കൊവിഡ് രൂക്ഷമാകുന്നു: സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ അവ്യക്തത; ഓൺലൈൻ ക്ലാസുകൾ തുടരും
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണയും അധ്യയന വർഷം മുടങ്ങിയേക്കും. ജൂണിൽ സ്‌കൂളുകൾ തുറക്കാനുള്ള സാധ്യത മങ്ങുകയാണ്. മെയ് മാസത്തിലെ രോഗ പകർച്ച കൂടി കണക്കിലെടുത്ത ശേഷമാകും അന്തിമ തീരുമാനം. പുതിയ അധ്യയന വർഷത്തിന്റെ ആദ്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ തന്നെ നടത്തും
സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാംവരവ് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുകയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയേക്കില്ല. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കി ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ് പ്രധാന പരിഗണന നൽകുന്നത്. മെയ് 14 മുതൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷാ മൂല്യനിർണയം. മെയ് 5 മുതൽ ജൂൺ 10 വരെയാണ് പ്ലസ് ടു മൂല്യനിർണയം
പ്ലസ് വൺ വിദ്യാർഥികളുടെ പരീക്ഷാ നടത്തിപ്പിലും അവ്യക്തത തുടരുകയാണ്. ക്ലാസുകൾ പൂർത്തിയായിട്ടില്ല. നിരവധി പാഠഭാഗങ്ങൾ എടുത്തു തീർക്കേണ്ടതുണ്ട്. മെയിൽ പുതിയ സർക്കാർ വന്നതിന് ശേഷമാകും ഇക്കാര്യങ്ങളിലെല്ലാം നയപരമായ തീരുമാനമെടുക്കുക.