അടുത്ത തിരഞ്ഞെടുപ്പിൽ പഴയതുപോലെ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല, പ്രതിപക്ഷം ഒന്നിച്ചു നിൽക്കണം; ശശി തരൂർ
അടുത്ത തിരഞ്ഞെടുപ്പിൽ പഴയതുപോലെ ബി ജെ പി ക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താമെന്നും ശശി തരൂർ എം.പി. കേരള പര്യടനമല്ല ഇപ്പോൾ താൻ നടത്തുന്നത്. കേരളം തൻ്റെ കർമ്മഭൂമിയാണ്. ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ചെയ്യേണ്ടത്. ആരാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
ഇന്ന് ചേർന്ന കെപിസിസി എക്സിക്യൂട്ടീവിൽ കോൺഗ്രസ് എം.പി ടി എൻ പ്രതാപന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇനി സ്ഥാനാർത്ഥിയാകാനില്ലെന്ന് പറയാൻ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ എവിടെ മൽസരിക്കുമെന്ന് പറയുന്നതും പകരക്കാരനെ കണ്ടെത്തുന്നതും നോക്കി നിൽക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തുറന്നടിച്ചു. സംഘടനയെ നോക്കുകുത്തിയാക്കുന്നത് ആരായാലും വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്. ഇനി ലോക്സഭാ സ്ഥാനാർത്ഥിയാകാനില്ലെന്നും പകരക്കാരെ കണ്ടെത്തണമെന്നുമുള്ള തരത്തിൽ എൻ പ്രതാപൻ പരാമർശം നടത്തിയിരുന്നു. ഇതിനെയാണ് കെ.സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു. സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആര്, എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ ചോദിച്ചു.
പുനഃസംഘടനയിൽ വീഴ്ച പാടില്ലെന്നാണ് നിർവാഹക സമിതി യോഗത്തിൽ അംഗങ്ങൾ വ്യക്തമാക്കിയത്. സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ വേണ്ടെന്ന് എ കെ ആന്റണി തുറന്നടിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാർട്ടി തന്നെ പ്രഖ്യാപിക്കുന്നതാണ് കോൺഗ്രസിലെ രീതി.
അത് എല്ലാവർക്കും ബാധകമെന്നും ശശി തരൂരിനെ ഉന്നമിട്ട് ആന്റണി സൂചിപ്പിച്ചു.
സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവിൽ എ കെ ആന്റണി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോൾ ചർച്ചകൾ വേണ്ടെന്നും സ്ഥാനാർതിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കി. മടുത്തുവെങ്കിൽ എം പിമാർക്ക് മാറിനിൽക്കാമെന്നും, പക്ഷെ അന്തിമ തീരുമാനം സ്വയം പ്രഖ്യാപിക്കണ്ടെന്നും എം എം ഹസ്സൻ തുറന്നടിച്ചു.