Sunday, December 29, 2024
National

ബംഗാൾ സിലിഗുഡിയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 15 ആയി; പ്രധാനമന്ത്രി അനുശോചിച്ചു

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽ 50 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടുന്നു. കാഞ്ചൻജംഗ എക്‌സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചു.

ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ത്രിപുരയിലെ അ​ഗർത്തലയിൽനിന്ന് പശ്ചിമ ബം​ഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസാണ് അപകടത്തിൽ‌പ്പെട്ടത്. ​ഗുഡ്സ് ട്രെയിൻ സി​ഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. അപകടത്തിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്രെയിൻ അപകടം ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയവർ അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *