ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവി; ആഘോഷത്തോടെ വരവേറ്റ് ലോകം
ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്.
ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ആഘോഷങ്ങളാണ് ക്രിസ്മസും ന്യൂ ഇയറും. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
ക്രിസ്മസിനോടനുബന്ധിച്ച് താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രലിൽ തിരുക്കർമ്മങ്ങൾ നടന്നു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഏകീകൃത കുർബാന രീതിയാണ് ആസ്ഥാന പള്ളിയിൽ മാർ ആലഞ്ചേരി പിന്തുടർന്നത്.
തിരുവനന്തപുരത്തെ പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു. ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു.