Saturday, January 4, 2025
National

വയനാടോ റായ്ബറേലിയോ? ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും

ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും. ദേശീയ രാഷ്ട്രീയ സാഹചര്യവും പാർട്ടിയിലെ പൊതു വികാരവും കണക്കിലെടുത്ത് റായ്ബറേലി നിലനിർത്താനാണ് സാധ്യത. രാഹുൽ ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്.

രണ്ടു മണ്ഡലങ്ങളിൽ നിന്ന് ജയിച്ചവർ വരണാധികാരിയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ച് 14 ദിവസത്തിനകം ഒരു മണ്ഡലം രാജിവെക്കണമെന്നാണ് വ്യവസ്ഥ. തീരുമാനമെടുക്കാനുള്ള രാഹുലിന്റെ സമയപരിധി നാളെ അവസാനിക്കും. രാജി വെച്ചില്ലെങ്കിൽ രണ്ടു മണ്ഡലങ്ങളിലെ ഫലം റദ്ദാക്കും. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനും ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തിനും രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.

ബിജെപിയോട് പോരാടാൻ രാഹുൽ വടക്കേ ഇന്ത്യയിൽ തന്നെ തുടരണമെന്നും ഇവർ പറയുന്നു. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വയനാട് നിലനിർത്തുന്നതുകൊണ്ട് പാർട്ടിക്ക് വലിയ ഗുണവുമില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന മണ്ഡലമായ വയനാട്ടിനോട് രാഹുലിന് വൈകാരികമായ അടുപ്പമുണ്ട്. രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരാണ് സജീവ പരിഗണനയിൽ.ആരെയും മുറിവേൽപ്പിക്കാത്ത തീരുമാനം ഉണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കിയതോടെ പ്രിയങ്കയുടെ പേരാണ് സജീവ ചർച്ചയിൽ.

Leave a Reply

Your email address will not be published. Required fields are marked *