Thursday, October 17, 2024
Wayanad

സംസ്ഥാനതല പ്രഫഷണൽ നാടകമത്സര വിജയികളെ പ്രഖ്യാപിച്ചു

സുൽത്താൻബത്തേരി: നഗരസഭയും, കേരള അക്കാദമിയും, സുൽത്താൻബത്തേരി പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രഫഷണൽ നാടകമത്സര വിജയികളെ പ്രഖ്യാപിച്ചു. വള്ളുവനാട് ബ്രഹ്‌മയുടെ രണ്ടുനക്ഷത്രങ്ങളാണ് മികച്ച നാടകം. ഇതിലെ അഭിനയത്തിന് ജോൺസൺ ഐക്കരെയെ മികച്ച നടനായും, നാടകം സംവിധാനം ചെയ്ത രാജേഷ് ഇരുളം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മികച്ച നാടക രചനയക്കുള്ള അവാർഡും രണ്ടുനക്ഷത്രങ്ങൾ എഴുതിയ ഹേമന്ത്കുമാർ നേടി.
   മികച്ച നടി, മികച്ച രണ്ടാമത്തെ നാടകം, മികച്ചരണ്ടാമത്തെ നടൻ എന്നിവ കൊല്ലം ആവിഷ്‌ക്കാരയുടെ  ദൈവംതൊട്ടജീവിതം നേടി. ഇതിലെ അഭിനയത്തിന് അടൂർ ഓമനയെ മികച്ച നടിയായും, മികച്ച രണ്ടാമത്തെ നടനായി ചൂനാട് ശശിയെയും തെരഞ്ഞെടുത്തു. ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യമാണ് ജനപ്രിയ നാടക്ത്തിനും, രംഗസജ്ജീകരണത്തിനുള്ള അവാർഡിനുമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച രണ്ടാമത്തെ നടി തിരുവനന്തപുരം ശ്രീനന്ദയുടെ ബാലരമയിൽ അഭിനയിച്ച ജയശ്രീ മധുക്കുട്ടനാണ്. ഇതിലെ ഗാനങ്ങൾ ഗാനങ്ങൾ രചിച്ച രമേശ് കാവിലിന് ഗാനരചനയ്ക്കുള്ള അവാർഡിനും, മികച്ച ഗായികയായി ഈ നാടകത്തിലെ ഗാനാലപനത്തിലൂടെ വൈക്കം വിജയലക്ഷ്മിയെയും തെരഞ്ഞെടുത്തു.
കൊല്ലം അയനയുടെ ഒറ്റവാക്കിലെ അഭിനയത്തിന് മികച്ച ഹാസ്യനടനായി കെപിഎസി രാജഗോപാലും, രംഗപടസജ്ജീകരണത്തിനുള്ള അവാർഡ് വളളുവനാട് നാദത്തിന്റെ പ്രകാശംപരത്തുന്ന വീട് നാടകത്തിലൂടെ വിജയൻ കടമ്പേരിയും, ദീപസംവിധാനത്തിനുളള അവാർഡ് കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആനയിലൂടെ രാജേഷ് ഇരുളത്തെയും തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം അനശ്വരയുടെ അമ്മ മനസ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിനും അർഹമായി.  
  വേലായുധൻ കോട്ടത്തറ, അശോകൻ ബത്തേരി, വിനയകുമാർ അഴിപ്പുറത്ത്, സി പി വർഗീസ്, ജേക്കബ് ബത്തേരി, ജോസഫ് നടവയൽ, ഫാ. ജെയ്‌സ് പൂതക്കൂഴി എന്നിവരായിരുന്ന വിധികർത്താക്കൾ.
   വിജയികൾക്ക് അടുത്തമാസം ആദ്യവാരം സിനിമ, സാംസ്‌കാരിക രാഷ്ട്രീമേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്നും നഗരസഭ ചെയർമാൻ ടി കെ രമേശ്, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺമാരായ ടോംജോസ്, കെ റഷീദ്, കേരള അക്കാദമി ഓഫ് എഞ്ചീനിയറിങ് ഡയറക്ടർ ജേക്കബ് സി വർക്കി, പൾസ് കോ- ഓർഡിനേറ്റർ ഇ ജി വിനോദ്, യൂണിയൻ ചെയർമാൻ നോയൽ ബിജു എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.