Monday, April 14, 2025
Kerala

എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് പിന്നാലെ അലൻ ഷുഹൈബ് പൊലീസ് കസ്റ്റഡിയിൽ; റാഗ് ചെയ്തെന്ന് പരാതി

കണ്ണൂർ: പാലയാട് ക്യാമ്പസിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി തടവിൽ കഴിഞ്ഞ വിദ്യാർത്ഥി അലൻ ഷുഹൈബ്. എന്നാൽ ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിനെ അലൻ ഷുഹൈബ് റാഗ് ചെയ്യുകയായിരുന്നെന്നും എസ്എഫ്ഐ ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും യൂണിറ്റ് സെക്രട്ടറി പറഞ്ഞു. പരിക്കേറ്റ അഥിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ധർമടം പൊലീസ് അലൻ ഷുഹൈബിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പൊലീസ് പിന്നീട് വിശദീകരിച്ചു.

കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായി എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് അലൻ ഷുഹൈബ് ആരോപിക്കുന്നുണ്ട്.

ഇന്ന് രാവിലെ മുതൽ പാലയാട് ക്യാംപസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന റാഗിംഗുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. 

തന്നെയും മറ്റ് വിദ്യാർത്ഥികളെയും എസ്എഫ്ഐ പ്രവർത്തകർ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് അലൻ ഷുഹൈബിന്റെ ആരോപണം. എന്നാൽ അലൻ ഷുഹൈബ്, അഥിനെ റാഗ് ചെയ്തത് ചോദ്യം ചെയ്യാൻ എസ്എഫ്ഐ പ്രവർത്തകർ പോയ ഘട്ടത്തിൽ അലൻ ഷുഹൈബുമായി വാക്കുതർക്കമുണ്ടാവുകയും ഇതേ തുടർന്ന് അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *