മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവർണർക്ക് ക്ഷണമില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന് നടക്കും. മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയിലേക്ക് മതമേലധ്യക്ഷന്‍മാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. രാജ് ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല.ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ് വിരുന്ന് തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഗവർണർ കോഴിക്കോട്ടാണ്. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവർണർ കോഴിക്കോട് എത്തുന്നത്. രാവിലെ 10 മണിയോടെ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തുന്ന ഗവർണർ വൈകിട്ട് 4 മണിക്ക് കോട്ടുളി ഹോം ഓഫ് ലൗവിലെ പരിപാടിയിലാണ് പങ്കെടുക്കുക.
അതേസമയം 21 ന് കൊളത്തൂർ അദ്വൈതാശ്രമത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയിലും ഗവർണര്‍ പങ്കെടുക്കും. ക്രിസ്മസ് വിരുന്നിന് ഗവർണറെ സർക്കാർ ക്ഷണിക്കാത്തത് വിവാദമാകുന്നതിനിടെയാണ് ഗവർണറുടെ കോഴിക്കോട് യാത്രയെന്നത് ശ്രദ്ധേയമാണ്.