പാരാലിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം; ചരിത്രം കുറിച്ച് അവനി ലേഖ്‌റ
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ് എച്ച് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലേഖ്‌റ വെങ്കലം സ്വന്തമാക്കി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം നേടിയിരുന്നു. ടോക്യോ പാരാലിമ്പിക്‌സിൽ അവനിയുടെ മെഡൽ നേട്ടം രണ്ടായി.
പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ഖ്യാതിയും അവനി സ്വന്തമാക്കി. 19ാം വയസ്സിലാണ് ഈ നേട്ടം. ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ 12ാം മെഡലാണിത്. ഇന്ന് പുരുഷൻമാരുടെ ഹൈജംപിൽ ഇന്ത്യയുടെ പ്രവീൺ കുമാർ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഇന്ത്യ നിലവിൽ 12 മെഡലുകളുമായി 36ാം സ്ഥാനത്താണ്.