്യരോഗങ്ങള്‍, വന്യജീവിശല്യം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജില്ലയ്ക്കു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഇടംപിടിക്കാതിരിക്കാന്‍ അണിയറനീക്കം ഉണ്ടെന്ന സൂചനയാണ് ജനങ്ങളുടെ ഉത്കണ്ഠയ്ക്കു നിദാനം. ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ജില്ലയിലെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇതിന്റെ ഫലം അറിയാന്‍ ബജറ്റ് അവതരണദിനം വരെ കാത്തിരിക്കണം.
പൂക്കോട് കാമ്പസില്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനു 2017ലാണ് സര്‍വകലാശാല ഭരണസമിതി തീരുമാനിച്ചത്. വന്യജീവികളുമായി ബന്ധപ്പെട്ട സാമൂഹികവിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതേത്തുടര്‍ന്നു സര്‍വകലാശാല ആസ്ഥാനത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിനു അനുമതി തേടി വൈസ് ചാന്‍സലര്‍ സര്‍ക്കാരിനു അപേക്ഷ നല്‍കുകയുമുണ്ടായി. എം.എല്‍.എമാരടക്കം അംഗങ്ങളായ ഭരണസമിതിയുടെയും മാനേജ്‌മെന്റ് കൗണ്‍സിലിന്റെയും യോഗങ്ങളില്‍ ചര്‍ച്ച ചെയ്തതിനുശേഷമാണ് ഇന്‍സ്റ്റിറ്റിയൂട്ടിനായുള്ള ശ്രമം സര്‍വകലാശാല ഉര്‍ജിതമാക്കിയത്.
സര്‍വകാശാലയുടെ പൂക്കോട് കാമ്പസില്‍ 2011 മുതല്‍ വന്യജീവി പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെ പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ടായി വികസിപ്പിക്കാനാണ് സര്‍വകലാശാല പദ്ധതിയിട്ടത്. പ്രദേശിക പ്രാധാന്യമുള്ള പഠന കേന്ദ്രം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കുന്നതിനൊപ്പം സമൂഹികവിഷയങ്ങളില്‍ ഇടപെടുന്നുണ്ട്. പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷമായിട്ടും ആവശ്യത്തിനു ശാസ്ത്രജ്ഞരും ജീവനക്കാരും കേന്ദ്രത്തിലില്ല.
വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുകയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ആദിവാസികളടക്കം ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, വന്യജീവിശല്യംമൂലം പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സുസ്ഥിര കാര്‍ഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാങ്കേതിക സഹായം, ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവര്‍ത്തിത്തത്തിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തല്‍, പരിക്കേറ്റതും രോഗം ബാധിച്ചതുമായ വന്യജീവികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ, പശ്ചിമഘട്ടത്തിലെ ജീവജാലങ്ങളുടെ സംരക്ഷണത്തിനു രാജ്യത്തിനത്തും പുറത്തുമുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുമായി സഹകരണം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പരിപാടികള്‍ തുടങ്ങിയവയും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യങ്ങളാണ്.
സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതില്‍ വനം-മൃഗസംരക്ഷ മന്ത്രി കെ. രാജു നേരത്തേ താത്പര്യം വ്യക്തമാക്കിയതാണ്. എന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം ധനമന്ത്രിക്കു ശിപാര്‍ശ നല്‍കിയോ എന്നതില്‍ വ്യക്തതയില്ല.