വയനാട്ടിൽ മന്ത്രവാദത്തിന്‍റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം
കൽപ്പറ്റ: മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വള്ളിയൂർക്കാവ് കണ്ണിവയൽ ആദിവാസി കോളനിയിലെ വിനീത് (43) ആണ് അറസ്റ്റിലായത്. മറ്റൊരു പെൺകുട്ടിയെ സമാന രീതിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും കയറി പിടിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്.പ്രതി വർഷങ്ങളായി മന്ത്രവാദ ക്രിയകൾ നടത്തിവന്നിരുന്നതായി കോളനിക്കാർ പറയുന്നുണ്ട്. ബാധയൊഴിപ്പിക്കലും, ദുർമന്ത്രവാദവുമായിരുന്നു മുഖ്യ പരിപാടി. ഇതിന്റെ മറവിലാണ് ഇയ്യാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വർഷം അവസാനം ബാധ ഒഴിപ്പിക്കലിനിടെ കുട്ടിയെ പൂർണ്ണ നഗ്നയാക്കി മാനഹാനി വരുത്തിയ ഇയാൾ ഈ മാസം തുടക്കത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത്.
തുടർന്ന് 17 വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ അടുത്ത ദിവസം കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടികൾ സംഭവം ബന്ധുക്കളെ അറിയിക്കുകയും പോലീസിൽ പരാതി എത്തുകയുമായിരുന്നു. പ്രതി വേറെ കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്നുള്ള കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.