സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ശുപാർശ; ഇൻക്രിമെന്റും ഡി എയും കൂടും
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കെ മോഹൻദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്‌കരണ റിപ്പോർട്ടിന്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
ശമ്പളവും പെൻഷനും വർധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാണ് ശുപാർശ.
28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ ആയും കൂടിയ ശമ്പളം 1,66,800 രൂപ ആയും ഉയർത്തണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500 രൂപയും കൂടിയ ശമ്പളം 1,40,000 രൂപയുമാണ്
വാർഷികാടിസ്ഥാനത്തിൽ 700 രൂപ മുതൽ 3400 രൂപ വരെ ഇൻക്രിമെന്റ് അനുവദിക്കാം. വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലൻവസ് നൽകാം. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും ശുപാർശ ചെയ്യുന്നു.
സർക്കാരിന് നൽകിയ റിപ്പോർട്ട് ഇനി മന്ത്രിസഭയുടെ പരിഗണനക്ക് വരും. ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കുക.