Sunday, January 5, 2025
Top News

സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ

സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ. ഇതിന്റെ തുടർച്ചയാണ് വി.എസ്.ശെന്തിൽ ചെയർമാനായ പുതിയ കമ്മിറ്റിയുടെ നിയമനം. എന്നാൽ മുൻ റിപ്പോർട്ടുകൾക്കെതിരെ രംഗത്തെത്തിയ ഉദ്യോഗസ്ഥ സംഘടനകളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാനാണ് ഭരണ പരിഷ്കാര കമ്മീഷൻ, ഉദ്യോഗസ്ഥ പരിഷ്കരണ റിപ്പോർട്ട്, ശമ്പള പരിഷ്ക്കാര കമ്മീഷൻ എന്നിവക്ക് പിന്നാലെ ഒരു സമിതിയെക്കൂടി സർക്കാർ നിയോഗിച്ചത്.

ഇലക്ട്രോണിക് ഫയൽ സംവിധാനങ്ങൾ നിലവിൽവന്നശേഷം ഓഫിസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്ക് കാര്യമായ ജോലിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഇതുൾപ്പടെ ഏതൊക്കെ പുതിയ തസ്തികകൾവേണമെന്നും, ആവശ്യമില്ലാത്ത തസ്തിക ഒഴിവാക്കി പുതിയവ സൃഷ്ടിക്കാനുള്ള ശാസ്ത്രീയ നിർദേശങ്ങളും സമിതി നൽകും.

മുൻ റിപ്പോർട്ടുകളിൽ ഉടൻ നടപ്പാക്കേണ്ടതും സമയമെടുത്ത് നടപ്പാക്കേണ്ടതുമായ ശുപാർശകളുടെ വിവരവും സർക്കാരിന് കൈമാറും. ഇതിനകം നടപ്പിലാക്കിയതും പുതുതായി നടപ്പിലാക്കുന്നതുമായ പരിഷ്കാരങ്ങൾക്ക് അനുസരിച്ചു നിലവിലെ സർവീസ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തേണ്ട മാറ്റങ്ങളും സമിതി നിർദേശിക്കണം. സമിതിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് മാനേജ്മെന്റ് കൺസൾട്ടൻസിക്കായി കോഴിക്കോട് ഐഎംഎമ്മിന്റെ സേവനം ഉപയോഗിക്കാം.

റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിൽ ചെയർമാനായ പുതിയ സമിതിയോട് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. എന്നാൽ മുൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ രംഗത്ത് വന്ന ഉദ്യോഗസ്ഥ സംഘടനകൾ പുതിയ സമിതിയുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *