പ്രഭാത വാർത്തകൾ
🔳ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിലുണ്ടായ വാഹനാപകടത്തില്‍ 8 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ നാല് പേര്‍ കര്‍ഷകരും, മറ്റുള്ളവര്‍ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് ലഖിംപൂര്‍ എഎസ്പിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകരെ കൊന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ മഹാപഞ്ചായത്ത് നടത്തി കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെ യുപി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്‌നങ്ങളില്‍ കലാശിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു.
🔳നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിജീവിതം അത്ര സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. 60 കൊല്ലം മുമ്പ് ജനിച്ചവരുമായി തട്ടിച്ചുനോക്കുമ്പോള്‍ 2020-ല്‍ പിറന്ന കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാലാവസ്ഥാവ്യതിയാനമാണ് വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ
ദുരന്തങ്ങളുയരാന്‍ കാരണം. ബ്രസ്സല്‍സിലെ വ്രിജെ സര്‍വകലാശാലയിലെ കാലാവസ്ഥാശാസ്ത്രജ്ഞന്‍ വിം തിയറിയും സഹപ്രവര്‍ത്തകരും സെപ്റ്റംബര്‍ 26-ന് സയന്‍സ് ജേണലിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 21,634 കോവിഡ് രോഗികളില്‍ 56.84 ശതമാനമായ 12,297 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 182 മരണങ്ങളില്‍ 40.65 ശതമാനമായ 74 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,58,507 സജീവരോഗികളില്‍ 53.03 ശതമാനമായ 1,37,101 രോഗികളും കേരളത്തിലാണുള്ളത്.
🔳പൊലീസ് ഉദ്യോഗസ്ഥര്‍ മോശപ്പെട്ട പ്രവര്‍ത്തനത്തില്‍ ചെന്ന് വീഴരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും പ്രത്യേകിച്ചും യൂണിഫോമില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ലോക്ഡൗണ്‍ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളില്‍ കര്‍ശന നടപടി വേണമെന്നും കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
🔳പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐജി ലക്ഷ്മണക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീറ്റ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഐജി ലക്ഷ്മണയെ തിരിച്ചയച്ചു. ലക്ഷ്മണയോട് ഓണ്‍ലൈനില്‍ പങ്കെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. എഡിജിപിമാര്‍ മതിയെന്നാണ് ഡിജിപി അറിയിച്ചത്. മോന്‍സനുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആരോപണ വിധേയനാണ് ഐജി ലക്ഷ്മണ. മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതിനിടയിലാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്.
🔳സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.
🔳നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും താന്‍ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ നിയോജക മണ്ഡലമായ ഹരിപ്പാടില്‍ സ്‌കൂള്‍ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് ചെന്നിത്തല തന്റെ മനസ് തുറന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നെന്നും മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണെന്നും ഒരിക്കല്‍ ആ ലക്ഷ്യം താന്‍ നേടുമെന്നും ചെന്നിത്തല പറഞ്ഞു.
🔳ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. നവംബര്‍ ഒന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ്പ് സമരം നടത്താനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം. നവംബര്‍ 16ന് കൂട്ട അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനമായി. അതേസമയം, നേരത്തെ പ്രഖ്യാപിച്ച അനിശ്ചിതകാല നിസ്സഹകരണ സമരം ഇന്ന് മുതല്‍ തുടങ്ങും.
🔳ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
🔳ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ പ്രകടനം. വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നിയമം കടുപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരങ്ങള്‍ നടന്നത്. സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച 660 ഇടങ്ങളിലാണ് സമരം നടന്നത്. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം ടെക്‌സാസില്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ മാസമാണ് നിയമം നടപ്പാക്കിയത്.
🔳ട്വിറ്റര്‍ റദ്ദാക്കിയ തന്റെ അക്കൗണ്ട് താത്കാലികമായെങ്കിലും പുനഃസ്ഥാപിക്കാന്‍ കമ്പനിക്കുമേല്‍ സമ്മര്‍ദം ചെലുത്താനാവശ്യപ്പെട്ട് യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടതിയില്‍. വെള്ളിയാഴ്ച മയാമിയിലെ ജില്ലാ കോടതിയിലാണ് ട്രംപ് ഹര്‍ജി നല്‍കിയത്.
🔳പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍. അതേസമയം പഞ്ചാബ് കിംഗ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസില്‍. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ആറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണിത്. റോയല്‍ ചലഞ്ചേഴ്‌സ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 158 റണ്‍സേ നേടാനായുള്ളൂ. ആദ്യ വിക്കറ്റില്‍ രാഹുലും മായങ്കും 91 റണ്‍സ് ചേര്‍ത്ത ശേഷമാണ് പഞ്ചാബിന്റെ തോല്‍വി.
🔳ഐപിഎല്ലിലെ നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറുവിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചുറിയിലാണ് കൊല്‍ക്കത്തയുടെ കുതിപ്പ്. 13 മത്സരങ്ങളില്‍ 12 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. അവസാനക്കാരായ സണ്‍റൈസേഴ്‌സ് നേരത്തെ പുറത്തായിരുന്നു.
🔳ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. അവസാന ദിവസത്തില്‍ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റിന് 36 റണ്‍സ് എന്ന നിലയിലാണ് കളി സമനിലയില്‍ അവസാനിപ്പിച്ചത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് മാന്‍ ഓഫ് ദ മാച്ച്.
🔳ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണിയാണെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹത്തിന്റെ അടുത്ത് പോലും മറ്റൊരു താരമെത്തില്ലെന്നും ആലങ്കാരികമായി കിംഗ് കോംഗ് എന്ന് തന്നെ ധോണിയെ വിളിക്കാമെന്നും ശാസ്തി കൂട്ടിച്ചേര്‍ത്തു. ധോണി ഏത് ടീമിനെ നയിച്ചാലും അവിടെ ആത്മവിശ്വാസവും ശാന്തതയും ഉണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.
🔳ലോക ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മനു ഭാക്കറിന് മൂന്നാം സ്വര്‍ണം. പെറുവിലെ ലിമയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സരബ്‌ജോത് സിങ്ങുമായി ചേര്‍ന്ന് മൂന്നാം സ്വര്‍ണം കഴുത്തിലണിഞ്ഞു. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീമിനത്തിലും വ്യക്തിഗത വിഭാഗത്തിലും മനു സ്വര്‍ണം നേടിയിരുന്നു.
🔳ഡ്യൂറാന്‍ഡ് കപ്പ് കിരീടം എഫ്‌സി ഗോവയ്ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുഹമ്മദന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഗോവ കിരീടം നേടിയത്. ഇതോടെ ഡ്യൂറാന്‍ഡ് കപ്പ് നേടുന്ന ആദ്യ ഐ.എസ്.എല്‍ ടീം എന്ന ചരിത്രനേട്ടവും എഫ്‌സി ഗോവ സ്വന്തമാക്കി.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഓരോ മിനിട്ടിലും ആവേശം അലതല്ലിയ മത്സരത്തില്‍ നാലുഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിന് വിജയം. ആസ്റ്റണ്‍ വില്ലയെയാണ് ടോട്ടനം കീഴടക്കിയത്. കരുത്തരായ ലെസ്റ്റര്‍ സിറ്റിയെ
ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചു. ലെസ്റ്ററിനെ 2-2 എന്ന സ്‌കോറിനാണ് ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചത്. വെസ്റ്റ്ഹാം ബ്രെന്റ്‌ഫോര്‍ഡിനോട് തോല്‍വി വഴങ്ങി. വെസ്റ്റ് ഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രെന്റ്ഫോര്‍ഡ് കീഴടക്കിയത്.
🔳കേരളത്തില്‍ ഇന്നലെ 88,914 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,377 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 444 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,333 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,37,043 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.66 ശതമാനമായ 2,47,49,332 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 41.6 ശതമാനമായ 1,11,25,192 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190.
🔳രാജ്യത്ത് ഇന്നലെ 21,634 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 26,702 പേര്‍ രോഗമുക്തി നേടി. മരണം 182. ഇതോടെ ആകെ മരണം 4,49,029 ആയി. ഇതുവരെ 3,38,34,243 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.58 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,692 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,531 പേര്‍ക്കും മിസോറാമില്‍ 1,276 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 2,86,137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 24,467 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,439 പേര്‍ക്കും റഷ്യയില്‍ 25,769 പേര്‍ക്കും തുര്‍ക്കിയില്‍ 27,351 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.56 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.83 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,225 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 251 പേരും റഷ്യയില്‍ 890 പേരും മെക്സിക്കോയില്‍ 614 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.15 ലക്ഷം.
🔳ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ സെപ്റ്റംബര്‍ മാസത്തിലെ മാരുതിയുടെ വില്‍പ്പനയും ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 46 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ സെപ്റ്റംബറില്‍ വിറ്റഴിച്ചത് 86,380 യൂണിറ്റുകള്‍ മാത്രമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി 1,60,442 യൂണിറ്റുകള്‍ വിറ്റതായി മാരുതി സുസുകി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 54.9 ശതമാനം ഇടിഞ്ഞ് 68,815 യൂണിറ്റായി. 2020 സെപ്റ്റംബറില്‍ ഇത് 1,52,608 യൂണിറ്റായിരുന്നു.
🔳വിദേശ വമ്പന്മാരായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവരോട് പൊരുതി മികച്ച നേട്ടം കൊയ്ത് മീശോ. ധാരാളം ഫാഷന്‍ ആപ്പുകളുടേയും വെബ്സൈറ്റുകളുടേയും മത്സരത്തില്‍ രണ്ട് വര്‍ഷമായി മീശോ രംഗത്തുണ്ട്. അഫോര്‍ഡബ്ള്‍ ഫാഷനൊപ്പം വീട്ടിലിരുന്ന് സാധനങ്ങള്‍ മറിച്ച് വില്‍ക്കാന്‍ റീസെല്ലിംഗ് അവസരങ്ങള്‍ നല്‍കുന്ന മീശോ ആപ്പിന് വന്‍ പ്രചാരമാണ് നേടാനായത്. ഗ്രാമങ്ങളില്‍ പോലും മികച്ച സാന്നിധ്യമാകാന്‍ കഴിഞ്ഞ മീശോയുടെ മൂല്യം 2.1 ബില്യണ്‍ ഡോളര്‍ എത്തിയിരിക്കുകയാണ്. 2019 ലെ 700 മില്യണ്‍ ഡോളറില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. 570 മില്യണ്‍ ഡോളര്‍ സമാഹരിച്ചതിലൂടെയാണ് കമ്പനിയുടെ മൂല്യമുയര്‍ന്നത്.
🔳രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ നായകന്മാരാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങള്‍.
🔳അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മിഷന്‍ സി’ റിലീസിനായി ഒരുങ്ങുന്നു. സംസ്ഥാനത്തെ തിയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ അറിയിപ്പ് വന്നതിനു പിന്നാലെയാണ് ചിത്രത്തിന്റെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മീനാക്ഷി ദിനേശ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
🔳ദില്ലി ആസ്ഥാനമായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ കൊമാകി പുതിയ എക്സ്ജിടി എക്സ്1 സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിച്ചു. 45,000 രൂപയാണ് വിലയുള്ള ഈ ഇലക്ട്രിക് വാഹനത്തിന് ലെഡ്-ആസിഡ് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 2020 ജൂണില് അവതരിപ്പിച്ച സ്‌കൂട്ടറിന്റെ പുതിയ മോഡലാണിത്. മോഡലിന്റെ ജെല്‍ ബാറ്ററി പതിപ്പിനാണ് 45,000 രൂപ മുടക്കേണ്ടത്. അതേസമയം ലിഥിയം അയണ്‍ ബാറ്ററി ഉള്ള വേരിയന്റിനായിഏകദേശം 60,000 രൂപയും ചെലവഴിക്കേണ്ടി വരും.
🔳മലയാള സിനിമാഗാനമേഖലയെ അന്യഭാഷാശൈലികളില്‍നിന്നും ഈണപ്പകര്‍ച്ചകളില്‍നിന്നും മോചിപ്പിച്ച് കേരളീയതയുടെ ആധാരശ്രുതിയുമായി ചേര്‍ത്തിണക്കിയ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകന്‍ കെ. രാഘവന്റെ ജീവചരിത്രം. ‘കെ. രാഘവന്‍- ഈണങ്ങളുടെ രാജശില്പി’. മുകുന്ദന്‍ മഠത്തില്‍. മാതൃഭൂമി. വില 160 രൂപ.
🔳ആമാശയത്തിലെ ക്യാന്‍സര്‍ പൊതുവില്‍ വര്‍ഷങ്ങളെടുത്താണ് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍ ഏറെ സമയമെടുക്കുകയും ചികിത്സ വൈകി മറ്റ് ശരീരഭാഗങ്ങളിലേക്ക് ക്യാന്‍സര്‍ പരുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കരള്‍, ശ്വാസകോശങ്ങള്‍, എല്ലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആമാശയത്തില്‍ നിന്ന് ക്യാന്‍സര്‍ പടരാം. ആമാശയകലകളെയുണ്ടാക്കുന്ന ഡിഎന്‍എ കോശങ്ങളില്‍ മാറ്റം വരുന്നതോടെയാണ് ക്യാന്‍സര്‍ ആരംഭിക്കുന്നത്. ഈ മാറ്റങ്ങള്‍ മൂലം കോശങ്ങള്‍ പെട്ടെന്ന് വളരുകയും ഇരട്ടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവ കൂടിച്ചേര്‍ന്ന് ട്യൂമറായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. അമിതവണ്ണം, പാരമ്പര്യം, എ- ടൈപ്പ് രക്തം, ഉപ്പ് അധികമായി ചേര്‍ന്ന ഭക്ഷണം അതുപോലെ സ്‌മോക്ക്ഡ് ഫുഡ് അധികമായി കഴിക്കുന്നത്, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഡയറ്റ് ദീര്‍ഘകാലം പിന്തുടരുന്നത്, ചില അണുബാധകള്‍, പതിവായ പുകവലി, മറ്റ് ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ആമാശയത്തിലെ ക്യാന്‍സറിലേക്ക് നീളാം. നെഞ്ചെരിച്ചില്‍, ഓക്കാനം വരിക, വിശപ്പില്ലായ്മ, ദഹനപ്രശ്‌നം, വയറുവേദന, മലത്തില്‍ രക്തം, ശരീരഭാരം നന്നായി കുറയുക, ഭക്ഷണം വിഴുങ്ങാന്‍ പ്രയാസം, വയറ് വീര്‍ത്ത് കാണപ്പെടുക, ചര്‍മ്മത്തിലും കണ്ണുകളിലുമെല്ലാം മഞ്ഞനിറം പടരുക, ഛര്‍ദ്ദി എന്നിവയെല്ലാം ആമാശയത്തിലെ ക്യാന്‍സറിന്റെ ചില സൂചനകളാണ്.