പ്രഭാത വാർത്തകൾ
🔳രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍. മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം 10 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയില്‍ നിന്നെത്തിയ 37 കാരനുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി.
🔳രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ,പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും കുട്ടികള്‍ക്കുള്ള വാക്സീനേഷന്‍ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു.
🔳ഇന്ത്യയും റഷ്യയും കൊവിഡിനെ ഒന്നിച്ച് നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൊവിഡ് ബാധിച്ചില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്നും നരേന്ദ്രമോദി ദില്ലിയില്‍ പറഞ്ഞു.
🔳കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം വൈകുന്നതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെയാണ് കോടതി വിമര്‍ശിച്ചത്. 37,000 പേര്‍ അപേക്ഷിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ ഒരാള്‍ക്ക് പോലും സഹായ ധനം നല്‍കിയിട്ടില്ലെന്നത് നിരാശാജനകമാണ് എന്നും കോടതി പറഞ്ഞു. അപേക്ഷകളുടെ എണ്ണം കുറവാണ് എന്ന് നിരീക്ഷിച്ച കോടതി, സഹായധനം ലഭിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ കൂടുതല്‍ പ്രചാരണം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
🔳സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ക്ലിഫ് ഹൗസ് സുരക്ഷ അവലോകനം ചെയ്യാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചു. വിവിഐപികളുടെയും വിഐപികളുടെയും സുരക്ഷ ഏകോപനത്തിനായി ഒരു എസ്പിയുടെ പ്രത്യേക തസ്തികയും ഉണ്ടാക്കും.
🔳വിവാദങ്ങള്‍ക്കിടയിലും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതിക്ക് റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിനായി റെയില്‍വേയും കെ റെയിലും സംയുക്തപരിശോധന നടത്തും. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്. അതിരടയാളകല്ലുകള്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധം തുടരുമ്പോഴാണ് റെയില്‍വേഭൂമിയില്‍ അതിരടയാളകല്ലുകളിടാന്‍ തീരുമാനിച്ചത്.
🔳ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.
🔳മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നല്‍കും. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും ജല വിഭവ മന്ത്രി വ്യക്തമാക്കി.
🔳മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ എംഎം മണി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമര്‍ശനം. ”കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടില്‍ പോയിരുന്നു സമരം ചെയ്താല്‍ മതിയെന്നും എംഎം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയില്‍ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്നാട് സര്‍ക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി പറഞ്ഞു.
🔳പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി പിന്തുണ പ്രഖ്യാപിച്ച് സിപിഎം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
🔳വഖഫ് ബോര്‍ഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചര്‍ച്ചയ്ക്ക് എത്തുക. 11 മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നതാണ് സമസ്തയുടെ ആവശ്യം.
🔳ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ പേരില്‍ എയര്‍പോര്‍ട്ടുകളില്‍ പകല്‍കൊള്ള നടത്തുകയാണെന്ന് ടി എന്‍ പ്രതാപന്‍ എം പി. സാധാരണ ആര്‍ ടി പി ആര്‍ ടെസ്റ്റ് ചെയ്യാന്‍ വേണ്ടതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയര്‍പോര്‍ട്ടുകളില്‍ ഈടാക്കുന്നതെന്നും ടി.എന്‍.പ്രതാപന്‍ ആരോപിച്ചു.
🔳പിങ്ക് പൊലീസ് കേസില്‍ അതി രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. അതിനിടെ കേസില്‍ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി.
🔳പിങ്ക് പൊലീസ് കേസില്‍ പൊലീസുകാരിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അഭിപ്രായമെന്നും ജയചന്ദ്രന്‍ പ്രതികരിച്ചു.
🔳കേരളത്തിലെ മഹിള കോണ്‍ഗ്രസ് അധ്യക്ഷയായി ജെബി മേത്തറെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റിന് വേണ്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ച ലതികാ സുഭാഷ് ഒഴിച്ചിട്ട സ്ഥാനമാണ് മാസങ്ങള്‍ക്കു ശേഷം ജെബിക്കു ലഭിക്കുന്നത്.
🔳വന്യ മൃഗങ്ങളുടെ അക്രമണം ബാധിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം വന്യ മൃഗങ്ങളുടെ അക്രമണത്താല്‍ ജീവന്‍ നഷ്ടമാവുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, വനാതിര്‍ത്തിക്ക് പുറത്ത് പാമ്പ് കടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിന് 2 ലക്ഷവും, അക്രമണങ്ങളില്‍ പരിക്ക് പറ്റുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും, വിളകളുടെ നാശനഷ്ടങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്‍കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
🔳നാഗാലാന്‍ഡ് വെടിവയ്പ്പില്‍ പ്രതിഷേധം കനക്കുന്നതിനിടെ കോണ്‍ഗ്രസ് സംഘം സംസ്ഥാനത്തേക്ക്. നാലംഗ സംഘം നാഗാലാന്‍ഡ് സന്ദര്‍ശിക്കും. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാന്‍ഡിന്റെ ചുമതലയുള്ള അജോയ് കുമാര്‍ ഗൗരവ് ഗൊഗോയി എന്നിവരോടൊപ്പം ആന്റോ ആന്റണി എംപിയും സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സമിതി സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.
🔳ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു. ഗാസിയബാദിലെ ദസ്‌നദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് മതം മാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പേരിലാകും ഇനി റിസ്വി അറിയപ്പെടുകയെന്ന് നരസിംഹാനന്ദ് പറഞ്ഞു.
🔳അമേരിക്കയ്ക്ക് എതിരെ അതിരൂക്ഷവിമര്‍ശനവുമായി റഷ്യ. ഇന്ത്യ – റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാന്‍ ശ്രമിച്ചെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്‌റോവ് പറഞ്ഞു. അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് മേലെ സമ്മര്‍ദ്ദമുണ്ടായെന്നും എന്നാല്‍ ആരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങണം എന്ന കാര്യത്തില്‍ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
🔳മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ വമ്പന്‍ ജയം നേടിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്ത്. മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിനുശേഷം പുറത്തുവിട്ട ഏറ്റവും പുതിയ പോയന്റ് പട്ടികയില്‍ ശ്രീലങ്കക്കും പാക്കിസ്ഥാനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജംഷേദ്പുരിന്റെ വിജയം. ഈ വിജയത്തോടെ ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. പുതിയ സീസണില്‍ ഒരു മത്സരത്തില്‍ പോലും ജംഷേദ്പുര്‍ തോറ്റിട്ടില്ല. മറുവശത്ത് താരസമ്പന്നമായ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു.
🔳ലോകത്തേറ്റവും വേഗമേറിയ കാറോട്ട താരത്തെ നിശ്ചയിക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ മെഴ്സിഡസ് താരം ലൂയിസ് ഹാമില്‍ട്ടണ് കിരീടം. ജിദ്ദയില്‍ ഞായറാഴ്ച രാത്രി സമാപിച്ച സൗദി ഗ്രാന്‍ഡ് പ്രി മത്സരത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ ഒന്നാം സ്ഥാനത്തേക്ക് കാറോടിച്ചുകയറിയത്. ഹോളണ്ട് താരം മാക്സ് വെര്‍സ്റ്റാപനെയാണ് ഹാമില്‍ട്ടന്‍ പരാജയപ്പെടുത്തിയത്.
🔳കേരളത്തില്‍ ഇന്നലെ 45,412 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3,277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,768 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3056 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേര്‍ രോഗമുക്തി നേടി. ഇതോടെ 40,730 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53.
🔳ആഗോളതലത്തില്‍ ഇന്നലെ 4,07,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 57,947 പേര്‍ക്കും ഇംഗ്ലണ്ടില്‍ 51,459 പേര്‍ക്കും റഷ്യയില്‍ 32,136 പേര്‍ക്കും തുര്‍ക്കിയില്‍ 20,033 പേര്‍ക്കും ജര്‍മനിയില്‍ 39,330 പേര്‍ക്കും നെതര്‍ലണ്ട്സില്‍ 20,965 പേര്‍ക്കും ഹംഗറിയില്‍ 22,699 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.65 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.11 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,684 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 329 പേരും റഷ്യയില്‍ 1,184 പേരും ജര്‍മനിയില്‍ 309 പേരും ഉക്രെയിനില്‍ 489 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.76 ലക്ഷമായി.
🔳കോവിഡ് കാലത്ത് എഡ് ടെക് മേഖലയില്‍ മികച്ച നിക്ഷേപസമാഹരണം സ്വന്തമാക്കിയ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ കമ്പനിയായ അപ്ഗ്രാഡ്. റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള അപ്ഗ്രാഡ്, ഇന്ത്യയിലെ നാലാമത്തെ വലിയ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ കമ്പനിയായ ടാലന്റ് എഡ്ജിനെ ഏകദേശം 350-400 കോടി രൂപമുടക്കിയാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ ഏകീകരണങ്ങളിലൊന്നായ ടാലെന്റ് എഡ്ജ് എജ്യുക്കേഷന്‍ വെഞ്ച്വേഴ്സിന്റെ ഹോള്‍ഡിംഗ് കമ്പനിയായ അരേന എജ്യുക്കേഷന്‍ സര്‍വീസസ് ഏറ്റെടുക്കുന്നതിനാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
🔳സര്‍ക്കാരില്‍ നിന്ന് സ്വന്തമാക്കിയ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന-സേവന നിലവാരം ഉയര്‍ത്താന്‍ നൂറുദിന കര്‍മപരിപാടിയുമായി ടാറ്റ ഗ്രൂപ്പ്. ഡെല്‍റ്റ മുന്‍ പ്രസിഡന്റ് ഫ്രെഡ് റീഡ് ചീഫ് എക്സിക്യൂട്ടീവ് ആയി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. പ്രകടനം മെച്ചപ്പെടുത്തുകയും, ഉപഭോക്താക്കളുടെ പരാതികളും കാള്‍ സെന്ററുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയിലൂടെ നടപ്പാക്കുക എന്നതാണ് ലക്ഷ്യം. അടിസ്ഥാന സേവന നിലവാരം ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
🔳സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ പൈ, മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ മമിത ബൈജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു. സിദ്ധിഖ്,ജോണി ആന്റെണി, സുരേഷ് കൃഷ്ണ,അലന്‍സിയാര്‍, റോഷന്‍ ബഷീര്‍, പ്രശാന്ത് അലക്സാണ്ടര്‍, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാല്‍, സ്മിനു, ഷൈനി സാറ, മജീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിധു ശങ്കര്‍,വൈശാഖ് എന്നിവരാണ് തിരക്കഥ,സംഭാഷണം.
🔳ആര്‍ എച് ഫോര്‍ എന്റര്‍ടൈന്‍മെന്റ്ന്റെ ബാനറില്‍ ഫൈസല്‍ ടി പി നിര്‍മ്മിച്ച് യുവനടന്‍ അര്‍ജുന്‍ അജു കൊറോട്ടുപാറയില്‍ സംവിധാനം ചെയ്ത ‘ഹു ദി അണ്‍നോണ്‍’എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയ വെബ് സീരിസിന്റെ ന്റെ ആദ്യത്തെ ഭാഗം യൂട്യൂബിലൂടെ ജനങ്ങള്‍ക്ക് മുന്‍പിലേക്കെത്തി. ആദ്യ പ്രദര്‍ശനം എട്ട് ഒടിടി പ്ലാറ്റ്‌ഫോര്‍മുകളിലായി തമിഴ് മലയാളം ഭാഷകളിലായിരുന്നു സ്ട്രീമിങ്. ഒരാഴ്ച്ച കൊണ്ട് തന്നെ റെക്കോര്‍ഡ് കരസ്ഥമാക്കിയ സ്ട്രീമിങ് ആയിരുന്നു സീരീസിന്റേത്. ചിത്രീകരണ സമയത്ത് ഉണ്ടായ ആക്ഷന്‍ രംഗങ്ങള്‍ എല്ലാം തന്നെ ഇതിനോടകം വൈറല്‍ ആയി.
🔳ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന വിഭാഗത്തില്‍ ദില്ലി ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സ് തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസറായ കൊമാകി റേഞ്ചര്‍ അവതരിപ്പിക്കുന്നു. ഇലക്ട്രിക് ക്രൂയിസര്‍ 2022 ജനുവരിയില്‍ അരങ്ങേറ്റം കുറിക്കും. ഈ വാഹനം ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യും. 5000വാട്ട് മോട്ടോറാണ് കൊമാകി റേഞ്ചറിന്റെ ഹൃദയം.
🔳മലയാളസാഹിത്യചരിത്രത്തില്‍െ നോവല്‍വായനയുടെ നിലപാടുകള്‍ മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. എഴുത്തുകാരേയും വായനക്കാരേയും സഹൃദയരേയും ഏകോപിപ്പിക്കുന്ന ഒരു വിമര്‍ശനഗ്രന്ഥമാണിത്. ഇന്ദുലേഖ മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെയുള്ള നോവലിസ്റ്റുകളുടെ രചനാചരിത്രത്തിന്റെ വായനാപ്രതികരണങ്ങളും നോവല്‍ സന്ദര്‍ശനങ്ങളുടെ ഉള്ളടക്കമാണ്. ‘നോവല്‍ സന്ദര്‍ശനങ്ങള്‍’. ബാലചന്ദ്രന്‍ വടക്കേടത്ത്. ഗ്രീന്‍ ബുക്സ്. വില 328 രൂപ.
🔳ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജവും പ്രാതലില്‍ നിന്ന് ലഭിക്കുന്നു. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്. എല്ലുകള്‍ക്ക് ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമണ്. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് ഗ്യാസ്ട്രോഇന്റസ്റ്റിനല്‍ ഹോര്‍മേണുകളെ ഉത്തേജിപ്പിച്ച്? ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ തലച്ചോറിന് സിഗ്നല്‍ നല്‍കും. ശരീരം സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് എപ്പോഴും ഊര്‍ജ്ജസ്വലരാക്കി നിര്‍ത്തുന്നു. കൂടാതെ തലവേദന, അലസത, മയക്കം, ഇടയ്ക്കുള്ള വിശപ്പ് എന്നിവയെയും ഇല്ലാതാക്കുന്നു. പ്രോട്ടീന്‍ കൂടുതലടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ ഇടയ്ക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ പഞ്ചസാരയുടെ അളവ് സന്തുലിതമായിരിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ ഇടയ്ക്കിടെ വിശക്കില്ല.
*ശുഭദിനം*
പനാമ കനാലിന്റെ നിര്‍മ്മിതി നടക്കുകയാണ്. മേജര്‍ ജനറല്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഗോതലിനാണ് അതിന്റെ നിര്‍മ്മാണചുമതല. കനാല്‍ നിര്‍മ്മിക്കുന്നതിനായി ഒരു വശത്ത് നിന്ന് കുഴിയെടുക്കാന്‍ തുടങ്ങി. അപ്പോഴാണ് അവിടെ വലിയ പാറക്കെട്ടുകള്‍ തെളിഞ്ഞുവന്നത്. അത് നീക്കം ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിരുന്നു. അവര്‍ അതിനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. കൂടെയുള്ളവരെല്ലാം തന്നെ ആ നിര്‍മ്മിതി ഉപേക്ഷിക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. സഹപ്രവര്‍ത്തകരെല്ലാം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. പലരും ഈ പ്രോജക്ടില്‍ നിന്നും പിന്മാറി. പക്ഷേ, ഗോതല്‍ തന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ആ പാറക്കെട്ടുകള്‍ വഴിമാറി. അങ്ങനെ പനാമ കനാല്‍ യാഥാര്‍ത്ഥ്യമായി. ഒരു ഉദ്യമത്തില്‍ പരാജയപ്പെട്ടാല്‍ നിരാശബാധിച്ചു പിന്മാറിപ്പോകുന്നവര്‍ കുറവല്ല. തന്റെ സമയവും അധ്വാനവും പണവും എല്ലാം പാഴായിപ്പോയെന്ന ചിന്തയും പരാജയബോധവും എല്ലാം അവരെ പിടികൂടുന്നു. ചിലകാര്യങ്ങള്‍ ഒന്നിലധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെടേണ്ടി വന്നേക്കാം. പക്ഷേ, ഒരിക്കലും സാധ്യതാചിന്ത കൈവെടിയരുത്. പിന്മാറാതെ മുന്നേറുവാന്‍ നമുക്കാകട്ടെ