പ്രഭാത വാർത്തകൾ
🔳സംസ്ഥാനത്തെ നാല് ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനമായത്. നൂറുകോടി രൂപ വരെ ഈ ജില്ലകള്‍ക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ കുറഞ്ഞു തുടങ്ങിയിരുന്നു.
🔳ഒരു ദിവസം മഴ മാറി നിന്നതോടെ മൂന്നാറില്‍ ഞായറാഴ്ച അതിശൈത്യം. ഞായറാഴ്ച രാവിലെയാണ് മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയ മൂന്നാര്‍ എന്നിവടങ്ങളില്‍ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട് , മാട്ടുപ്പെട്ടി, ലക്ഷ്മി, രാജമല എന്നിവടങ്ങില്‍ ഏഴും, തെന്മല, ഗുണ്ടുമല , ചിറ്റുവര എന്നിവടങ്ങളില്‍ അഞ്ചുമായിരുന്നു ഞായറാഴ്ച വെളുപ്പിന് അനുഭവപ്പെട്ട താപനില.
🔳കെ റെയില്‍ പദ്ധതിക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ അതിവേഗ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ജോസിനെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
🔳അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചതിന് പിന്നാലെ കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്റേയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. എല്ലാം ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു. സാമ്പിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു.
🔳ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമെന്ന് ജനറല്‍ സെക്രട്ടറി ജെഎസ് ഷിജുഖാന്‍. പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ശിശുക്ഷേമ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ 2017 ഡിസംബര്‍ 20 ന് അനുവദിച്ച രജിസ്ട്രേഷന് 2022 ഡിസംബര്‍ വരെ കാലാവധിയുണ്ടെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരമാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ഷിജുഖാന്‍ വ്യക്തമാക്കി.
🔳വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോയാല്‍ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേര്‍ത്ത മതസംഘടനകളുടെ യോഗം നിലപാടെടുത്തു. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും അതിന്റെ സംരക്ഷണത്തിന് മതബോധമുള്ളവര്‍ വേണമെന്നും മുസ്ലീം സംഘടനകള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. വഖഫ് നിയമനങ്ങള്‍ പിഎസ് സി വഴിയാക്കിയാല്‍ അവിശ്വാസികള്‍ ബോര്‍ഡിലെത്തുമെന്നും മത വിശ്വാസമുള്ളവര്‍ വഖഫ് ബോര്‍ഡില്‍ വരണമെന്ന് നിര്‍ബന്ധമാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
🔳പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ ഇപ്പോഴും കേരള പൊലീസിന്റെ ‘കരുതലിലാ’ണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പൊലീസിന് കൈ വിറയ്ക്കുന്നുണ്ടെന്നും ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ എന്നും അദ്ദേഹം ചോദിച്ചു.
🔳ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് എന്നാണ് വിവരം. ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടത് കൊണ്ട് പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്പി ആര്‍ വിശ്വനാഥ് പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
🔳കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കുന്നതില്‍ അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താന്‍ വിസിയായി വന്നതിന് ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു പിന്‍വാതില്‍ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
🔳മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായമനുവദിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. സഹായമനുവദിച്ചതിനെ അനുകൂലിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് രംഗത്തെത്തിയപ്പോള്‍ രാഷ്ട്രീയചായ്വ് നോക്കിയാണ് സര്‍ക്കാര്‍ സഹായമെന്ന് വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും ഫേസ്ബുക്ക് പോസ്റ്റിട്ടു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് സഹായമനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയത്തില്‍ ചര്‍ച്ച സജീവമായതോടെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിനെതിരായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
🔳മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച വാഹനാപകട കേസില്‍ ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ പൊലീസ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലില്‍ തിരച്ചില്‍ നടത്തി. അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍ നടത്തിയത്. കേസിലെ രണ്ട് പ്രതികളുമായി നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല.
🔳മുന്‍ എംഎല്‍എ കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.പി.എ. മജീദ് എംഎല്‍എയെ കണ്ണൂരില്‍ നിന്നുള്ള വിജിലന്‍സ് സംഘം ചോദ്യംചെയ്തു. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യല്‍. കോഴിക്കോട് പോലീസ് ക്ലബ്ബില്‍വെച്ചാണ് ചോദ്യംചെയ്തത്. എന്നാല്‍ ചോദ്യംചെയ്യലിനായി എത്തിയതല്ലെന്നും സ്‌നേഹ ബന്ധത്തിന്റെ പുറത്ത് എത്തിയതാണെന്നും അതുകൊണ്ടാണ് പോലീസ് ക്ലബ്ബിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
🔳വയനാട്ടിലെ ലക്കിടിയില്‍ വ്യവസായിയുടെ ഭൂമിക്ക് അരക്കോടി മുടക്കി പിഡബ്ല്യൂഡി ‘മതില്‍ പണിയുന്ന’ സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി റിപ്പോര്‍ട്ടാവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചത്. വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്‍മാണം നടക്കുന്നത്. വ്യവസായിയുടെ പുരയിടം സംരക്ഷിക്കുകുന്ന രീതിയിലുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നത്, ഇതേ വ്യവസായിയുടെ തന്നെ മറ്റൊരു ഭൂമി നികത്താനാണെന്നും റിപ്പോര്‍ട്ടുകള്‍.
🔳തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ കരാര്‍ കമ്പനി ഇതിനകം പിരിച്ചെടുത്തതായി കണക്കുകള്‍. ടോള്‍ പിരിവിന്റെ കാലാവധി തീരാന്‍ ഇനിയും ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
🔳തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികളടക്കം നാല് പേര്‍ അറസ്റ്റില്‍. പത്തും പതിനേഴും വയസുള്ള കുട്ടികളും പത്തൊന്‍പതുകാരനും കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെ മോഷണം തടയാന്‍ ശ്രമിച്ച നവല്‍പേട്ട് സ്റ്റേഷന്‍ എസ്ഐ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെ പിന്തുടര്‍ന്നെത്തിയ ഭൂമിനാഥനെ പുതുക്കോട്ട തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
🔳ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു നീക്കം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം.
🔳രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് തുടര്‍ന്നാല്‍ ട്രെയിന്‍ തടയുമെന്ന് ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍. ജീവനക്കാര്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സന്ന്യാസിമാര്‍ ആരോപിക്കുന്നു.
🔳രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഇനി ഉത്തര്‍പ്രദേശില്‍. 1,000 ഏക്കര്‍ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. ഫിലിം സിറ്റി നിര്‍മാണത്തിന് ബിഡ്ഡുകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാമെന്ന് യമുന എക്സ്പ്രസ്വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അരുണ്‍ വീര്‍ സിംഗ് അറിയിച്ചു.
🔳നടന്‍ കമല്‍ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
🔳ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചത് വലിയ സംഭവമായി കാണേണ്ടെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരങ്ങളുടെ ആധിക്യം മൂലം മടുത്ത് വശംകെട്ട ന്യൂസീലന്‍ഡ് ടീമിനെതിരേയാണ് ഇന്ത്യ കളിച്ചതെന്നും അത് യാഥാര്‍ഥ്യ ബോധത്തോടെ നോക്കിക്കാണണമെന്നും ദ്രാവിഡ് വ്യക്തമാക്കി.
🔳ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെതിരായ ആദ്യ മത്സരത്തിനിടയില്‍ പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം കെ.പി. രാഹുലിന് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായി. രാഹുലിനെ ചികിത്സയ്ക്കായി ഗോവയിലെ ടീമിന്റെ ബയോ ബബിളില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരേ മുംബൈ സിറ്റി എഫ്.സിക്ക് ജയം. സ്‌ട്രൈക്കര്‍ ഇഗോള്‍ അംഗൂളോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ വിജയം.
🔳സയ്യിദ് മുഷ്താഖ് അലി ടി20 കിരീടം തമിഴ്‌നാടിന്. നിലവിലെ ചാംപ്യന്മാായ തമിഴ്‌നാട് കര്‍ണാടകയെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. അവസാന പന്തില്‍ സിക്‌സറടിച്ച ഷാറുഖ് ഖാനാണ് തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ത്രസിക്കുന്ന ജയം സ്വന്തമാക്കി.
🔳കേരളത്തില്‍ ഇന്നലെ 45,190 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 105 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,675 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 238 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7515 പേര്‍ രോഗമുക്തി നേടി. ഇതോടെ 54,091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🔳ആഗോളതലത്തില്‍ ഇന്നലെ 4,06,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 46,338 പേര്‍ക്കും ഇംഗ്ലണ്ടില്‍ 44,917 പേര്‍ക്കും റഷ്യയില്‍ 35,681 പേര്‍ക്കും തുര്‍ക്കിയില്‍ 24,856 പേര്‍ക്കും ജര്‍മനിയില്‍ 40,489 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 23,002 പേര്‍ക്കും ഹംഗറിയില്‍ 27,209 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.82 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.93 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,771 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 263 പേരും റഷ്യയില്‍ 1,241 പേരും ഉക്രെയിനില്‍ 326 പേരും ഹംഗറിയില്‍ 392 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.73 ലക്ഷമായി.
🔳ഇന്ത്യന്‍ വാഹന വിപണിയില്‍ പതിറ്റാണ്ടിലെ ഏറ്റവും മോശമായ ഉല്‍സവകാല വില്‍പ്പനയെന്ന് കണക്ക്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തല്‍. 2021 ഒക്ടോബറിലെ മൊത്തം ആഭ്യന്തര വില്‍പ്പന 2020 ഒക്ടോബറിനെ അപേക്ഷിച്ച് 5.33 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ദിവസത്തെ ഉല്‍സവ കാലയളവില്‍, മൊത്ത ആഭ്യന്തര വില്‍പ്പന 18 ശതമാനം ഇടിഞ്ഞു. മുച്ചക്ര വാഹന വില്‍പ്പന 53 ശതമാനം വര്‍ധിച്ചു. വാണിജ്യ വാഹന വില്‍പ്പന 10 ശതമാനവും ഉയര്‍ന്നു. എന്നാല്‍ ഇരുചക്ര വാഹന വില്‍പ്പന 18% ഇടിഞ്ഞു. പാസ്സഞ്ചര്‍ വാഹന വില്‍പ്പനയിലും (26 ശതമാനം) ട്രാക്ടര്‍ വില്‍പ്പനയിലും (23 ശതമാനം) ഇടിവുണ്ടായി.
🔳യുകെ ആസ്ഥാനമായ അയാട്ട കൊമേഴ്സ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍ഫോപാര്‍കിലെ ഫേസ്-2 ട്രാന്‍സ് ഏഷ്യ സൈബര്‍ പാര്‍ക്കിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഐടി പ്രോഗ്രാമേര്‍സിന് മികച്ച അവസരം അയാട്ട കൊമേഴ്സിന്റെ വരവോടെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2016 ലാണ് യുകെയില്‍ അയാട്ട കൊമേഴ്സ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് ലോകത്തെ ലക്ഷ്വറി റീടെയ്ല്‍ കമ്പനികളുടെ പ്രധാന സേവന ദാതാക്കളില്‍ ഒരാളാണ്.
🔳സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ‘ത്രയം’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ നിരഞ്ജ് രാജു, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഗോപീകൃഷ്ണന്‍ കെ വര്‍മ്മ, ഡെയ്ന്‍ ഡേവിസ്,സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് ‘ത്രയം’.
🔳സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. കഴിഞ്ഞ ഏതാനും നാളുകളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകള്‍ വിനയന്‍ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ തുടര്‍ച്ചയായി പതിനാലാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ചന്ദ്രക്കാരന്‍ ആയി എത്തുന്ന അലന്‍സിയറുടേതാണ് പോസ്റ്റര്‍.
🔳ഡീസല്‍ വാഹന മേഖലയിലേക്ക് തിരിച്ചുവരില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 2023ല്‍ കാര്‍ബണ്‍ നിര്‍ഗമന നിയമങ്ങള്‍ കര്‍ശനമാവുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയുമെന്നും മാരുതി. നിലിവില്‍ പാസഞ്ചര്‍ വെഹ്ക്കില്‍ സെഗ്മെന്റില്‍ 17 ശതമാനമാണ് ഡീസല്‍ വാഹനങ്ങള്‍. ഭാരത് സ്റ്റേജ് 6 മാനദണ്ഡം വന്നതോടെയാണ് ഡീസല്‍ കാറുകളുടെ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞത്. നിലവിലുള്ള പെട്രോള്‍ എഞ്ചിനുകളുടെ ഇന്ധനക്ഷമത ഉയര്‍ത്താനും പുതിയവ അവതരിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാരുതി.
🔳ചാള്‍സ് ഡിക്കന്‍സ് രചിച്ച ഇംഗ്ലീഷ് നോവലായ ഒലിവര്‍ ട്വിസ്റ്റിന്റെ പുനരാഖ്യാനമാണിത്. മധ്യകാല ഇംഗ്ലണ്ടിലെ എല്ലാ ദുരിതങ്ങളും കഷ്ടപ്പാടുകളും ഇതില്‍ വിവരിക്കുന്നു. ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ ജീവിതത്തിലൂടെ മുന്നോട്ടു പോകുന്ന ഈ കൃതി മാനുഷികാവസ്ഥയുടെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്നു. അതിമനോഹരമായ നോവലിന്റെ നവരൂപം. ‘ഒലിവര്‍ ട്വിസ്റ്റ്’. മാക്സ് ബുക്സ്. വില 171 രൂപ.
🔳ഉലുവയില്‍ ധാരാളം ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഉലുവയുടെ പ്രമേഹ വിരുദ്ധ ഗുണങ്ങളെക്കുറിച്ച് ഒന്നിലധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. മനുഷ്യരില്‍ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഉലുവ ഉപയോഗത്താല്‍ സ്വാധീനിക്കപ്പെട്ടതായി പഠനത്തില്‍ പറയുന്നു. പ്രമേഹമുള്ള രോഗികളുടെ ദൈനംദിന ഭക്ഷണത്തില്‍ 100 ഗ്രാം ഉലുവപ്പൊടി ചേര്‍ക്കുന്നത് മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ അല്ലെങ്കില്‍ ‘മോശം’ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. ഗര്‍ഭാവസ്ഥയിലും പ്രസവത്തിനുശേഷവും മുലപ്പാല്‍ ഉല്‍പാദനം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നതിന് മുലയൂട്ടുന്ന അമ്മമാര്‍ പണ്ട് മുതല്‍ക്കേ ഉലുവ ഉപയോഗിച്ച് വരുന്നു. ഉലുവയുടെ ആന്റി വൈറല്‍ ഗുണങ്ങള്‍ ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഒരു ശക്തമായ ഔഷധമായി മാറാന്‍ സഹായിക്കുന്നു. സന്ധിവാതം, മുടികൊഴിച്ചില്‍, മലബന്ധം, വയറുവേദന, വൃക്കരോഗങ്ങള്‍, നെഞ്ചെരിച്ചില്‍, പുരുഷ ബലഹീനത, മറ്റ് ലൈംഗിക പ്രശ്നങ്ങള്‍ എന്നിവയുടെ ചികിത്സയിലും ഉലുവ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അവരുടെ വിവാഹം കഴിഞ്ഞിട്ട് നിരവധി വര്‍ഷങ്ങളായി. ഇത്ര നാളായിട്ടും ഭര്‍ത്താവിനെ കുറിച്ച് ഒരു പരാതി അവര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു. പല്ല് തേക്കാന്‍ പേസ്റ്റ് എടുത്താല്‍ അത് അടച്ചുവെയ്ക്കില്ല. പറഞ്ഞു പറഞ്ഞു അവര്‍ക്ക് മടുത്തു. അന്ന് അവരുടെ വിവാഹവാര്‍ഷികമായിരുന്നു. ഇത്രയും കാലത്തെ ഭാര്യയുടെ പരാതി മാറ്റാന്‍ അയാള്‍ തീരുമാനിച്ചു. അന്ന് മുതല്‍ ഓര്‍മ്മവെച്ച് അയാള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പേസ്റ്റ് എടുത്തുവെയ്ക്കാന്‍ തുടങ്ങി. അങ്ങിനെ ഒരാഴ്ച കഴിഞ്ഞു. ഭാര്യ തന്നെ അഭിനന്ദിക്കുമെന്ന് കരുതി അയാള്‍ കാത്തിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. ഒരു ദിവസം അവള്‍ ദേഷ്യത്തോടെ അയാളോട് ചോദിച്ചു: നിങ്ങളെന്താണ് ഒരാഴ്ചയായിട്ട് പല്ലു തേക്കാത്തതെന്ന് എല്ലാവര്‍ക്കും മാറാനും നന്നാകാനും കഴിയും. അതിന് പലരും തയ്യാറുമാണ്. പക്ഷേ, അവരെ നാം മാറാന്‍ അനുവദിക്കണം. എത്ര തിരുത്തിയാലും അകപ്പെട്ട ദുഷ്‌പേരിനുള്ളില്‍ ചുറ്റിക്കറങ്ങേണ്ടി വരുന്നതുകൊണ്ടാണ് പലരും മെച്ചപ്പെടാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നത്. കയ്യബദ്ധമോ സാഹചര്യപ്രേരണയോ ആകാം അവര്‍ തെറ്റില്‍ അകപ്പെടാന്‍ കാരണം. ഒരാളെ ആ തെറ്റുസംഭവിച്ച കാലത്തുതന്നെ തളച്ചിടണമെന്ന വാശി അവരെ അടുത്തറിയുന്നവര്‍ക്കാണെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. അപരിചിതര്‍ ഒരിക്കലും ആയുഷ്‌കാല പ്രാബല്യമുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിച്ചു നടക്കാറില്ല. മറ്റുള്ളവര്‍ക്ക് അവസരത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചുപോയിട്ടുളള തെറ്റുകള്‍. ജീവിതത്തില്‍ ഒരാളുടെ കറുത്ത അധ്യായങ്ങള്‍ മാത്രം തേടുന്നവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ഇന്ന അയാള്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനായിരിക്കും. ഈ രീതി തുടര്‍ന്നാല്‍ അയാളുടെ ഭാവി കൂടുതല്‍ തിളക്കമുളളതായി മാറും. അത് തടയാനുള്ള മാര്‍ഗ്ഗം അയാളുടെ ഭൂതകാലത്തിലെ തെറ്റുകള്‍ ഉയര്‍ത്തിക്കാട്ടി കരിവാരിത്തേക്കുക എന്നത് മാത്രമാണ്. തെറ്റുകള്‍ക്ക് കൊടുക്കുന്ന പരസ്യപ്രചാരണം തിരുത്തലുകള്‍ക്കും കൂടി ലഭിച്ചിരുന്നെങ്കില്‍ ഒരുപാട് പേര്‍ക്ക് ദുഷ്‌പേരില്‍ നിന്ന് ആത്മവിശ്വാസത്തോടെ പുറത്തുവരാമായിരുന്നു. നമുക്ക് അത്തരത്തിലുള്ളവരെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിതത്തിനെ നേരിടാന്‍ സഹായിക്കാം, അവരുടെ ഭൂതകാലത്തെ ചികയാതിരിക്കാം – ശുഭദിനം.
➖➖➖➖➖➖➖➖