Saturday, April 12, 2025
Wayanad

ആരാകും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്..?

കൽപ്പറ്റ: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് ആര് ഭരിക്കും എന്നത് നറുക്കെടുപ്പിന് ആശ്രയിച്ചു നിൽക്കുമ്പോൾ പ്രസിഡന്റ് സ്ഥാനാർത്ഥികൾ ആരൊക്കെയാവും എന്നതിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളിലാണുമുന്നണികൾ.

രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനയനുസരിച്ച് ഇടതുമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജുനൈദ് കൈപ്പാണി ആവാനാണ് സാധ്യത. കാൽനൂറ്റാണ്ടായി യുഡിഎഫിനെ മാത്രം തുണച്ചിട്ടുള്ള വെള്ളമുണ്ടയെന്ന ലീഗ് കോട്ട തകർത്ത്കൊണ്ട് ലീഗ് ജില്ലാ നേതാവ് പി കെ അസ്മത്തിനെതിരെ
അട്ടിമറി വിജയവുമായി എത്തിയ ജുനൈദിനെ കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകൾ വന്ന് കൊണ്ടിരിക്കുന്നു. നെറുക്കെടുപ്പിന്റെ ഭാഗ്യം ഇടതിനെ തുണക്കാൻ ജുനൈദിനെ തന്നെ ഇറക്കണമെന്നാണ് ആകെയുള്ള അഭിപ്രായം. ലീഗിന്റെ ഉരുക്ക് കോട്ടയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണം പോലും എൽ.ഡി.എഫിന് ലഭിക്കാൻ ജുനൈദിന്റെ സ്ഥാനാർത്ഥിത്വം പ്രയോജനം ചെയ്തു എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

രാഷ്ട്രീയാതീതമായി സർവ്വ സമ്മതനായ ജുനൈദ്
വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലും തിളക്കമാർന്ന വ്യക്തിത്വമാണ്. ദേശീയ തലത്തിൽ പ്രവർത്തന പരിചയമുള്ള ജുനൈദിനെ പോലുള്ള ഒരു യുവ നേതാവിനെ ജില്ലാ ഭരണ നേതൃത്വം ഏൽപ്പിക്കുന്നത്
വികസനരംഗത്ത് ഉണർവേകുന്നതിനും
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ യുവ വോട്ടർമാരെ കൂടുതൽ മുന്നണിയിലേക്ക് അടുപ്പിക്കുന്നതിനും വഴിയൊരുക്കുമെന്ന് വിലയിരുത്തലുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഉറച്ച പ്രതീക്ഷകളുമായി എത്തിയ കെ.എൽ. പൗലോസിനും പി.കെ. അസ്മത്തിനും ഒരുമിച്ച് അടിപതറിയതിന്റെ
ആഘാതത്തിൽ തന്നെയാണ്
ഇപ്പോഴും യുഡിഎഫ് കേന്ദ്രങ്ങൾ. നിലവിലുള്ള പ്രസിഡന്റ് കെ.ബി. നസീമയ്‌ക്കുവേണ്ടി ലീഗിൽ
ചരടുവലികൾ നടക്കുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വത്തിൽ പലർക്കും താൽപര്യം ഇല്ലെന്നാണ് വിവരം.
പടിഞ്ഞാറത്തറയിൽ നിന്നുള്ള
എം. മുഹമ്മദ് ബഷീറിന്റെ പേരും സജീവ ചർച്ചയിൽ കേൾക്കുന്നു.

മുട്ടിലിൽ നിന്ന് വിജയിച്ച യുവനേതാവ് സംഷാദ്‌ മരക്കാർ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായേക്കും.
ഏതായാലും അടുത്ത ദിവസങ്ങളിലെ തിരക്കുപിടിച്ച രാഷ്ട്രീയ നീക്കങ്ങളിൽ നിന്ന് മാത്രമേ അന്തിമപ്പട്ടിക
ലഭ്യമാകുകയുള്ളൂ. ആകെയുള്ള പതിനാറ് സീറ്റിൽ എട്ടിടത്ത് യു.ഡി.എഫും എട്ട്ടത്തു എൽ.ഡി.എഫുമാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *