Monday, January 6, 2025
Top News

പ്രഭാത വാർത്തകൾ

 

🔳രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇനി ഓര്‍മ. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരച്ചടങ്ങുകള്‍ സമ്പൂര്‍ണസൈനിക ബഹുമതികളോടെ, ദില്ലി ബ്രാര്‍ സ്‌ക്വയറില്‍ നടന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.

🔳ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് സന്ദേശം ലഭിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടത്തിയതിന് പിന്നാലെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.

🔳ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മുതല്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ രക്തസമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.

🔳കൊവിഡ് വാക്സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ഐസിഎംആര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പത് മാസത്തിന് ശേഷം അടുത്ത ഡോസ് നല്‍കണം എന്ന് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം.

🔳രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം വി കെ പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതുവരെ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ആണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ ഗുരുതര ലക്ഷണങ്ങള്‍ ഇല്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

🔳മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ധാരാവിയില്‍ നിന്നാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടാന്‍സാനിയയില്‍ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഇത് വരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ രോഗമുക്തരായി കഴിഞ്ഞു. രണ്ട് പേര്‍ ആശുപത്രി വിടുകയും ചെയ്തു.

🔳പോരാട്ടത്തിന്റെ ഭൂമികയില്‍ നിന്ന് സ്വന്തം മണ്ണിലേക്ക് കര്‍ഷകര്‍ മടങ്ങുന്നു. ദില്ലി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.

🔳സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

🔳അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്‌മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.

🔳സര്‍ക്കാറിന്റെ മുന്നറിയിപ്പുകള്‍ തള്ളി സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ അത്യാഹിത സേവനങ്ങള്‍ ബഹിഷ്‌കരിച്ചുള്ള സമരം തുടങ്ങി. കാഷ്വാലിറ്റിയിലടക്കം സീനിയര്‍ ഡോക്ടര്‍മാരെ വെച്ച് കുറവ് നികത്താന്‍ മെഡിക്കല്‍ കോളേജുകള്‍ ശ്രമം തുടങ്ങി. പരമാവധി ഉറപ്പുകള്‍ അംഗീകരിച്ചെന്നും, രോഗികളെ വെല്ലുവിളിക്കരുതെന്നും സമരക്കാരോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ ഉടന്‍ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

🔳അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ കേരള ഹൈക്കോടതി പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരെ പരാതിയുമായി വിമുക്ത ഭടന്മാര്‍. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പിനാണ് വിമുക്തമ ഭടന്മാര്‍ കത്ത് നല്‍കിയത്. മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. എജി രശ്മിതയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാരുടെ കത്ത്.

🔳മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ലെന്ന് പറഞ്ഞ അലി അക്ബര്‍ മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേരും മാറ്റി. ‘രാമസിംഹന്‍’ എന്നാണ് അലി അക്ബറിന്റെ പുതിയ പേര്.

🔳കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുളള പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതൃത്വം. റാലിയില്‍ പ്രസംഗിച്ച ചിലര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ തളളിക്കളയുന്നതായും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

🔳പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി നടത്തിയ അധിക്ഷേപ പരാമര്‍ശം തള്ളി കോണ്‍ഗ്രസ് യുവനേതാവ് കെ എസ് ശബരിനാഥന്‍. അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ പ്രസംഗത്തോട് പൂര്‍ണ്ണമായും വിയോജിക്കുകയാണെന്ന് ശബരിനാഥന്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്‌കൃതമാണെന്നും ശബരിനാഥ് കൂട്ടിച്ചേര്‍ത്തു.

🔳മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തിരുത്തിയത് കൊണ്ട് അത് തെറ്റല്ലാതാകുന്നില്ലെന്നും നജ്മ പറഞ്ഞു.

🔳നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കെതിരായ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദമാകുന്നു. കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ അന്‍വര്‍ സാദത്ത് എം.എല്‍.എ. രംഗത്തെത്തി. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹവും ഈ രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ എം.എല്‍.എ തീവ്രവാദി ബന്ധം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത് സര്‍ക്കാരിന്റെ അറിവോടുകൂടി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

🔳സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് . പോക്സോ കേസുകളുടെ അന്വഷണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന എസ്പി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അനില്‍ കാന്ത് ഈ നിര്‍ദ്ദേശം നല്‍കിയത്.

🔳സര്‍ക്കാര്‍ അഭിഭാഷകന്റെ പെരുമാറ്റം അതിരുവിട്ടതോടെ കേരള ഹൈക്കോടതിയില്‍ ജഡ്ജി സിറ്റിംഗ് നിര്‍ത്തി വെച്ചു. ഗവണ്‍മെന്റ് പ്ലീഡറുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ച ജഡ്ജി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ ചേബംറിലേക്ക് വിളിച്ച് വരുത്തി. തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി നിയമിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്റെ സഹോദരനാണ് ആരോപണവിധേയനായ ഗവണ്‍മെന്റ് പ്ലീഡര്‍ സിഎന്‍ പ്രഭാകരന്‍

🔳ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പമ്പയില്‍നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും. 500 മുറികള്‍ ഇതിനായി കോവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു. പമ്പാസ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും. എന്നാല്‍ പമ്പയിലെ ജലനിരപ്പ് അനുസരിച്ച് ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്.

🔳നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പാര്‍ട്ടി നേതാക്കളുടെ രാജി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ്, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി യുമായി സഖ്യമുണ്ടാക്കിയതില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് നേതാക്കളുടെ കൂട്ടരാജി.

🔳മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉള്‍പ്പടെയുള്ള യാത്രാ നിരക്കിളവുകള്‍ തിരികെ കൊണ്ട് വരില്ലെന്ന് റെയില്‍വേ. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ സാധാരണനിലയില്‍ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകള്‍ തിരികെ കൊണ്ടുവരില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. ഇതോടെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നിരവധിയാളുകള്‍ക്ക് റെയില്‍വേ യാത്രനിരക്കില്‍ കിട്ടിക്കൊണ്ടിരുന്ന ഇളവുകള്‍ ഇല്ലാതാവും.

🔳രാജ്യത്തെ 6000 ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലുടനീളമുള്ള 6071 റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ വൈ-ഫൈ സേവനങ്ങള്‍ ലഭ്യമാണ്. ഓരോ ദിവസത്തിന്റെയും ആദ്യത്തെ അരമണിക്കൂര്‍ സൗജന്യമായും പിന്നീട് ചാര്‍ജ് ഈടാക്കാവുന്ന രീതിയിലും ആണ് ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. ഈ സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി പറഞ്ഞു.

🔳സര്‍ക്കാറുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍നിന്നും പാക് താലിബാന്‍ പിന്‍മാറിയതോടെ, പാക്കിസ്ഥാന്റെ ഗോത്രവര്‍ഗ മേഖലകള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഒരു മാസം മുമ്പാണ്, അഫ്ഗാനിസ്താനിലെ താലിബാന്റെ മധ്യസ്ഥതയില്‍ ഇംറാന്‍ഖാന്‍ സര്‍ക്കാറും പാക് താലിബാനുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത്. കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ച് പാക് താലിബാന്‍ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു. യുദ്ധത്തിന്റെ വഴിയല്ലാതെ മറ്റ് മാര്‍ഗമില്ല എന്നാണ് പാക് താലിബാന്‍ വക്താവ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സി ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 81-ാം മിനിറ്റില്‍ ജോനതാസ് ഡി ജീസസ് നേടിയ ഗോളാണ് ഒഡീഷയ്ക്ക് വിജയം സമ്മാനിച്ചത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഒഡീഷ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച നോര്‍ത്ത് ഈസ്റ്റ് നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

🔳കേരളത്തില്‍ ഇന്നലെ 66,788 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,579 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4836 പേര്‍ രോഗമുക്തി നേടി. ഇതോടെ 39,341 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസര്‍ഗോഡ് 87.

🔳ആഗോളതലത്തില്‍ ഇന്നലെ 5,66,408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,02,913 പേര്‍ക്കും ഇംഗ്ലണ്ടില്‍ 58,194 പേര്‍ക്കും റഷ്യയില്‍ 30,873 പേര്‍ക്കും ജര്‍മനിയില്‍ 58,969 പേര്‍ക്കും ഇറ്റലിയില്‍ 20,497 പേര്‍ക്കും പോളണ്ടില്‍ 24,991 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 19,017 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.93 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.18 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,928 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,174 പേരും റഷ്യയില്‍ 1,176 പേരും ജര്‍മനിയില്‍ 496 പേരും പോളണ്ടില്‍ 571 പേരും ഉക്രെയിനില്‍ 442 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.10 ലക്ഷമായി.

🔳അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് അറിയിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെയാണ് അറ്റകുറ്റപ്പണി നടക്കുക. സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസ്സപ്പെടുന്നതെന്നും എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐയുടെ അറിയിപ്പ്. 300 മിനിറ്റ് നേരത്തേക്കാവും സേവനങ്ങള്‍ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതല്‍ 4.30 വരെയാകും തടസ്സം നേരിടുക.

🔳ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്‌സ് ഈ വര്‍ഷത്തെ ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോര്‍ച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളുടെ പട്ടികയില്‍ 164 ാമതാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്. ഇതാദ്യമായാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടുന്നത്. വിറ്റുവരവിന്റെയും മൊത്തവരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റിലുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് പട്ടികയില്‍ ഒന്നാമത്. 2019 ല്‍ ഡിലോയിറ്റിന്റെ ഗ്ലോബല്‍ ടോപ് 100 ലക്ഷ്വറി ബ്രാന്‍ഡ്‌സ് ലിസ്റ്റിലും കല്യാണ്‍ ജ്വല്ലേഴ്‌സ് സ്ഥാനം നേടിയിരുന്നു.

🔳നടന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നാദിര്‍ഷ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസാണ്. സുജേഷ് ഹരിയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ദിലീപിനൊപ്പം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

🔳മരക്കാറി’ലെ ഒരു വീഡിയോഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഇളവെയില്‍ അലകളില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ പ്രഭാവര്‍മ്മയുടേതാണ്. റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. ഒരിടവേളയ്ക്കുശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ എം ജി ശ്രീകുമാര്‍ ആലപിച്ചിരിക്കുന്ന ഗാനമാണിത്. വീഡിയോ സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്.

🔳ടാറ്റ മോട്ടോഴ്‌സ് സഫാരി ഓട്ടോമാറ്റിക് വേരിയന്റിന് വില കൂട്ടി. വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് 7,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. എക്സഎംഎ, എക്സടിഎ+, എക്സഇസെഡ്എ, എക്സഇസെഡ്എ+ 6സീറ്റര്‍, എക്സഇസെഡ്എ+, എക്സഇസെഡ്എ+ 6സീറ്റര്‍ അഡ്വഞ്ചര്‍ എഡിഷന്‍, എക്സഇസെഡ്എ+ അഡ്വഞ്ചര്‍ എഡിഷന്‍, എക്സഇസെഡ്എ+ ഗോള്‍ഡ് 6-സീറ്റര്‍, എക്സഇസെഡ്എ+ ഗോള്‍ഡ് എന്നിങ്ങനെ 9 ഓട്ടോമാറ്റിക് വേരിയന്റുകള്‍ എസ്യുവി മോഡല്‍ ലൈനപ്പില്‍ ഉള്‍പ്പെടുന്നു. എക്സഎംഎ, എക്സഇസെഡ്എ എന്നിവയ്ക്ക് 3,000 രൂപയുടെ വിലവര്‍ദ്ധനവ് ലഭിക്കുമ്പോള്‍, എക്സടിഎ+ ന് 7,000 രൂപയുടെ വര്‍ധനയുണ്ടായി. ബാക്കിയുള്ള ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 2,000 രൂപ വിലവരും. സഫാരി മാനുവല്‍ വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുന്നു.

🔳വി. ആര്‍ സുധീഷ് എന്തെഴുതുമ്പോഴും പുതിയ ഭാഷ സൃഷ്ടിക്കുന്നു എന്നു പറഞ്ഞത് എം.ടിയാണ്. സുധീഷിന്റെ കഥകള്‍പോലെ ആലോചനാമൃതമാണ് സാഹിത്യസാംസ്‌ക്കാരിക നിരൂപണങ്ങളും. കഴിഞ്ഞ നാലുപതിറ്റാണ്ടില്‍ എഴുതപ്പെട്ട സര്‍വ്വതലസ്പര്‍ശിയായ പഠനങ്ങളെല്ലാം ഇവിടെ സമാഹരിക്കപ്പെടുകയാണ്. ഇത് മലയാള നിരൂപണത്തിന്റെ എക്കാലത്തെയും സര്‍ഗ്ഗാത്മകദീപ്തി! ‘വി ആര്‍ സുധീഷിന്റെ നിരൂപണങ്ങള്‍’. വി ആര്‍ സുധീഷ്. ഡോണ്‍ ബുക്സ്. വില 450 രൂപ.

🔳കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. അതിവേഗം പകരാന്‍ സാധ്യതയുള്ള വേരിയന്റാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്നും അറിയുന്നതിന് പഠനങ്ങള്‍ നടന്ന് വരുന്നു. പുതിയ വകഭേദം ഏത് പ്രായക്കാരെ പിടികൂടാമെന്നതിനെ കുറിച്ച് പഠനങ്ങള്‍ നടന്ന് വരുന്നു. പ്രധാനമായി മൂന്ന് വിഭാഗം ആളുകളെയാണ് ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യതയെന്ന് പറയുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് ആദ്യം വരുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വാക്സീന്‍ എടുക്കാത്തവരില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കല്‍ കൊവിഡ് വന്ന് പോയവരാണ് രണ്ടാമത്തെ കൂട്ടര്‍. ഇവരിലാണ് പുതിയ വേരിയന്റ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന രീതിയില്‍ സംരക്ഷണമുള്ളവരാണ് മൂന്നാമത്തെ കൂട്ടര്‍. ചില ആളുകള്‍ക്ക് ഹൈബ്രിഡ് പ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായി കണ്ട് വരുന്നു. അണുബാധയ്‌ക്കെതിരെ താരതമ്യേന ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ലഭിക്കുന്നു. പക്ഷേ ഒരുപക്ഷേ ഇടയ്ക്ക് വച്ച് കുറയാനുള്ള സാധ്യത ഏറെയാണ്. ഒമിക്രോണിനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വാക്സീന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ പ്രതിരോധകുത്തിവയ്പ്പ് എടുക്കണം.

*ശുഭദിനം*

വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് റിയൂണിയന്‍ നടക്കുകയാണ്. സഹപാഠികള്‍ എല്ലാവരും വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലാണ്. ഇനിമുതല്‍ എല്ലാവര്‍ഷവും ഒരു ഒത്തുചേരല്‍ അവര്‍ പ്ലാന്‍ ചെയ്തു. അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: അടുത്തവര്‍ഷം നമുക്ക് ഒരുമിച്ചിരിക്കാന്‍ കഴിയുമോ എന്നറിയില്ല. അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു: നാളെ നമുക്ക് ഒരുമിച്ചിരിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടോ? മൂന്നാമന്‍ പറഞ്ഞു: നിങ്ങള്‍ എന്തിനാണ് ഇത്ര കടന്നു ചിന്തിക്കുന്നത്? ഞാനിപ്പോള്‍ ഉള്ളിലേക്കെടുത്ത് ശ്വാസം നിശ്വാസമായി പുറത്തുവരുന്നതുവരെ ഞാന്‍ ജീവിക്കുമോ എന്നതാണ്! നാളെ എന്നൊന്നില്ല. ഇന്ന് മാത്രമാണ്, ഈ നിമിഷം മാത്രമാണ് യാഥാര്‍ത്ഥ്യം. നാളെയെക്കുറിച്ചുള്ള ചിന്തകള്‍ ഇന്നിന്റെ കാഴ്ചകളെ മറയ്ക്കുന്നുണ്ടെങ്കില്‍ അത്തരം ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടേ മതിയാകൂ. ഈ നിമിഷത്തെ ജീവിതം നയിക്കാന്‍ കഴിയാത്തവര്‍ക്ക് ജീവിത്തിലെ ഒരു നിമിഷവും ആസ്വാദ്യകരമാകില്ല. നാളെയെകുറിച്ചുള്ള ഉത്കണ്ഠയിലൂടെയാണ് ഭൂരിഭാഗം പേരുടേയും യാത്ര. അധ്വാനിക്കുന്നതു നാളേക്ക് വേണ്ടി, സാമ്പാദിക്കുന്നതു ഭാവിക്കുവേണ്ടി, പട്ടിണികിടക്കുന്നതും പിശുക്ക് കാണിക്കുന്നതും വരുംകാലം ശോഭനമാക്കാന്‍. വര്‍ത്തമാനകാലം ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങിനെയാണ് ഭാവികാലം ആഘോഷിക്കാനാകുക.. ആയുസ്സിന്റെ കണക്ക് പുസ്തകം ആരുടേയും കയ്യിലല്ല. മാറ്റിവെയ്ക്കപ്പെടുന്ന സന്തോഷങ്ങള്‍ക്ക് ഒരു ഗാരന്റിയുമില്ല. ലഭിക്കുന്ന സമയം ക്രിയാത്മകവും പ്രയോജനപ്രദവുമാക്കാന്‍ സാധിക്കട്ടെ, നമുക്കും ജീവിക്കാം തത്സമയം

 

Leave a Reply

Your email address will not be published. Required fields are marked *