കുറുവദ്വീപും സൂചിപ്പാറയും തുറന്നു
കല്പറ്റ: രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവ ദ്വീപും സൂചിപ്പാറയും സഞ്ചാരികൾക്കായി തുറന്നു. ശനിയാഴ്ച തുറക്കുമെന്നറിഞ്ഞതോടെ രാവിലെ മുതൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെത്തിച്ചേർന്നിരുന്നു. അതേസമയം സൂചിപ്പാറ കാണാനെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും കുറവുണ്ടായി. രണ്ടു കേന്ദ്രങ്ങളിലുമെത്തിയ വിനോദസഞ്ചാരികൾ ഭൂരിപക്ഷവും സംസ്ഥാനത്തിനകത്തു നിന്നുള്ളവർതന്നെയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുള്ളതാണ് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെത്താത്തതിന് കാരണം. വിനോദകേന്ദ്രങ്ങൾക്ക് സമീപത്തെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്നവർക്കും പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്.
വ്യാപാര സ്ഥാപനങ്ങളും തുറക്കാനുള്ള തയ്യാറെടുപ്പിലാണ്.
കുറുവദ്വീപിൽ ഒരു ദിവസം 1150 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആദ്യ ദിവസംതന്നെ 1100 സഞ്ചാരികളെത്തി. മാനന്തവാടി ഡി.ടി.പി.സി.യുടെ അധീനതയിൽ പാൽവെളിച്ചം വഴിയും വനംവകുപ്പിന്റെ കീഴിൽ പാക്കം വഴിയുമാണ് കുറുവദ്വീപിലേക്കുള്ള പ്രവേശനം. രാവിലെതന്നെ രണ്ടുവഴികളിലും സഞ്ചാരികളെത്തിയിരുന്നു. സഞ്ചാരികൾക്കായി മൂന്ന് ചങ്ങാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരുസമയം 15 പേരെയാണ് ചങ്ങാടത്തിൽ കയറ്റുന്നത്.
ഒരു ദിവസം 1200 പേർക്ക് പ്രവേശനമുണ്ടെങ്കിലും സൂചിപ്പാറ കാണാൻ ആദ്യ ദിവസം 450 പേരാണ് എത്തിച്ചേർന്നത്. വേനൽക്കാലത്ത് സൂചിപ്പാറയിൽ വെള്ളം കുറവായതിനാലാണ് അധികം സഞ്ചാരികളെത്താത്തത്. പൊതുപരീക്ഷകൾ കഴിഞ്ഞ് അവധിക്കാലം തുടങ്ങുന്നതോടെ സൂചിപ്പാറയിൽ കൂടുതൽ സഞ്ചാരികളെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂചിപ്പാറ തുറന്ന് പ്രവർത്തിച്ചിരുന്നപ്പോൾ അധികവും സ്കൂളുകളിൽ നിന്ന് പഠനയാത്രയ്ക്കായുള്ള വിദ്യാർഥികളാണ് എത്തിയിരുന്നത്. ഇത്തവണ പരീക്ഷ വൈകി തുടങ്ങിയതും കോവിഡും കാരണം വിദ്യാർഥികളെത്തുന്നത് കുറയും.
നിലവിൽ സൂചിപ്പാറയിൽ വെള്ളച്ചാട്ടം കാണുന്നതിന് പുറമേ ആളുകൾക്ക് വനത്തിനുള്ളിലൂടെ ഒരു കിലോമീറ്റർ നടന്നു കാണാനുള്ള സൗകര്യവുമുണ്ട്. രാവിലെ എട്ട് മണി മുതൽ പ്രവേശനം അനുവദിക്കുന്നുണ്ട്. ഒരു മണിക്കൂറിൽ 200 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ 46 ഗൈഡുകളെയാണ് സൂചിപ്പാറയിൽ നിയോഗിച്ചിരിക്കുന്നത്.
മേപ്പാടി-ചൂരൽമല റോഡിന്റെ പണി പൂർത്തിയാവാത്തത് സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. മാത്രമല്ല, സൂചിപ്പാറ റോഡ് പകുതിയും കുണ്ടും കുഴിയും നിറഞ്ഞ് കാൽനടയാത്രപോലും പറ്റാത്ത സ്ഥിതിയിലായിരിക്കുകയാണ്. ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ സഞ്ചാരികളെത്തുന്നത് കുറയാൻ സാധ്യതയുണ്ട്. കാട്ടുതീ സാധ്യതയുള്ളതിനാൽ രണ്ടുവർഷമായി അടഞ്ഞു കിടന്നിരുന്ന ചെമ്പ്ര മഴക്കാലമാകുന്നതോടെയേ തുറക്കുകയുള്ളുവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മീൻമുട്ടിയിൽ വെള്ളം കുറഞ്ഞതിനാൽ ഇത് തുറക്കുന്നതും വൈകും. തുടങ്ങിവെച്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുമുണ്ട്.