Thursday, October 17, 2024
Kerala

ദേശീയ തലത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസ്ഥാനത്ത് ഇപ്പോൾ കോൺഗ്രസ് ഇല്ല; ലീ​ഗ് എം.പി പി.വി അബ്ദുൾ വഹാബ്

എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണത്തിൽ കോൺഗ്രസ്സിനെതിരെ ശക്തമായ വിമർശനവുമായ് പി.വി അബ്ദുൾ വഹാബ് എം.പി. ദേശീയ തലത്തിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃസ്ഥാനത്ത് ഇപ്പോൾ കോൺഗ്രസ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പഴയത് പോലെ പ്രതിപക്ഷ നിരയിൽ ഇപ്പോൾ ദേശീയ തലത്തിൽ ഒരുമ ഇല്ലാത്ത സ്ഥിതിയാണ്. എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോൺഗ്രസ് അംഗങ്ങൾ രാജ്യ സഭയിൽ ഇല്ലാതിരുന്നത് വലിയ വീഴ്ചയാണെന്നും താൻ അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും പി.വി. അബ്ദുൾ വഹാബ് വ്യക്തമാക്കി.

ലീ​ഗിന്റെ വിമർശനങ്ങൾ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. എകസിവിൽ കോഡിലെ സ്വകാര്യ ബില്ലവതരണ സമയത്ത് കോൺഗ്രസ് അംഗങ്ങൾ രാജ്യ സഭയിൽ ഉണ്ടായിരുന്നില്ലെന്ന പ്രചരണം തെറ്റാണെന്ന് ജെബി മേത്തർ എം.പി 24 നോട് പറഞ്ഞു. ബില്ലിനെതിരെ താനും മറ്റ് കോൺഗ്രസ് അംഗങ്ങളും സഭയിൽ സംസാരിച്ചത് പിന്നെ എങ്ങനെയെന്ന് ജെ.ബി മേത്തൽ എം.പി ചോദിച്ചു. അബ്ദുൾ വഹാബ് എം.പി നടത്തിയ വിമർശനങ്ങളുടെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോൺഗ്രസ് എതിർത്തില്ല എന്ന വിമർശനമാണ് ലീഗ് എംപി അബ്ദുൾ വഹാബ് ഉന്നയിച്ചത്. ബില്ലിനെ എതിർക്കാൻ ഒരു കോൺഗ്രസ് അംഗം പോലും ഇല്ലാത്തത് വിഷമിപ്പിക്കുന്നുവെന്ന് ലീഗ് എംപി അബ്ദുൽ വഹാബ് പറഞ്ഞു. ലീഗ്, സിപിഐഎം അംഗങ്ങളാണ് ഏക സിവിൽ കോഡ് ബില്ലിനെ എതിർത്ത് രം​ഗത്തെത്തിയത്.

ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി സഭയിലെത്തിയപ്പോൾ എതിർക്കാൻ ഒരു കോൺഗ്രസ് എംപിയെപ്പോലും കണ്ടില്ലെന്ന കടുത്ത വിമർശനമാണ്എ പി അബ്ദുൾ വഹാബ് എംപി ഉന്നയിച്ചത്. ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബിജെപി അംഗമായ കിരോഡിലാൽ മീന അനുമതി തേടിയപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാജ്യസഭാംഗങ്ങളായി ഉണ്ടെന്നിരിക്കെ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ആരും സഭയിലില്ലാതിരുന്നതാണ് ലീഗ് എംപിയെ ചൊടിപ്പിച്ചത്.

ബില്ലിനെ എതിർത്ത് അബ്ദുൾ വഹാബ് എംപി സംസാരിച്ചിരുന്നു. ബില്ല് അവതരണത്തെ എതിർക്കുന്നതിനിടെയാണ് ഒരു കോൺഗ്രസ് എംപി പോലും സഭയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതും ശക്തമായി വിമർശിച്ചതും. ഇത് ദൗർഭാഗ്യകരമാണെന്നും വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുൾ വഹാബ് എംപി സംസാരിക്കുന്നതിനിടെ കേരളത്തിൽ കോൺഗ്രസും ലീഗും ഒരുമിച്ചാണെന്ന കാര്യം ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. ഞങ്ങൾ മാർക്‌സിസ്റ്റുകൾക്കും എതിരാണെന്നായിരുന്നു അബ്ദുൾ വഹാബിന്റെ ഇതിനുള്ള മറുപടി. ഇതിന് ശേഷമാണ് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എംപി ബില്ലിനെ എതിർത്ത് സംസാരിച്ചത്.

Leave a Reply

Your email address will not be published.