Tuesday, January 7, 2025
Wayanad

വയനാട് ‍ജില്ലയിൽ കോവിഡ് വാക്‌സിന്‍ എത്തി: ആദ്യഘട്ട വിതരണം 16ന്,എത്തിയത് 9590 ഡോസ് കോവിഷീല്‍ഡ്

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ വയനാട് ജില്ലയിൽ എത്തി. കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് 9590 ഡോസ് കോവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) ഇന്ന് (14.1.2021) ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ജില്ലാ വാക്സിൻ സ്റ്റോറിൽ എത്തിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ രേണുക, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, എം സി എച് ഓഫീസർ ജോളി ജെയിംസ്, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് സൗമിനി എന്നിവര്‍ ചേര്‍ന്ന് വാക്‌സിന്‍ ഏറ്റുവാങ്ങി.

16 മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളില്‍ വെച്ച് വാക്സിനേഷൻ നടത്തും. ജില്ലാ ആശുപത്രി മാനന്തവാടി, താലൂക്ക് ആശുപത്രി ബത്തേരി, വൈത്തിരി, കുടുംബാരോഗ്യ കേന്ദ്രം അപ്പപ്പാറ,
പ്രാഥമികാരോഗ്യകേന്ദ്രം കുറുക്കൻമൂല, സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി, പ്രാഥമികാരോഗ്യകേന്ദ്രം വരദൂർ, കുടുംബാരോഗ്യ കേന്ദ്രം പൊഴുതന എന്നീ സർക്കാർ സ്ഥാപനങ്ങളും മേപ്പാടി വിംസ് സ്വകാര്യ മെഡിക്കൽ കോളേജുമാണ് വിതരണ കേന്ദ്രങ്ങൾ ആയി തിരഞ്ഞെടുത്തത്.

12010 പേരാണ് ഇതുവരെ ജില്ലയിൽ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തത്.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മുന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.

ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. വാക്‌സിന്‍ എത്തിയത് ആശ്വാസകരമാണെന്നും അടുത്ത ദിവസം തന്നെ വിതരണ കേന്ദ്രങ്ങളിൽ വാക്‌സിന്‍ എത്തിക്കുമെന്നും ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു.

ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും വാക്സിൻ വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും വാക്സിൻ എടുക്കാൻ വരുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *