ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനത്ത് നാളെ മുതൽ തുറക്കും
സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽ സ്‌റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാളെ മുതൽ തുറക്കുക. നവംബർ ഒന്ന് മുതലാണ് ബീച്ചുകൾ തുറക്കുക
കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചു കൊണ്ട് രണ്ട് ഘട്ടമായാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കും
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഒരാഴ്ച വരെയുള്ള ഹ്രസ്വ സന്ദർശനത്തിന് ക്വാറന്റൈൻ നിർബന്ധമില്ല. പുറത്തു നിന്നെത്തുന്ന സഞ്ചാരികൾ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴ് ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ പരിശോധനക്ക് വിധേയമാകണം.
കൊവിഡ് രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശമുണ്ട്. മാസ്‌ക് നിർബന്ധമായും ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കണം. രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. നിശ്ചിത ഇടവേളകളിൽ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കണം.
ഹോട്ടൽ ബുക്കിംഗും വിനോദ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് എടുക്കുന്നതും ഓൺലൈൻ സംവിധാനത്തിലൂടെയാകണം. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും പുതിയ ഉത്തരവിൽ അനുമതിയുണ്ട്.