മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
മാനന്തവാടി പുതുശേരിയിൽ തോമസിനെ ആക്രമിച്ച കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. മാനന്തവാടി താലൂക്കിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കടുവഭീതി തുടരുന്നതിനാൽ ഇന്ന് തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്‌കൂളുകൾക്കും ജില്ലാ കലക്ടർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമങ്ങൾ തുടരുകയാണ്. കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂടും വിവിധയിടങ്ങളിലായി ഏഴ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. മുത്തങ്ങ ആനപന്തിയിൽ നിന്ന് ഇന്നലെ എത്തിച്ച കുങ്കിയാനയെയും ഇന്ന് തിരച്ചിലിന് ഇറക്കും.
ആർആർടി ഉൾപ്പടെ വനം വകുപ്പിന്റെ വലിയ സംഘം കടുവയെ പിടികൂടാനുള്ള ദൗത്യത്തിലുണ്ട്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച്
പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം.