ചെല്ലാനം ഹാര്‍ബര്‍ അടച്ചു
കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് തൊഴിലാളികള്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ചെല്ലാനം ഹാർബർ അടച്ചു.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച ആന്പല്ലൂര്‍ സ്വദേശിനിയുടെ അടുത്ത ബന്ധവായ എടക്കാട്ടുവയല്‍ സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ സമ്പര്‍ക്കത്തിലൂടെ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്ന് വന്ന 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേര്‍ ഇന്നലെ രോഗവിമുക്തി നേടി. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 189 പേര്‍ ചികിത്സയിലുണ്ട്. 13213 പേരാണ് നിരീക്ഷണത്തിലുള്ളത്.
മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകളുടെ സ്രവ പരിശോധന പുരോഗമിക്കുകയാണ്. ഇന്നലെ 57 പേരുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. സാമ്പിള്‍ ശേഖരണം നാളെയും തുടരും. മാര്‍ക്കറ്റിലുള്ളവര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.