Sunday, December 29, 2024
Top News

രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തും; വയനാട്ടില്‍ പ്രിയങ്ക മത്സരിക്കും

ദില്ലി: രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ വൈകീട്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയു‍ടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതിലെ അവസാന വട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം ചേര്‍ന്നത്. രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഖര്‍ഗെ, രാഹുല്‍ ഗാന്ധി വയനാട് വിട്ട് റായ്ബറേലിയില്‍ തുടരും എന്ന് അറിയിച്ചു. ഇരട്ടി മധുരമുള്ള മറ്റൊരു തീരുമാനമുണ്ടെന്നറിയിച്ച് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന് നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധി, സഹോദരന്‍റെ അസാന്നിധ്യം അറിയിക്കാതെ താന്‍ വയനാടിന് കാവലാകുമെന്ന് വ്യക്തമാക്കി.

വയനാട് ഒഴിയാനുള്ള തീരുമാനം കടുത്തതായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രണ്ടിടത്തെയും വോട്ടര്‍മാര്‍ക്ക് സ്വീകാര്യമായ തീരുമാനം വരുമെന്ന് താന്‍ മുന്‍പ് പറഞ്ഞ കാര്യം ഓര്‍മ്മപ്പെടുത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്കക്കൊപ്പം വയനാട്ടില്‍ താനുമുണ്ടായിരിക്കുമെന്നും വയനാടിന് ഇനി 2 എംപിമാരുണ്ടാകുമെന്നും പറഞ്ഞു.

വയനാടിനെ ഗാന്ധി കുടുംബം ഉപേക്ഷിച്ചുവെന്ന് ആക്ഷേപങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം. ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി പാര്‍ലമെന്‍റിലെത്തിയാല്‍ പ്രതിപക്ഷ നിര കൂടുതല്‍ ശക്തമാകും. എന്നാല്‍ കുടുംബാധിപത്യമെന്ന ആക്ഷേപം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതലയുമായി സാന്നിധ്യമറിയിച്ച പ്രിയങ്ക ഗാന്ധി, 2019ലാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതല ആദ്യം വഹിച്ച പ്രിയങ്ക പിന്നീട് ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി.

Leave a Reply

Your email address will not be published. Required fields are marked *