Thursday, January 2, 2025
Wayanad

എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവം: അഞ്ച്‌ വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനം

കൽപ്പറ്റ : വയനാട്ടിൽ എസ്എഫ്ഐ നേതാവ് അപർണ്ണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ മേപ്പാടി പോളി ടെക്നിക്‌ കോളേജിലെ അഞ്ച്‌ വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനം. മൂന്നാം വർഷ വിദ്യാർഥികളായ അഭിനന്ദ്‌, അഭിനവ്‌, കിരൺ രാജ്‌, അലൻ ആന്റണി, മുഹമ്മദ്‌ ഷിബിലി എന്നിവരെയാണ്‌ കോളേജിൽനിന്ന്‌ പുറത്താക്കുക. ഇവർ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം.

മേപ്പാടി പോളിടെക്‌നിക് കോളേജിലുണ്ടായ ആക്രമണത്തിൽ എസ്എഫ്ഐ നേതാവ് അപ‍ര്‍ണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.

കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്. ഈ കേസില്‍ അഭിനവ് ഉള്‍പ്പെട നാല്‍പതോളം പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *