പ്രഭാത വാർത്തകൾ
🔳അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത് ദില്ലിയില്‍ ഇപ്പോള്‍ 471 ന് മുകളിലാണ്.
🔳മുല്ലപ്പെരിയാര്‍ വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി. ഇത് ഒരു തുടര്‍ച്ചയുള്ള വിഷയമാണ്. വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകള്‍ വരുമ്പോള്‍ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി കേസ് മാറ്റി. കേസ് നവംബര്‍ 22ന് വീണ്ടും പരിഗണിക്കും.
🔳ഐ.എസ് പോലെ ഭീകരവാദമാണ് ഹിന്ദുത്വയെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. രാഹുല്‍ ഗാന്ധി ഇതിനെ പിന്തുണച്ചത് പക്വതയില്ലാത്തുകൊണ്ടാണെന്നും സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ജിഹാദികളുടെ പിന്തുണ മാത്രമേ കിട്ടുകയുള്ളൂവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഹൃദയ വിശാലതകൊണ്ട് മാത്രമാണ് മതസ്വാതന്ത്ര്യം പകര്‍ന്ന് കിട്ടിയതെന്നു പറഞ്ഞ അബദുള്ളക്കുട്ടി തീവ്രവാദികളുമായി ഹിന്ദുത്വത്തെ സാമ്യപ്പെടുത്തുന്നത് ഖുര്‍ഷിദിന്റെ ബുദ്ധിക്ക് തകരാറുള്ളതുകൊണ്ട് മാത്രമാണെന്നും വിമര്‍ശിച്ചു.
🔳കോഴിക്കോട് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസ് എടുത്തത്. മുന്‍ ഡിസിസി അധ്യക്ഷന്‍ യു.രാജീവന്‍ അടക്കം ഇരുപത് പേരെ പ്രതിയാക്കിയാണ് കേസെടുത്തത്.
🔳കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
🔳കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. മരട് പൊലീസാണ് നടനെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ജോജു 500 രൂപ പിഴയും ഒടുക്കണം.
🔳വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലീം ലീഗ്. വഖഫ് ബോര്‍ഡ് നിയമനവിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 22-ന് വിവിധ മുസ്ലീംസംഘടനകളുടെ നേതൃയോഗം കോഴിക്കോട് വച്ചു ചേരുമെന്നും അറിയിച്ചു. മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സര്‍ക്കാര്‍ കാണിക്കുന്നതെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍,പതിനായിരം തസ്തികയുള്ള ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും പിഎംഎ സലാം ആരോപിച്ചു.
🔳കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. 24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്ന് കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. നവംബര്‍ മാസം പകുതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം കിട്ടിയിരുന്നില്ല. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.
🔳ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം.മുകുന്ദന്. ഡല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ഡല്‍ഹി: എ സോളിലോക്വി’ എന്ന കൃതിക്കാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. സാഹിത്യസൃഷ്ടികള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
🔳സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഐഎംഡിക്ക് പുറമെ മറ്റ് കാലാവസ്ഥാ ഏജന്‍സികളുടെ കൂടെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണ് നിര്‍ദേശം.
🔳മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്‌സലുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്. തിരച്ചിലിനിടെ നക്‌സലുകള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യം നാല് പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു.
🔳സമാജ് വാദി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് ഷാ. ഉത്തര്‍പ്രദേശില്‍ നടന്ന പൊതുയോഗത്തിലാണ് അമിത് ഷായുടെ വിമര്‍ശനം. ബിജെപി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവക്കൊപ്പം നില്‍ക്കുമ്പോള്‍ സമാജ് വാദി ജിന്ന, അസം ഖാന്‍, മുഖ്താര്‍ അന്‍സാരി എന്നിവരോടൊപ്പമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെ അഖിലേഷ് യാദവ് പുകഴ്ത്തുകയാണെന്നും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ജിന്നയെ മഹദ് വ്യക്തിയായി അഖിലേഷ് കാണുകയാണെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിം പ്രീണനത്തിനായി അഖിലേഷ് മതം മാറിയേക്കുമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപും ആരോപിച്ചു.
🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിന് വേണ്ടത് യോഗ്യതയുള്ള സര്‍ക്കാരിനേയാണ്, അല്ലാതെ യോഗി സര്‍ക്കാരിനെ അല്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ അറിയില്ല. ഒരു മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹത്തിന് ഉപയോഗിക്കാന്‍ അറിയില്ലെന്നാണ് താന്‍ കേട്ടറിഞ്ഞതെന്നും അഖിലേഷ് വ്യക്തമാക്കി. നാടിന്റെ വികസനമല്ല മറിച്ച് നാശത്തിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
🔳ഉത്തര്‍പ്രദേശ് നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസംഗഢില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ‘അസംഗഢില്‍ സര്‍വകലാശാലക്ക് ശിലയിട്ടുവെന്നും അസംഗഢ് ആര്യംഗഢാക്കി മാറ്റുമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പശുക്കളെ പരിപാലിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അത്തരത്തിലുള്ളവര്‍ക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാന്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
🔳രാജ്യത്തെ ഞെട്ടിച്ച് മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിലാണ് അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാന്‍മാരും അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു.
🔳മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാ ഫ്രണ്ടുമാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇരുവരും ഉത്തരവാദിത്തം ഏറ്റെടുത്തത്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പുതിയ സീസണില്‍ ജെസല്‍ കാര്‍നെയ്റോ നയിക്കും. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ മൂന്നു ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കാര്‍നെയ്റോ.
🔳ടി20 ലോകകപ്പിലെ വിജയിയെ ഇന്നറിയാം. ഫൈനലില്‍ ഓസ്ട്രേലിയയെ ന്യൂസിലന്‍ഡ് നേരിടും. രാത്രി 7:30ന് ദുബായിലാണ് മത്സരം. അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റില്‍ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. 2015 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് ഓസ്ട്രേലിയയോട് പകരം ചോദിക്കാനുള്ള അവസരമാണ് ന്യൂസിലന്‍ഡിന് ദുബായില്‍ വന്നിരിക്കുന്നത്.
🔳ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ രാഷ്ട്രീയ, കായിക മേഖലയിലെ ഉന്നതര്‍ക്കെതിരേ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹാര്‍ദികിന് പുറമേ മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍, കോണ്‍ഗ്രസ് നേതാവും ബിസിസിഐയുടെ മുന്‍ ചെയര്‍മാനുമായ രാജീവ് ശുക്ല എന്നിവര്‍ പീഡിപ്പിച്ചുവെന്നാണ് ഭാട്ടിയുടെ ഭാര്യ റെഹ്നുമ ഭാട്ടി മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
🔳24 വര്‍ഷങ്ങള്‍ക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു. ആദ്യ വനിതാ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. 2022 ജൂലൈ 29-നാണ് മത്സരം.
🔳കേരളത്തില്‍ ഇന്നലെ 71,906 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 151 മരണങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,685 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 497 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേര്‍ രോഗമുക്തി നേടി. ഇതോടെ 68,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135.
🔳ആഗോളതലത്തില്‍ ഇന്നലെ 4,10,501 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 31,043 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,351 പേര്‍ക്കും റഷ്യയില്‍ 39,256 പേര്‍ക്കും തുര്‍ക്കിയില്‍ 22,583 പേര്‍ക്കും ജര്‍മനിയില്‍ 35,276 പേര്‍ക്കും ഉക്രെയിനില്‍ 23,572 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.91 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,772 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 472 പേരും റഷ്യയില്‍ 1,241 പേരും ഉക്രെയിനില്‍ 695 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.10 ലക്ഷമായി.
🔳2021 സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇരുചക്രവാഹന വിപണിയിലെ ലീഡര്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ഏകീകൃത അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 747.79 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 963.82 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 8,538.85 രൂപയാണ്. മുന്‍വര്‍ഷത്തെ പാദത്തില്‍ ഇത് 9,473.32 കോടി രൂപയായിരുന്നു. 22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 14.38 ലക്ഷം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകള്‍ കമ്പനി വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 18.22 ലക്ഷം യൂണിറ്റില്‍ നിന്ന് 21 ശതമാനം ഇടിവ്.
🔳ഭക്ഷ്യ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് ഇരട്ടി പ്രഹരമേകി പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഭക്ഷ്യ വസ്തുക്കള്‍ക്കു പുറമേ ഭക്ഷ്യേതര വസ്തുക്കളുടെ വിലയും കുതിക്കുമെന്നാണു റിപ്പോര്‍ട്ട്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, മദ്യം തുടങ്ങിയവയുടെ വില എട്ടു മുതല്‍ പത്തു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പലചരക്ക്, അവശ്യവസ്തുക്കള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, ഡൈനിങ് എന്നിവ വില്‍ക്കുന്ന കമ്പനികള്‍ ഇതിനകം തന്നെ വില വര്‍ധിപ്പിച്ചു. ഇതിനു പുറമേ പുതുവര്‍ഷത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കാനുള്ള നീക്കം അണിയറിയില്‍ തകൃതിയാണ്.
🔳ബിജു മേനോന്‍ നായകനാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസ് ‘ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് മടങ്ങി വരുന്നു. നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു ന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവര്‍ത്തകനുമായ ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. ‘ബ്രോ ഡാഡി ‘യുടെ സഹ എഴുത്തുക്കാരമാണ് ശ്രീജിത്ത്.
🔳വൈക്കം വിജയലക്ഷ്മി പാടിയ റൂട്ട് മാപ്പിലെ ഗാനം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. ലോക്ക് ഡൗണ്‍ അവസ്ഥകള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ രജനീഷ് ചന്ദ്രന്റേതാണ്. പ്രശാന്ത് കര്‍മ്മയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിനെ റൂട്ട് മാപ്പിന്റെ ട്രെയ്‌ലര്‍ ഇന്‍വിറ്റേഷന്‍ സോംഗായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സൂരജ് സുകുമാരന്‍ നായരും അരുണ്‍ കായംകുളവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
🔳ഇന്ത്യയില്‍ പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിച്ച് പോര്‍ഷെ. ഇലക്ട്രിക് സെഡാനായ ടൈക്കാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ, ഇന്റീരിയറില്‍ പുതുമകളുമായി മാക്കാന്റെ അപ്‌ഗ്രേഡഡ് മോഡലും പോര്‍ഷെ ലോഞ്ച് ചെയ്തു. പുതിയ മാക്കാന് 83.21 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ വില്‍പ്പന നടക്കുന്ന മോഡലായ മാക്കാന്‍ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത്. വാഹനത്തിന് 14 പുതിയ കളറുകളും കമ്പനി നല്‍കിയിട്ടുണ്ട്. 2 ലിറ്റര്‍ ടര്‍ബോ ചാര്‍ജോടു കൂടിയ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാക്കാന് കരുത്തേകുക.
🔳ഒരു തലമുറയിലെ കുട്ടികളെയപ്പാടെ സ്വാധീനിച്ച, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ നോവല്‍രൂപം. രാരാകു എന്നു വിളിക്കപ്പെടുന്ന രാജു, രാധ, കുഞ്ചു എന്നീ കുട്ടികളും അവരുടെ സുഹൃത്തും സംരക്ഷകനുമായിത്തീരുന്ന കുട്ടിച്ചാത്തനും റിക്ഷാക്കാരന്‍ ചക്രക്കുഞ്ഞും ഈര്‍ക്കിലി ഡൂക്കിലി മന്ത്രവാദിയും ചങ്ങലപ്പാമ്പും വെള്ളരിക്കണ്ണനും മാന്ത്രികവവ്വാലും പുഷ്‌കരന്‍മാസ്റ്ററും മാന്ത്രികപ്പൂട്ടുകുറ്റിയും മിന്നാമിനുങ്ങിന്റെ രഥവും… ഇവര്‍ക്കെല്ലാം പുറമേ ഭൂംമ്പാഭൂ എന്ന മഹാമാന്ത്രികനും ചേര്‍ന്നു സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ചകള്‍… മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തന്‍ നോവല്‍രൂപത്തില്‍. രഘുനാഥ് പലേരി. ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’. വില 264 രൂപ.
🔳കോവിഡ് ലോക്ക്ഡൗണിനു ശേഷം ദീര്‍ഘനേരം ഇരിക്കുന്നവരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍പറയുന്നു. മഹാമാരിക്ക് മുന്‍പ് ആഴ്ചയില്‍ 2.5 മുതല്‍ 5 മണിക്കൂര്‍ വരെ മിതമായതും തീവ്രവുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെ 32% കുറവുണ്ടായതായി പഠനം കണ്ടെത്തി. ദീര്‍ഘ നേരം ഇരിക്കുന്നവരില്‍ വിഷാദം, ഉത്കണ്ഠ എന്നിവ കണ്ടെത്തിയതായും, എന്നാല്‍ ഇരിക്കുന്നത് വിഷാദത്തിന് കാരണമാകുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പഠനം ചൂണ്ടി കാട്ടുന്നു. കൂടുതല്‍ വിഷാദമുള്ളവര്‍ കൂടുതല്‍ ഇരിക്കാറുണ്ടെന്ന് അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കി. അല്ലെങ്കില്‍ കൂടുതല്‍ ഇരിക്കുന്ന ആളുകള്‍ കൂടുതല്‍ വിഷാദരോഗികളായി മാറി എന്നും കരുതപ്പെടുന്നു. മറ്റ് നിരവധി ഘടകങ്ങളും അതിന് ബാധകമാകുന്നുണ്ട്. കോവിഡ് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ് വഴി തെളിച്ചത്. അതില്‍ വലിയ പ്രശ്നം തന്നെയാണ് വിഷാദ രോഗം. പലരും ഈ അവസ്ഥയെ തുടര്‍ന്ന് ആത്മഹത്യാ ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
*ശുഭദിനം*
ബെല്ലാരിക്കടുത്ത് കല്ലുകമ്പ ഗ്രാമത്തിലാണ് മഞ്ചുനാഥ ഷെട്ടി ജനിച്ചത്. 21 മക്കളില്‍ ഒരാള്‍. ഒരാണ്‍കുട്ടിയെയായിരുന്നു വീട്ടുകാര്‍ പ്രതീക്ഷിച്ചത്. പക്ഷേ, വളര്‍ന്നുവരുന്തോറും തന്നില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്ന് അവന്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടികളോടൊപ്പം കളിക്കുമ്പോഴും, പെണ്‍കുട്ടികളുടെ ജോലികള്‍ ചെയ്യുമ്പോഴെല്ലാം വീട്ടുകാര്‍ അവനെ ശിക്ഷിക്കുമായിരുന്നു. പതിനഞ്ചാം വയസ്സില്‍ അവനെ പെണ്‍കുട്ടിയെപോലെ പാവാടയും ബ്ലൗസും വളകളും അണിയിച്ച് ജോഗപ്പ ക്ഷേത്രത്തിലെ ദൈവത്തിന്റെ വധുവെന്നപേരില്‍ വീട്ടുകാര്‍ ഉപേക്ഷിച്ചു. വലിയ ലോകത്ത് തനിച്ചാകപ്പെട്ട അവന്‍ തെരുവുകളില്‍ ഭിക്ഷയാചിച്ചു. ആളുകള്‍ അവനെ ആട്ടിപ്പായിച്ചു. ഇരുട്ടുമ്പോള്‍ പലരും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ചു. അതിജീവനത്തിനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഇഡ്‌ലി വില്‍പന ആരംഭിച്ചു. അതില്‍ നിന്നും കിട്ടിയ തുക മിച്ചം വെച്ച് അവന്‍ ഒരു കുപ്പി വിഷം വാങ്ങി കുടിച്ചു. ഈ നശിച്ചഭൂമി ഒരിക്കലും ഇനി കാണരുതെന്ന പ്രാര്‍ത്ഥനയോടെ! പക്ഷേ, അവന്റെ നിയോഗം മറ്റൊന്നായിരുന്നു. ആത്മഹത്യയില്‍ നിന്നും ജോഗതി നൃത്തസംഘം അവനെ രക്ഷപ്പെടുത്തി. ജോഗതി എന്നത് ജോഗപ്പകളെന്ന് വിളിക്കപ്പെട്ടുവരുന്ന വടക്കന്‍ കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ക്കിടയിലെ നാടോടി പാരമ്പര്യ നൃത്തരൂപമാണ്. അവര്‍ അവനെ അവളാക്കി മാറ്റി. ജോഗതി നൃത്തം പരിശീലിപ്പിച്ചു. താന്‍ പൂര്‍ണ്ണതയിലേക്ക് എത്തുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു. മഞ്ജുനാഥ ഷെട്ടി അങ്ങനെ മഞ്ചമ്മയായി മാറി. ആരുടേയും മുഖത്ത് നോക്കാതെ അവനവന്റെ ഉള്ളിലേക്ക് മാത്രം ഒതുങ്ങി ജീവിച്ച അവര്‍ ലോകത്തെ നോക്കി പാടി. ചുവടുവെച്ചു. ഓരോ നൃത്തവേദികളിലും അവര്‍ പുതിയ ലോകത്തെ കണ്ടെത്തി. മഞ്ചമ്മയും ഗുരു കാലവാ ജോഗതിയും ചേര്‍ന്നാണ് ജോഗതി നൃത്തത്തെ പാരമ്പര്യത്തിന്റെ പുറമ്പോക്കില്‍ നിന്ന് പൊതുവേദിയിലെത്തിച്ചത്. കൃത്യമായൊരു അടിത്തറ പാകിയത്. കര്‍ണ്ണാടക ജാനപദ അക്കാദമിയുടെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ അധ്യക്ഷയായി മഞ്ചമ്മ മാറി. പാരമ്പര്യ കലാരൂപങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം നാടോടി കലാകാരന്മാരെയും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെയും സംരക്ഷണത്തിനായി മഞ്ചമ്മ മുന്നിട്ടിറങ്ങി. ഇന്ന് രാഷ്ട്രം അവരെ പത്മ പുസ്‌കാരം നല്‍കി ആദരിച്ചു. നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ ശക്തയായ ഒരു ഞാനുണ്ട്. ആ എന്നെ തിരിച്ചറിയുന്നിടത്താണ് ഓരോ വ്യക്തിയുടേയും അതിജീവനവഴി ആരംഭിക്കുന്നത്