മുടിക്ക് ഷാംപൂ വേണ്ട; പകരംവയ്ക്കാന്‍ ഇവ മാത്രം മതി
പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മലിനീകരണം, വെള്ളത്തിലെ മാറ്റം, സമ്മര്‍ദ്ദം എന്നിവയാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണമാകുന്നത്. കൂടാതെ, ഷാംപൂവിന്റെ അമിത ഉപയോഗവും നിങ്ങളുടെ മുടിക്ക് നല്ലതല്ല. നിങ്ങളുടെ മുടിയുടെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ കാലങ്ങളായി മുടിക്ക് ചില പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. റീത്ത, ശിക്കാകായ്, ചെമ്പരത്തി തുടങ്ങിയവ നിങ്ങളുടെ മുടിയുടെ പല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നു.
ഷാംപൂവിന് പകരമായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്ത ക്ലെന്‍സറുകളുണ്ട്. ഈ പ്രകൃതിദത്ത ഹെയര്‍ ക്ലെന്‍സറുകള്‍ നിങ്ങളുടെ മുടിക്ക് കേടുവരുത്തുകയില്ല. ഇവ നിങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ വ്യത്യാസം കാണും. ഷാംപൂ ഇല്ലാതെ മുടി കഴുകാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്ത ഹെയര്‍ ക്ലെന്‍സറുകള്‍ ഇതാ.
മുള്‍ട്ടാനി മിട്ടി
മുടിക്ക് ഒരു ക്ലീനിംഗ് ഏജന്റായി കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് മുള്‍ട്ടാനി മിട്ടി. ചര്‍മ്മത്തിന്റെയും മുടിയുടെയും പ്രശ്‌നങ്ങളെ ചികിത്സിക്കാന്‍ പല ഹെര്‍ബല്‍ ഉത്പന്നങ്ങളിലും ഇത് ഉപയോഗിക്കുന്നു. തലയോട്ടിയിലെ എണ്ണയും അഴുക്കും ആഗിരണം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ മുള്‍ട്ടാനി മിട്ടി നിങ്ങള്‍ക്ക് ഷാംപൂവിന് പകരമായി മുടി കഴുകാന്‍ ഉപയോഗിക്കാം. മൂന്ന് ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എടുത്ത് വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കിയാല്‍ മാത്രം മതി. നിങ്ങളുടെ തലയോട്ടിയില്‍ ഈ പേസ്റ്റ് മസാജ് ചെയ്യുക. അഞ്ച് മിനിറ്റ് കഴിഞ്ഞശേഷം കഴുകിക്കളയുക. ഏത് തരത്തിലുമുള്ള മുടിയ്ക്കും നിങ്ങള്‍ക്ക് മുള്‍ട്ടാനി മിട്ടി ഉപയോഗിക്കാം.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയ്ക്ക് നിരവധി ഉപയോഗങ്ങളുണ്ട്. മുടി കഴുകാനും ഇത് ഉപയോഗിക്കാം. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് തലയില്‍ മസാജ് ചെയ്യുക. ശേഷം മുടി നന്നായി കഴുകുക.
ചെമ്പരത്തി
മുടിക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ചെമ്പരത്തി. ഇതിന്റെ പൂക്കളും ഇലയും നിങ്ങള്‍ക്ക് ഷാംപൂവിന് പകരമായി ഉപയോഗിക്കാം. പൂക്കളോ ഇലകളോ രണ്ട് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് ചതച്ചെടുക്കുക. വഴുവഴുപ്പുള്ള മിശ്രിതമായിക്കഴിഞ്ഞ് ഇത് മുടി കഴുകാന്‍ ഉപയോഗിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടി വൃത്തിയാക്കുക മാത്രമല്ല താരന്‍, മുടി കൊഴിച്ചില്‍ എന്നിവ പരിഹരിക്കുകയും ചെയ്യും. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി വളരെ മൃദുവും ഈര്‍പ്പമുള്ളതുമായി മാറും.
കടലമാവ്
മുടിക്ക് മറ്റൊരു ശുദ്ധീകരണ ഏജന്റാണ് കടലമാവ്. ഇത് നിങ്ങള്‍ക്ക് മുടി കഴുകാന്‍ ഉപയോഗിക്കാം. രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ് എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഈ പേസ്റ്റ് മുടിയിലും തലയോട്ടിയിലും പുരട്ടുക. മസാജ് ചെയ്ത് ഏകദേശം അഞ്ച് മിനിറ്റ് വിടുക. അതിനുശേഷം നിങ്ങളുടെ മുടി നന്നായി കഴുകുക. കടലമാവ് നിങ്ങളുടെ മുടി വൃത്തിയാക്കുകയും അതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും.
റീത്ത
പണ്ടുമുതലേ ഇന്ത്യയില്‍ മുടിസംരക്ഷണ ഉപാധിയായി റീത്ത അഥവാ സോപ്പുകായ ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സപ്പോണിന്‍ നിങ്ങളുടെ മുടി വരണ്ടതാക്കാതെ സൂക്ഷിക്കുന്നു. മുടി കഴുകാന്‍ നിങ്ങള്‍ക്ക് റീത്ത പൊടി ഉപയോഗിക്കാം. രണ്ട് ടേബിള്‍സ്പൂണ്‍ റീത്ത പൊടി എടുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. പേസ്റ്റ് 10 മിനിറ്റ് മാറ്റിവയ്ക്കുക, തുടര്‍ന്ന് ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് നിങ്ങളുടെ തലയില്‍ മസാജ് ചെയ്ത് ഏകദേശം അഞ്ച് മിനിറ്റ് വിടുക. അതിനുശേഷം വെള്ളത്തില്‍ മുടി നന്നായി കഴുകുക. റീത്ത ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി തിളക്കമുള്ളതും കട്ടിയുള്ളതുമാക്കും.