പ്രഭാത വാർത്തകൾ
🔳ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ രംഗത്ത്. ഒമിക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് അഥാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടികാട്ടി. അങ്ങനെ വന്നാല്‍ ആരോഗ്യമേഖല തകരുമെന്നും ഇപ്പോള്‍ തന്നെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖലയെ കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞുവെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ ഇനിയും തിരിച്ചടിയുണ്ടായാല്‍ താങ്ങില്ലെന്നും ടെഡ്രോസ് അഥാനോം പറയുന്നു.
🔳അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആഗോളതലത്തില്‍ ഇന്നലെ മാത്രം 15 ലക്ഷത്തിലധികം രോഗികള്‍. ഇതില്‍ അമേരിക്കയില്‍ മാത്രം 5 ലക്ഷത്തിലധികം രോഗികള്‍. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും രണ്ട് ലക്ഷത്തിലധികവും സ്പെയിനിലും ഇറ്റലിയിലും ഒരു ലക്ഷത്തിലധികവും രോഗികള്‍.
🔳ഒമിക്രോണ്‍ വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. വൈറസിന്റെ വ്യാപനവും ഉയരുന്ന നാണയപ്പെരുപ്പവും 2022 ല്‍ വളര്‍ച്ചയെ ബാധിക്കാനിടയുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഏപ്രില്‍ മെയ് മാസങ്ങളിലെ ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിരുന്നു. സമാന വെല്ലുവിളിയാണ് ഒമിക്രോണ്‍ ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
🔳രാജ്യത്ത് കൊവിഡ് 19 കേസുകള്‍ വീണ്ടും ഉയരാനിടയുണ്ടെന്ന സൂചന നിലനില്‍ക്കേ മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. ഇത് ആശങ്കാജനകമായ സാഹചര്യമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ് അറിയിച്ചു. കൊവിഡ് 19 പരത്തുന്ന ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമിക്രോണ്‍ നിലവില്‍ വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളിലെ വര്‍ധനവ്.
🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം നീട്ടിവച്ചു. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി.
🔳സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ ഏര്‍പ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ദേവാലയങ്ങള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍. രാത്രി പത്ത് മുതല്‍ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
🔳ഒന്നര മാസത്തിനുള്ളില്‍ കേരളത്തില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍. ഒന്നര മാസത്തിനുള്ളില്‍ ദിവസവും 25,000-ത്തിന് മുകളില്‍ കേസുകള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.
🔳കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വണ്ടും സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഹൈക്കോടതി അയച്ച നോട്ടീസ് ഗവര്‍ണര്‍ സര്‍ക്കാരിലേക്ക് അയച്ചു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
🔳മുസ്ലീം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുന്നുവെന്നും തീവ്രവര്‍ഗീയതയുടെ കാര്യത്തില്‍ എസ്ഡിപിഐയോട് ലീഗ് മത്സരിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. വര്‍ഗീയതക്കെതിരെ നിലപാട് സ്വീകരിക്കാനാകാത്തതിനാല്‍ കോണ്‍ഗ്രസ് ശോഷിച്ചുവെന്നും ഇത് ലീഗിനും സംഭവിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
🔳സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധഭീഷണി അപലപനീയമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. പരസ്പരം സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഭീഷണിക്ക് കൂട്ടുനില്‍ക്കില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്നും വധഭീഷണി നടത്തുന്നവരെ കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
🔳കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സര്‍ക്കാര്‍ പദ്ധതികള്‍. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആര്‍ക്കൊക്കെ നഷ്ടങ്ങള്‍ സംഭവിക്കുന്നുവോ അവര്‍ക്കൊപ്പം ഇടത് സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳അര്‍ധ അതിവേഗ തീവണ്ടിയായ കെ-റെയിലിന്റെ പരിപാലനത്തിന് ഒരുവര്‍ഷത്തെ ചെലവ് 542 കോടി രൂപവരുമെന്ന് വിശദ പദ്ധതിരേഖയില്‍ പറയുന്നു. കോച്ചിന്റെയും പാളത്തിന്റെയും അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, എന്നിവ ഉള്‍പ്പെടെയാണിത്. പത്തുവര്‍ഷത്തിനുശേഷം 694 കോടി രൂപയായി ചെലവ് ഉയരും. ആദ്യഘട്ടത്തില്‍ 3384 ജീവനക്കാരെ നേരിട്ടും 1516 പേരെ പരോക്ഷമായും നിയമിക്കേണ്ടിവരും. 2025-26-ല്‍ 2,276 കോടി രൂപ ടിക്കറ്റ് വരുമാനം പ്രതീക്ഷിക്കുന്നുവെന്നും വിശദപദ്ധതിരേഖ പറയുന്നു.
🔳കെ റെയില്‍ വിഷയത്തില്‍ സംഘടനയെ സര്‍ക്കാരും സിപിഎമ്മും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി. കെ – റെയില്‍ വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമി ഇതുവരെ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ നിലപാട് പ്രഖ്യാപിക്കും മുന്‍പേ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘടനയെ വിമര്‍ശിക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്‌മാന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ വിശകലനം ചെയ്ത ശേഷമേ ജമാ അത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കൂവെന്നും എസ്.ഡി.പി.ഐയുമായി ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു ബന്ധവുമില്ലെന്നും മതകൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഇതെല്ലാം തിരുത്തപ്പെടേണ്ടതാണെന്നും മുജീബ് റഹ്‌മാന്‍ പാലക്കാട് പറഞ്ഞു.
🔳കെ റെയില്‍ കേരളത്തിലെ അത്യാവശ്യ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ യുഡിഎഫിന്റേതും ബിജെപിയുടേതും എതിര്‍പ്പ് രാഷ്ട്രീയമെന്നും കോടിയേരി ബാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കാത്ത കോണ്‍ഗ്രസും ബിജെപിയും ഇവിടെ എതിര്‍ക്കുന്നതിന് കാരണം എതിര്‍പ്പ് രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും എല്ലാ വീടുകളിലും പാര്‍ട്ടി പ്രര്‍ത്തകര്‍ എത്തി തെറ്റായ പ്രചരണങ്ങള്‍ക്ക് എതിരെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
🔳പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് സര്‍ക്കാര്‍ വികസന പദ്ധതിയായ കെ റെയിലിന്റെ ഡിപിആര്‍ പൂഴ്ത്തി വെക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം വിദേശ കമ്പനികളുമായിട്ടാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് അറിയിക്കണം. പദ്ധതിക്ക് അനുമതി ലഭിക്കും മുമ്പ് തന്നെ പലരുമായി സര്‍ക്കാര്‍ ധാരണയായിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും കമ്മീഷനടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കെ മുരളീധരന്‍ എംപിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മന്ത്രി വി ശിവന്‍കുട്ടി. കെ മുരളീധരന്‍ എംപി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവകളെന്ന് മന്ത്രി തുറന്നടിച്ചു. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തില്‍ ആണ് കെ മുരളീധരനെന്നും പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടിയില്‍ നോക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. ചൂടുള്ളപ്പോള്‍ കൊവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരന്‍ ഫ്യൂഡല്‍ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
🔳അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.ടി തോമസ് പറയുന്നതും
പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്തത് ബാഹ്യസമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
🔳കേരള കോണ്‍ഗ്രസ് ബി പിളര്‍ത്താന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. പാര്‍ട്ടിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ല. അപ്പകക്ഷ്ണം വീതം വെച്ചപ്പോള്‍ കിട്ടാതെ വന്നവര്‍ക്ക് വിട്ട് പോകാം. കേരള കോണ്‍ഗ്രസ് ഒരു കുടുംബ പാര്‍ട്ടിയല്ലെന്നും ഗണേഷ് അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്ന ഒരു വിഭാഗം കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ പാര്‍ട്ടി ചെയര്‍മാനായി ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ ദാസിനെ തിരഞ്ഞെടുത്തിരുന്നു. ഈ നടപടിയോടാണ് ഗണേഷിന്റെ പരോക്ഷ പ്രചരണം. താന്‍ തന്നെയാണ് പാര്‍ട്ടി ചെയര്‍മാനെന്നും പാര്‍ട്ടി പത്തനാപുരം നിയോജകമണ്ഡലം സമ്മേളനത്തില്‍ ഗണേഷ് പറഞ്ഞു.
🔳സിബിഐയ്ക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചു. സിബിഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് പെണ്‍കുട്ടികളുടെ അമ്മ കത്തില്‍ പറയുന്നത്. പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നല്‍കിയിട്ടും മുഖവിലയ്ക്കെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം നല്കിയതില്‍ ദുരൂഹത നിലനില്‍ക്കുന്നു എന്നും കത്തില്‍ പറയുന്നു.
🔳നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസം ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തല്‍. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ നടന്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.
🔳കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അസാധാരണ പ്രതിസന്ധി. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചു. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് കൈമാറി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചിരുന്നത്. നേരത്തെ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടര്‍ ആരോപിക്കുന്നത്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.
🔳അടുത്ത എട്ടുവര്‍ഷത്തിനിടെ കേരളത്തിലെ അതിഥിതൊഴിലാളികളുടെ എണ്ണം സംസ്ഥാനജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം. 2017-18ല്‍ കേരളത്തില്‍ 31.4 ലക്ഷം അതിഥിതൊഴിലാളികളുണ്ടെന്ന് കണക്കുകൂട്ടിയിരുന്നു. ഇത് 2030-ഓടെ 60 ലക്ഷത്തോളമായി ഉയരുമെന്നാണ് നിഗമനം. അപ്പോള്‍ കേരള ജനസംഖ്യ 3.60 കോടിയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
🔳സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ഒരു വര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഗാനരചയിതാവും, സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.
🔳ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര – ഭക്ഷ്യസംസ്‌കരണ ശൃംഖലയായ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു.
🔳പെട്രോള്‍ വില വെട്ടിക്കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാകുകയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വ്യക്തമാക്കി. ജനുവരി 26 മുതലാണ് വിലക്കിഴിവ് നിലവില്‍ വരിക.
🔳ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അതിര്‍ത്തി കടന്ന് എത്തിയ ഭീകരനാണെന്ന് സുരക്ഷാ സേന അറിയിച്ചു.
🔳ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ ഐ ലീഗ് താത്കാലികമായി മാറ്റിവെച്ചു. ബുധനാഴ്ച ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
🔳ഐഎസ്എല്ലില്‍ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി എടികെ മോഹന്‍ ബഗാന്‍. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി 14 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തേക്ക് കയറി.
🔳സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വിജയപ്രതീക്ഷ. 305 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ക്രീസിലുണ്ട്. അവസാന ദിനം ആറ് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയത്തിലേക്ക് 211 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് ആറ് വിക്കറ്റും.
🔳ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ടി20 താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ഇന്ത്യന്‍ താരങ്ങളാരും പട്ടികയിലില്ല. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക എന്നിവരാണ് പട്ടികയിലുള്ളത്.
🔳കേരളത്തില്‍ ഇന്നലെ 69,852 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 199 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,277 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 121 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2576 പേര്‍ രോഗമുക്തി നേടി. ഇതോടെ 20,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ് 53, പാലക്കാട് 51.
🔳ആഗോളതലത്തില്‍ ഇന്നലെ 15,69,715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 4,56,890 പേര്‍ക്കും ഫ്രാന്‍സില്‍ 2,08,099 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,83,037 പേര്‍ക്കും സ്പെയിനില്‍ 1,00,760 പേര്‍ക്കും ഇറ്റലിയില്‍ 98,030 പേര്‍ക്കും ജര്‍മനിയില്‍ 41,816 പേര്‍ക്കും റഷ്യയില്‍ 21,119 പേര്‍ക്കും തുര്‍ക്കിയില്‍ 36,684 പേര്‍ക്കും അര്‍ജന്റീനയില്‍ 42,032 പേര്‍ക്കും കാനഡയില്‍ 21,658 പേര്‍ക്കും ഗ്രീസില്‍ 28,828 പേര്‍ക്കും ഡെന്‍മാര്‍ക്കില്‍ 22,023 പേര്‍ക്കും പോര്‍ച്ചുഗലില്‍ 26,867 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 28.47 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.69 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6364 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,438 പേരും റഷ്യയില്‍ 932 പേരും ജര്‍മനിയില്‍ 381 പേരും പോളണ്ടില്‍ 794 പേരും ഉക്രെയിനില്‍ 307 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.37 ലക്ഷമായി.
🔳ഈ വര്‍ഷത്തെ മികച്ച സ്മാര്‍ട്ട് ഫോണും ടിവിയും തെരഞ്ഞെടുക്കാന്‍ ആമസോണ്‍ നടത്തിയ കസ്റ്റമേഴ്സ് ചോയിസ് പോളില്‍ നേട്ടമുണ്ടാക്കി ആപ്പിളും സാംസംഗും. സ്മാര്‍ട്ട് ഫോണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് ഐഫോണ്‍ 13 ആണ്. സാംസംഗ് ഗ്യാലക്സി എസ്20 എഫ്ഇ 5ജി ആണ് രണ്ടാം സ്ഥാനത്ത്. മികച്ച ബജറ്റ് ഫോണായി തെരഞ്ഞെടുക്കപ്പെട്ടത് റെഡ്മി 10 പ്രൈം ആണ്. ഈ കാറ്റഗറിയിലും രണ്ടാം സ്ഥാനം സാംസംഗിനാണ്. ഗ്യാലക്സി എം21 ആണ് മികച്ച രണ്ടാമത്തെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍. സാംസംഗിന്റെ 43 ഇഞ്ച് ക്രിസ്റ്റല്‍ 4കെ സീരീസ് അള്‍ട്ര എച്ച്ഡിയാണ് സ്മാര്‍ട്ട് ടിവി ഓഫ് ദി ഇയര്‍. സ്മാര്‍ട്ട് ടിവി രംഗത്തെ പ്രിയപ്പെട്ട ബ്രാന്‍ഡും സാംസംഗ് തന്നെയാണ്. പ്രീമിയം ടിവി, ലാര്‍ജ് സ്‌ക്രീന്‍ സൈസ് എന്നീ കറ്റഗറികളിലും സാംസംഗ് ഒന്നാമതെത്തി.
🔳ബേസില്‍ ജോസഫ് സിനിമ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ , നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും മിന്നല്‍ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റില്‍ മിന്നല്‍ മുരളി നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറുകളോളമാണ് മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തിരിക്കുന്നത്. വിക്കി ആന്‍ഡ് ഹേര്‍ മിസ്റ്ററിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിയും ലിസ്റ്റില്‍ ഉണ്ട്. പത്താം സ്ഥാനത്താണ് ചിത്രം. അതുപോലെ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റുകളില്‍ മിന്നല്‍ മുരളി ഇടം നേടി.
🔳ജാലിയന്‍ കണാരന്‍ എന്ന വേഷപ്പകര്‍ച്ചയിലൂടെ മലയാളി മനസ്സില്‍ സ്ഥാനം പിടിച്ച നടന്‍ ഹരീഷ് കണാരന്‍ തന്റെ മുഖ പുസ്തക പേജിലൂടെ ‘ഉരു’ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറക്കി . സിനിമയില്‍ ഉരു തൊഴിലാളിയും മ്യൂസിക് ബാന്‍ഡ് അംഗവുമായ അജയന്‍ എന്ന കഥാപാത്രത്തിന്റെ റോള്‍ മനോഹരമാക്കിയ അജയ് കല്ലായിയുടെ പോസ്റ്ററാണ് പുതുതായി പുറത്തിറക്കിയത്. ഉരു ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീയേറ്ററുകളിലൂടെ റിലീസ് ചെയ്യും. ഇ എം അഷ്‌റഫ് കഥയും സംവിധാനവും ചെയ്ത ചിത്രത്തില്‍ മാമുക്കോയ , മഞ്ജു പത്രോസ് , കെ യു മനോജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
🔳എക്സയുവി300 പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയില്‍ നിന്നുള്ള സബ്-4 മീറ്റര്‍ മോഡലാണ്. വാഹനം അടുത്ത വര്‍ഷം അതിന്റെ ആദ്യ മിഡ്-ലൈഫ് അപ്‌ഡേറ്റ് സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഏറ്റവും പുതിയ ഡിജിറ്റല്‍ റെന്‍ഡറിംഗ് അതിന്റെ അപ്‌ഡേറ്റ് ചെയ്ത മോഡലിനെ അഞ്ച് തിളക്കമുള്ള നിറങ്ങളില്‍ പ്രിവ്യൂ ചെയ്യുന്നു. റെന്‍ഡര്‍ ചെയ്ത മോഡലില്‍ ബ്രാന്‍ഡിന്റെ പുതിയ ട്വിന്‍ പീക്ക്‌സ് ലോഗോയും കുറച്ച് കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും ഉള്‍പ്പെടുന്നു. പുതിയ 2022 മഹീന്ദ്ര എക്സയുവി300 ഫെയ്സ്ലിഫ്റ്റില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകളും ഉണ്ട്.
🔳വിശ്വപ്രസിദ്ധമായ രാമായണകഥ സീതയുടെ സ്വരത്തില്‍ പുനരവതരിപ്പിക്കുന്നു. ഇതിഹാസകൃതിയെ കൂടുതല്‍ മനസ്സിലാക്കാനും നന്നായി ആസ്വദിക്കാനും സഹായകമായ രചന . സ്ത്രീത്വത്തിന്റെ ധീരതയും ആത്മാഭിമാനവും സ്വാതന്ത്ര്യബോധവും അതിന്റെ തീവ്രതയോടെ സീതാവിചാരങ്ങളില്‍ നിറയുന്നു.
ചിത്ര ബാനര്‍ജി ദിവാകരുണിയുടെ അതുല്യമായ കഥാവിവരണചാതുര്യം ഇതിലുടനീളം അനുഭവിക്കാം. ‘മാസ്മരികതയുടെ വനം’. മനോരമ ബുക്സ്. വില 375 രൂപ.
🔳അയല, മത്തി, ചെമ്പല്ലി തുടങ്ങിയ കടല്‍ മത്സ്യങ്ങള്‍ രുചികരമാണെന്നു മാത്രമല്ല, ആരോഗ്യകരവുമാണ്. ഇവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. കൂടാതെ പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി 6 ഇവയും ഈ മത്സ്യങ്ങളിലുണ്ട്. കടല്‍ മത്സ്യമായ ചെമ്പല്ലി അഥവാ കോര പതിവായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും എന്ന് ഒരു പഠനം തെളിയിച്ചു. ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞു കൂടുന്നതു വഴി ഉണ്ടാകുന്ന അതിറോക്ലീറോസിസ് വരാനുള്ള സാധ്യത കുറയ്ക്കാന്‍ ഈ മത്സ്യത്തിനു കഴിയുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെമ്പല്ലിയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇന്‍ഫ്ലമേഷനെ പ്രതിരോധിച്ച് രോഗസാധ്യത കുറയ്ക്കുന്നത്. ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ മാത്രമല്ല സന്ധികളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെമ്പല്ലിയുടെ ഉപയോഗം സഹായിക്കും. വാള്‍നട്ട്, ചിയ സീഡ്സ്, സോയബീന്‍, ഫ്ലാക്സീഡ്സ്, ഒലീവ് ഓയില്‍ തുടങ്ങിയവയിലും ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ശരിയായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒമേഗ 3, മൂഡ് ഡിസോര്‍ഡറുകളും റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസും പോലുള്ള അവസ്ഥകളും തടയും. ചെമ്പല്ലി മുതലായ മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റു ഭക്ഷണങ്ങളും മിക്ക ദിവസങ്ങളിലും കഴിക്കുന്നതും ഏറെ ഗുണകരമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരു അന്നത്തെ പാഠങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ശിഷ്യന്‍ സംശയവുമായി മുന്നോട് വന്നു. അവന്‍ ചോദിച്ചു: ഗുരോ, അങ്ങ് പഠിപ്പിച്ച പാഠങ്ങളുടെ സാരാംശം എന്താണ്? ഗുരു പറഞ്ഞു: കടല്‍ത്തീരത്ത് മണല്‍ശില്പമുണ്ടാക്കുന്ന ഒരു കുട്ടി തിരമാലയില്‍തട്ടി ആ ശില്പം ഇല്ലാതാകുമ്പോള്‍ എന്തിനാണ് കരയുന്നത്? ശിഷ്യന്‍ പറഞ്ഞു: അവന്റെ ചിന്ത അത് എക്കാലവും നിലനില്‍ക്കും എന്നാണ്. അത് അങ്ങിനെയല്ല എന്ന് തിരിച്ചറിയുമ്പോഴാണ് അവന്‍ കരയുന്നത്. ഗുരു പറഞ്ഞു: ഇതു തന്നെയാണ് ഞാന്‍ ഇന്ന് പഠിപ്പിച്ച പാഠങ്ങളുടെ സാരാംശവും. എല്ലാം എന്നെങ്കിലും അവസാനിക്കും. നഷ്ടപ്പെടുന്നവയോട് നമുക്കുളള ബന്ധമാണ് നഷ്ടത്തിന്റെ ആഴം കണക്കാക്കുന്നത്. സ്വന്തം മകന്‍ നഷ്ടപ്പെടുന്നതിന്റെ വേദനയോടൊപ്പമാകില്ല, അയല്‍ക്കാരന്റെ മകനെ നഷ്ടപ്പെടുന്നത്. ആരും ആരുടേയും സ്വന്തമാകുന്നില്ല. ഒന്നും എന്നന്നേക്കും നിലനില്‍ക്കുന്നുമില്ല. എല്ലാ ബന്ധങ്ങള്‍ക്കിടയിലും ഒരു സ്വാഭാവിക അകലമുണ്ട്. അത് നാം നിലനിര്‍ത്തണം. ഒരു ബന്ധം അവസാനിക്കുന്നു എന്നതുകൊണ്ട് മറ്റൊരു ജീവിത്തിന് പൂര്‍ണ്ണവിരാമുണ്ടാകാന്‍ പാടില്ല. ഒരോരുത്തരും ജീവിക്കുന്നത് അവരവരുടെ ജീവിതമാണ്. ആ യാത്രയില്‍ ഒരിക്കല്‍ മാത്രം കണ്ടവര്‍ ഹൃദയത്തില്‍ ഇടം പിടിച്ചെന്നുവരാം. എന്നുമൊപ്പമുള്ളവര്‍ അതിര്‍ത്തിക്കപ്പുറത്തായെന്നും വരാം. ആരൊക്കെയുണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് തന്നെ നീങ്ങണം. തനിച്ചു തുടരണം എന്ന അടിസ്ഥാനബോധമാണ് ഓരോ ബന്ധത്തിന്റെയും പടിവാതില്‍. അയാളില്ലെങ്കില്‍ ഞാനില്ല എന്നചിന്തയെ , അയാളില്ലെങ്കിലും അയാള്‍ നല്‍കിയ പാഠങ്ങളിലൂടെ എന്റെ ജീവിതം മുന്നോട്ട് തന്നെ നീങ്ങും എന്ന് നമുക്കൊന്ന് മാറി ചിന്തിക്കാന്‍ ശ്രമിക്കാം