വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍
കല്‍പ്പറ്റ: വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ് ബിന്ദു ടീച്ചര്‍ എന്നിവര്‍ പറഞ്ഞു. വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. തെരഞ്ഞെടുപ്പ് വരെ മാത്രമെ രാഷ്ട്രീയമുള്ളൂ. ജനങ്ങള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധികളാണ് തങ്ങള്‍. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും പദ്ധതികള്‍ രൂപീകരിക്കുക. കാര്‍ഷിക മേഖലയിലൂടെ വയനാടിന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. പിന്നാക്ക ജില്ലയെന്ന വയനാടിന്റെ പേര് മാറ്റാനായിരിക്കും തങ്ങളുടെ പരിശ്രമം. വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസായ ടൂറിസം മേഖലയെ കാര്‍ഷിക മേഖലയുമായി ബന്ധിപ്പിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. കര്‍ഷകരാണ് നമ്മുടെ നട്ടെല്ല്. അവരിപ്പോള്‍ പ്രതീക്ഷയറ്റവരായി മാറിയിരിക്കുകയാണ്. ഈ ഒരവസ്ഥയില്‍ നിന്നും അവരെ തിരികെ കൊണ്ട്‌വരണം. അതിനായി ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തില്‍ കാര്‍ഷിക മേഖലക്കും പ്രാധാന്യം ലഭിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ കൊണ്ടുവരും. കാര്‍ഷിക മേഖല, ടൂറിസം, കായികം, ആരോഗ്യം, വിദ്യഭ്യാസം, വന്യമൃഗശല്യ പരിഹാരം, ദളിത് ആദിവാസി മേഖല തുടങ്ങി വിവിധ മേഖലകളിലും നടപ്പാക്കേണ്ട സ്വപ്നപദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ആലോചിച്ച് വരികയാണ്. വയനാട്ടില്‍ ഐ.എ.എസ് അക്കാദമിയെന്നത് തന്റെ സ്വപ്നപദ്ധതിയാണെന്നും അതിനായി വിശദമായ ഒരു പ്രൊപോസല്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാവും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. 30 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കാണ് ഇത്തരത്തില്‍ രൂപം നല്‍കുക. പാരമ്പര്യ വൈദ്യന്മാരെ കൂടുതല്‍ പ്രോത്സാഹനം നല്‍കി അവരെ ടൂറിസവുമായി ബന്ധിപ്പിക്കും. കാര്‍ഷിക വിളകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കാന്‍ പഞ്ചായത്തുകളെ ഒത്തൊരുമിപ്പിച്ച് കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ സ്വീകരിച്ച് അവ സംസ്‌കരിച്ച് ബ്രാന്‍ഡ് ചെയ്യാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാവുന്ന മാതൃകകള്‍ ആദ്യം പഠിച്ചശേഷം പദ്ധതി നടപ്പിലാക്കും. കായികമേഖലയില്‍ കരുത്തുറ്റ യുവത വയനാട്ടിലുണ്ട്. അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കി വയനാടിന്റെയും രാജ്യത്തിന്റെയും അഭിമാനങ്ങളായി ഉയര്‍ത്തുമെന്നും സംഷാദ് കൂട്ടിച്ചേര്‍ത്തു. സുതാര്യമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം ഗുണഭോക്താക്കളുടെ അഭിപ്രായം കൂടി തേടി അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്ന് വൈസ് പ്രസിഡന്റ് എസ് ബിന്ദു ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും ഒരുപോലെ പരിഗണിച്ചായിരിക്കും ഭരണം. ആദിവാസി മേഖലയില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും മുന്‍ഗണന നല്‍കുമെന്നും അവര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയിയും പരിപാടിയില്‍ പങ്കെടുക്കു. വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും വൈസ് പ്രസിഡന്റ് നീനു മോഹന്‍ നന്ദിയും പറഞ്ഞു.