Sunday, January 5, 2025
Top News

പ്രഭാത വാർത്തകൾ

 

പ്രഭാത വാർത്തകൾ

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ വഴിയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. അതേ സമയം കര്‍ണാലില്‍ ബിജെപി പരിപാടിക്ക് നേരെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

🔳ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. രണ്ടാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2021 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഫിന്‍ടെക് സ്വീകാര്യതാ നിരക്ക് 87 ശതമാനവും ആഗോള ശരാശരി 64 ശതമാനവുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിരക്ക് ലോകത്തെ ഏറ്റവും ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

🔳കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നിരാശ പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സഹപ്രവര്‍ത്തകനും എം.പിയുമായ ഒരാളുടെ വീടിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് കാണുമ്പോള്‍ മനോവേദനയും നിസ്സഹായതയും അനുഭവപ്പെടുന്നതായും ചിദംബരം ട്വീറ്റില്‍ പറയുന്നു. ഒരാള്‍ക്ക് പിന്‍വലിയാന്‍ യോജിക്കുന്ന സുരക്ഷിതമായ ഇടം നിശ്ശബ്ദതയാണെന്നു തോന്നുന്നു എന്ന് പറഞ്ഞാണ് ചിദംബരം ട്വീറ്റ് അവസാനിപ്പിക്കുന്നത്.

🔳കപില്‍ സിബലിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് തരൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

🔳കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിയെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ നട്വര്‍ സിങ്. നിലവിലെ സാഹചര്യം ഒട്ടും അഭികാമ്യമല്ലെന്നും അതിന് മൂന്ന് വ്യക്തികളാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന രാഹുല്‍ ഗാന്ധിയാണ് അതിലൊരാളെന്നും നട്വര്‍ സിങ് പറഞ്ഞു. പാര്‍ട്ടിയില്‍ മാറ്റം സംഭവിക്കാന്‍ മൂന്ന് ഗാന്ധിമാര്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ലക്ഷ്യംവെച്ചുകൊണ്ട് നട്വര്‍ സിങ് പറഞ്ഞു.

🔳രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇന്നലെ വ്യക്തമാക്കി. രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയമെന്നും ബൂസ്റ്റര്‍ ഡോസ് നിലവില്‍ പരിഗണനയിലുള്ള വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 27,271 കോവിഡ് രോഗികളില്‍ 58.35 ശതമാനമായ 15,914 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 278 മരണങ്ങളില്‍ 43.88 ശതമാനമായ 122 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,68,546 സജീവരോഗികളില്‍ 53.09 ശതമാനമായ 1,42,580 രോഗികളും കേരളത്തിലാണുള്ളത്.

🔳പങ്കാളിത്ത പെന്‍ഷനെതിരായ മുന്‍ നിലപാടില്‍ മാറ്റംവരുത്തി സംസ്ഥാനസര്‍ക്കാര്‍. പെന്‍ഷന്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന സാഹചര്യം ഒരിടത്തുമില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ പൂര്‍ണമായും പെന്‍ഷന്‍ ചെലവ് വഹിക്കുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പ്രായോഗികമല്ലെന്നാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

🔳മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ രണ്ട് വരെയാണ് കസ്റ്റഡി നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. മോന്‍സന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും ഇല്ലാത്ത പണം കണ്ടെത്താന്‍ കസ്റ്റഡി നീട്ടരുതെന്നും മോന്‍സനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതിഭാഗം വാദിച്ചു.

🔳പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. എച്ച്എസ്ബിസി ബാങ്കിന്റേതടക്കം വ്യാജ രേഖകളുണ്ടാക്കിയതിന് ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്. പുരാവസ്തുക്കള്‍ ആര്‍ക്കും ഇതേവരെ വിറ്റിട്ടില്ലെന്നാണ് മോന്‍സന്‍ പറയുന്നതെങ്കിലും അന്വേഷണ സംഘം ഈ മൊഴി വിശ്വസിക്കുന്നില്ല. മോന്‍സന്റെ വീട്ടിലെ പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ആര്‍ക്കിയോളജി ഉദ്യോഗസ്ഥര്‍ ഇന്നും തുടരും.

🔳മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസ് മാറ്റി. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കെപിസിസി വക്താക്കള്‍ക്ക് കോണ്‍ഗ്രസ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകാരനെ മാത്രം ചാനല്‍ ചര്‍ച്ചകള്‍ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു മോന്‍സനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. ഇതാണ് കോണ്‍ഗ്രസ് പിന്നീട് പിന്‍വലിച്ചത്. എനിക്കാണ് കാര്യങ്ങള്‍ അറിയുന്നത്, താന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പാലക്കാട്ട് പറഞ്ഞത്.

🔳മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ, മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിവരം. ഔദ്യോഗിക ആവശ്യത്തിന് ഒറീസയിലേക്ക് പോകുന്നുവെന്നാണ് വിശദീകരണം.

🔳50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ തട്ടിയ കേസില്‍ പി വി അന്‍വര്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

🔳കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിച്ചു. വിമാനത്താവള വികസനത്തോടനുബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അതിനാവശ്യമായ സഹകരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചു.

🔳മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്പെന്റ് ചെയ്തത്.

🔳സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെപിസിസി മുന്‍ സെക്രട്ടറിയും യുഡിഎഫ് തിരുവനന്തപുരം ജില്ലാ മുന്‍ ചെയര്‍മാനുമായ സോളമന്‍ അലക്സാണ് രാജിവെച്ച് സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. മൂന്ന് പ്രാവശ്യം സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാരോപിച്ചാണ് സോളമന്‍ അലക്സ് രാജിവെച്ചത്. സ്ഥാനങ്ങള്‍ കിട്ടിയില്ല. മാനസികമായി പ്രയാസമുണ്ട്. ഈ പുനസംഘടനയിലും തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഗണിച്ചില്ലെന്നും അതിനാലാണ് സിപിഎമ്മില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്നും സോളമന്‍ അലക്സ് പറഞ്ഞു.

🔳സംസ്ഥാനത്ത് വീണ്ടും കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ഹൗസിങ് ബില്‍ഡിങ് സൊസൈറ്റിക്ക് എതിരെയാണ് നിക്ഷേപകരുടെ ആരോപണം. പ്രതിഷേധവുമായി ഇന്ന് നൂറിലേറെ പേര്‍ ഇവിടെ തടിച്ചുകൂടി. 2017 ല്‍ തുടങ്ങിയ ചിട്ടിയുടെ പണം തിരികെ കൊടുക്കാതെ തട്ടിച്ചുവെന്നാണ് ആരോപണം. അതേസമയം നിക്ഷേപകര്‍ ഒരുമിച്ച് എത്തിയതുകൊണ്ടാണ് പണം നല്‍കാനാകാത്തതെന്ന് സൊസൈറ്റി ഭരണസമിതി വിശദീകരിച്ചു. നിക്ഷേപകരുടെ മൂന്ന് കോടിയിലേറെ തട്ടിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

🔳മനുഷ്യാവകാശ കമ്മീഷന്‍ മാതൃകയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയും സിറ്റിംഗ് നടത്തുകയും ചെയ്ത ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയര്‍ എന്ന സ്ഥാപനം പൊലീസ് അടപ്പിച്ചു. കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തിച്ചുവന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് വഞ്ചനാ കുറ്റം ചുമത്തി കേസെടുത്തിട്ടുമുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുകയും ഇരുകക്ഷികളെയും വിളിച്ചുവരുത്തി സ്ഥാപനത്തിനുള്ളില്‍ സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. മധ്യസ്ഥ ചര്‍ച്ച നടത്തി പരാതി പരിഹരിക്കുമ്പോള്‍ പണം വാങ്ങിയിരുന്നതായും സ്ഥാപനത്തിലുള്ളവര്‍ ആള്‍മാറാട്ടം നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

🔳സംസ്ഥാനത്ത് ഇന്ന് മുതല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ ആണ് നല്‍കിത്തുടങ്ങുന്നത്. സംസ്ഥാനതല വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും.

🔳സ്‌കൂള്‍ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പോക്സോ നിയമ പ്രകാരമെടുത്ത കേസില്‍ ഇരമംഗലം സ്വദേശി, തരിപ്പാകുനി മലയില്‍ ഷിഞ്ചു (46) വിനെയാണ് കോടതി ശിക്ഷിച്ചത്.

🔳ഔദ്യോഗികമായി 2021 കാലവര്‍ഷത്തിന്റെ കലണ്ടര്‍ അവസാനിക്കുമ്പോള്‍ കേരളത്തില്‍ മഴയില്‍ 16 ശതമാനം കുറവ് സംഭവിച്ചതായി കാലവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍. കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ വരെ ലഭിച്ചത് ശരാശരി 1718.8 മില്ലിമീറ്റര്‍ മഴയാണ്. ശരാശരി ലഭിക്കേണ്ടിയിരുന്നത് 2049.2 മില്ലിമീറ്റര്‍ മഴയായിരുന്നു.

🔳സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. ചൊവാഴ്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. ഇടിമിന്നല്‍ അപകടകരമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. അതേസമയം, ന്യൂനമര്‍ദ്ദമായി ചുരുങ്ങി, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ഷഹീന്‍ ചുഴലിക്കാറ്റായി മാറും. എന്നാല്‍ ഇന്ത്യയില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

🔳പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്ജ്യോത് സിങ് സിദ്ദു തല്ക്കാലം പിന്‍ലിക്കാന്‍ സാധ്യത. സിദ്ദു മുന്നോട്ട വെച്ച ചില ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ഉറപ്പ് നല്‍കിയതായി സൂചന. ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് അറിയിച്ചതായാണ് വിവരം. ഇതോടെയാണ് സിദ്ദു രാജി പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നത്. അതേ സമയം മന്ത്രിമാരെ മാറ്റില്ല. ആഭ്യന്തര വകുപ്പിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല.

🔳തുടര്‍ച്ചയായ പത്താമത്തെ വര്‍ഷവും രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന റെക്കോര്‍ഡ് മുകേഷ് അംബാനിക്ക് സ്വന്തം. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം അംബാനിക്ക് ഇപ്പോള്‍ 7,18,000 കോടി രൂപയുടെ ആസ്തിയുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വര്‍ധനവാണ് ഇദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയും കുടുംബവുമാണ്. 5,05,900 കോടി രൂപയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പന്ന കുടുംബത്തിന്റെ ആസ്തി.

🔳എക്‌സ്പോ 2020 ന് ദുബൈയില്‍ പ്രൗഢഗംഭീര തുടക്കം. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള ഭരണാധികാരികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയടക്കം 191 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. മനസുകളെ ചേര്‍ത്തു നിര്‍ത്തി നമുക്ക് ഭാവിയിലേക്ക് നടക്കാമെന്ന പ്രമേയത്തില്‍ നടക്കുന്ന എക്‌സ്‌പോ ആറുമാസം നീണ്ടു നില്‍ക്കും.

🔳ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിറപ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കീഴടങ്ങി. ആവേശകരമായ മത്സരത്തില്‍ ആറുവിക്കറ്റിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴടക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അവസാന ഓവറിലാണ് മറികടന്നത്. ധോനിയുടെ തകര്‍പ്പന്‍ സിക്‌സിലൂടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു.
ഈ വിജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമായി ചെന്നൈ മാറി. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സൂപ്പര്‍ കിങ്‌സിനെ തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞതാണ് മത്സരം ആവേശകകമാക്കിയത്.

🔳15 വര്‍ഷത്തിനുശേഷം നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. മഴ വില്ലനായ ആദ്യദിനം 44 ഓവറുകള്‍ മാത്രമാണ് മത്സരം നടന്നത്.

🔳കേരളത്തില്‍ ഇന്നലെ 1,03,871 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,073 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,42,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.4 ശതമാനമായ 2,46,82,565 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 40.8 ശതമാനമായ 1,09,19,994 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263.

🔳രാജ്യത്ത് ഇന്നലെ 27,271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 28,184 പേര്‍ രോഗമുക്തി നേടി. മരണം 278. ഇതോടെ ആകെ മരണം 4,48,372 ആയി. ഇതുവരെ 3,37,65,488 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.78 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,063 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,612 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,010 മിസോറാമില്‍ 1,741 കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,57,788 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 97,369 പേര്‍ക്കും ബ്രസീലില്‍27,527 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,480 പേര്‍ക്കും റഷ്യയില്‍ 23,888 പേര്‍ക്കും തുര്‍ക്കിയില്‍ 29,104 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.44 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.84 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,081 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,399 പേരും ബ്രസീലില്‍ 586 പേരും റഷ്യയില്‍ 867 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.95 ലക്ഷം.

🔳വിലക്ക് നീങ്ങിയതോടെ പുതുതായി നാല് ലക്ഷം കാര്‍ഡുകള്‍ ഇഷ്യു ചെയ്തതായി എച്ച്ഡിഎഫ്സി ബാങ്ക്. റെക്കോര്‍ഡ് ഇഷ്യു കുറിച്ചത് 2021 സെപ്റ്റംബര്‍ 21 നാണ്. ഉപഭോക്താക്കള്‍ക്കായി മില്ലേനിയ, മണി ബാക്ക്, ഫ്രീഡം എന്നിങ്ങനെ മൂന്നു കാര്‍ഡുകള്‍ റീലോഞ്ച് ചെയ്യുകയും ചെയ്തിട്ടുമുണ്ട് ബാങ്ക്. 2022 ഫെബ്രുവരിയില്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന പ്രതിമാസം അഞ്ച് ലക്ഷം വരെയാക്കി ഉയര്‍ത്താനാണ് എച്ച്ഡിഎഫ്‌സി ബാങ്ക് നിലവില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

🔳അന്തര്‍ദേശീയ താരനിര്‍ണ്ണയം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്ത് വലിയ വാര്‍ത്ത സൃഷ്ടിച്ച ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനാവുന്ന ‘ലൈഗര്‍’. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട് ചെയ്യുന്ന നായകനായി വിജയ് ദേവരകൊണ്ട എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ ഹിറ്റ്മേക്കര്‍ പുരി ജഗന്നാഥ് ആണ്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ഒരു സുപ്രധാന റോളില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ടൈസന്റെ കഥാപാത്രം നായകനെ അപേക്ഷിച്ച് സ്‌ക്രീന്‍ ടൈം കുറഞ്ഞ ഒന്നാണ്. എന്നാല്‍ ചിത്രത്തില്‍ ദേവരകൊണ്ട വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ടൈസണ്‍ വാങ്ങുന്നത്.

🔳പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമ’ത്തിലെ പുതിയ ഗാനം എത്തി. ചിത്രത്തില്‍ പൃഥ്വിരാജ് തന്നെ പിന്നണി പാടിയിരിക്കുന്ന ‘ലോകം ഹു വാണ്‍ട്സ് ഇറ്റ്?’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. ‘റേ മാത്യൂസ്’ എന്ന നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു പിയാനിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജിന്.

🔳ഐക്കണിക്ക് ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയിസ് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സ്പെക്ടര്‍ എന്ന ഈ മോഡല്‍ 2023 ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെക്ടര്‍ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് കാര്‍ ആയതിനാല്‍, ഇവി പൂര്‍ണമായി കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍, റോള്‍സ് റോയിസ് അതിന്റെ ആഗോള പരിശോധനയില്‍ 2.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

🔳പ്രപഞ്ചപ്രകൃതിയോടുള്ള പ്രേമസന്തര്‍പ്പണമായി, ആത്മശാന്തിയുടെയും ലോകശാന്തിയുടെയും മഹാപാഠമായി, രാമായണപാരായണത്തെ ജനപരമ്പരകള്‍ തിരിച്ചറിയുന്നുവെന്ന് ഈ കൃതിയിലൂടെ ഗ്രന്ഥകാരന്‍ കാട്ടിത്തരുന്നു. രാമായണമെന്ന കാവ്യതീര്‍ഥത്തെക്കുറിച്ച് എഴുതിയ പഠനലേഖനങ്ങള്‍. ‘സമയാകാശങ്ങളില്‍ രാമായണതീര്‍ഥം’. വി. മധുസൂദനന്‍ നായര്‍. മാതൃഭൂമി. വില 152 രൂപ.

🔳കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. വീടുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ നല്‍കുക. പാല്‍ എന്നത് കുട്ടികള്‍ക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. മുട്ടകളില്‍ വ്യത്യസ്ത അളവില്‍ 13 വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ അടങ്ങിയിട്ടുള്ള കോളിന്‍ എന്ന പോഷണം ബുദ്ധിവികാസത്തിന് സഹായിക്കുന്നു. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ളതും കോഗ്‌നിറ്റീവ് പ്രവര്‍ത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകള്‍ ബെറിപ്പഴങ്ങളായ സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡി, ഒമേഗ-3 എസ് ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മത്സ്യം. ഈ പോഷണങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ലുടിന്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ഇവ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *