Sunday, January 5, 2025
Top News

പ്രഭാത വാർത്തകൾ

 

🔳ഓരോ ചെറുപ്പക്കാരനും അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരെ എന്നും ചാരി നിര്‍ത്തുന്ന ആശ്രയമായ സഹായമല്ല, മറിച്ച് അവരുടെ അഭിലാഷങ്ങള്‍ അന്തസ്സോടെ നിറവേറ്റുന്നതിന് അവരെ സ്വയം പര്യാപ്തരാക്കുന്ന പിന്തുണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കുമെന്നും എനിക്ക് ഉള്ള അതേ കഴിവുകള്‍ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും ഉണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

🔳’ജല്‍ ജീവന്‍ മിഷന്‍’ 2019ല്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചുവെന്നും ഇപ്പോള്‍ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഇന്നത്തെ ഇന്ത്യയ്ക്കുവേണ്ടി ചെയ്യാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 23,139 കോവിഡ് രോഗികളില്‍ 57.12 ശതമാനമായ 13,217 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 241 മരണങ്ങളില്‍ 50.20 ശതമാനമായ 121 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,64,631 സജീവരോഗികളില്‍ 53.36 ശതമാനമായ 1,41,211 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും. വിവാഹ – മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേരെ അനുവദിക്കാനും ഓഡിറ്റോറിയങ്ങള്‍ തുറക്കാനും തീരുമാനമായി.6 മാസത്തിന് ശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. പകുതിപ്പേരെ മാത്രമായിരിക്കും തിയേറ്ററില്‍ പ്രവേശിപ്പിക്കാനാവുക. എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ മാസം 18 മുതല്‍ കോളേജുകള്‍ പൂര്‍ണമായും തുറക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

🔳കനയ്യ കുമാര്‍ സി പി ഐ വിട്ടത് അടഞ്ഞ അധ്യായമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി വിട്ട സാഹചര്യം സ്വാഭാവികമായും ചര്‍ച്ച ചെയ്യുമെന്ന് കാനം വ്യക്തമാക്കി. മോണ്‍സന്‍ കേസില്‍ പൊലീസ് അന്വേഷിച്ച് എല്ലാം പുറത്തുകൊണ്ടുവരുമെന്ന വിശ്വാസമുണ്ടെന്ന് കാനം രാജേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ മാത്രമേ വിമര്‍ശിക്കേണ്ട കാര്യമുള്ളൂ. ബെഹ്റ രാജിവെക്കണമോയെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. പോലീസുകാര്‍ക്ക് മാത്രമല്ല മാധ്യമപ്രവര്‍ത്തര്‍ക്കും മോണ്‍സണുമായി ബന്ധമുണ്ടായിരുന്നുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.

🔳ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. പാലാ ബിഷപ്പിന്റെ പ്രസ്താവന, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് അഴകൊഴമ്പന്‍ നിലപാടാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് ലീഗിന് കരകയറാനാകുമെന്നും എന്നാല്‍, കോണ്‍ഗ്രസിന് അതിനുള്ള ത്രാണിയില്ലെന്നും ലീഗിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

🔳ഹരിത വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ രംഗത്തെ സ്ത്രീകള്‍ പോലും സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നു. വെര്‍ബല്‍ റേപ്പാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യം സ്ത്രീകള്‍ക്ക് പറയേണ്ടി വരുന്നു. എന്നിട്ട്പോലും ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയില്ല. സൈബര്‍ ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

🔳മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സര്‍വേ രീതിയെ വിമര്‍ശിച്ച് എന്‍എസ്എസ്. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക. എന്നാല്‍, മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്എസിന്റെ വിമര്‍ശം.

🔳മോണ്‍സന്‍ മാവുങ്കലുമായി തനിക്ക് കോടികളുടെ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി രമേശ് ചെന്നിത്തല. പ്രവാസി മലയാളി അനിത പുല്ലയില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാന്‍ ഇല്ലെന്നും മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു.

🔳കെപിസിസി-യുടെ ഭാഗമായുള്ള വിവിധ പദവികള്‍ താന്‍ രാജിവച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍തന്നെ അതോടൊപ്പം വഹിച്ചു പോന്ന പദവികളും താന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. മൂന്ന് മാസം മുന്‍പ്തന്നെ ഈ പദവികളില്‍ നിന്നുള്ള രാജിക്കത്ത് താന്‍ നല്‍കിയതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്.പി-മാര്‍ക്ക് നിയമനം നല്‍കി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്കോയുടെ പുതിയ എം ഡി. ബെവ്കോ എം ഡി-യായിരുന്ന യോഗേഷ് ഗുപ്തയെ എഡിജിപി പോലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയില്‍വേ എസ് പി-യായി ആണ് പുതിയ നിയമനം. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പുതിയ എസ് പി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി-യാകും. കെ.വി സന്തോഷ് കുമാര്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി-യായി തുടരും.

🔳പെണ്‍കുട്ടികളെ നിര്‍ബന്ധമായും ചെറുപ്പം മുതല്‍ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മൂരാച്ചി പുരുഷന്മാരുടെയും ധാരണയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പാല സെന്റ് തോമസ് കോളേജില്‍ സഹപാഠിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആയിരുന്നു ഹരീഷിന്റെ പ്രതികരണം.

🔳സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ 7 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 9 വരെയാണ് മോന്‍സനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. അതിനിടെ, മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലെ വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ എട്ട് വിഗ്രഹങ്ങളും ശില്‍പ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശില്‍പ്പി സുരേഷ് നിര്‍മിച്ച് നല്‍കിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

🔳ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് യൂത്ത്കോണ്‍ഗ്രസ്. ഗാന്ധിയെ അപമാനിച്ച പി കെ കൃഷ്ണദാസിനെതിരെ കേസെടുക്കണമെന്നും കൃഷ്ണദാസ് നടത്തിയത് ഗാന്ധിനിന്ദ ആണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ആര്‍ എസ് എസ് ആയേനെ എന്ന കൃഷ്ണദാസിന്റെ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം.

🔳തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. നികുതി തട്ടിപ്പില്‍ ജനത്തിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നും പരിഭ്രാന്തര്‍ ആവേണ്ടതില്ലെന്നുമാണ് മേയറുടെ വിശദീകരണം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളില്‍ വീട്ടുകരമായി അടച്ച 30 ലക്ഷത്തിലേറെ രൂപ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയെന്ന് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്.

🔳രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുന്നവര്‍ക്കെതിരേ ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി എം പി. ഇത്തരക്കാര്‍ രാജ്യത്തെ അപമാനിക്കുകയാണെന്നും ഇവരെ പരസ്യമായി നാണംകെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ നാഥുറാം ഗോഡ്സെയ്ക്ക് സിന്ദാബാദ് വിളിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

🔳പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദു അനുനയ സൂചനകളുമായി രംഗത്ത്. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും താന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം തുടരുമെന്ന് സിദ്ദു ട്വിറ്ററില്‍ കുറിച്ചു. പ്രതിലോമശക്തികള്‍ തോല്‍പിക്കാന്‍ ശ്രമിച്ചാലും പഞ്ചാബിന്റെ നേട്ടത്തിനായി നിലകൊള്ളുമെന്നും സിദ്ദു വ്യക്തമാക്കി. അതേസമയം, പിസിസി അധ്യക്ഷ സ്ഥാനത്തുള്ള രാജി സിദ്ദു ഇനിയും പിന്‍വലിച്ചിട്ടില്ല. ഡിജിപി – എ ജി പദവികളിലെ തീരുമാനത്തിന് സിദ്ദു കാക്കുകയാണെന്നാണ് വിവരം.

🔳കോണ്‍ഗ്രസ് നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വം, ആ കെടുകാര്യസ്ഥത മറച്ചുവെക്കാന്‍ മനഃപൂര്‍വം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രസ്താവനയില്‍ ആരോപിച്ചു. അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് 79 എം.എല്‍.എ-മാരില്‍ 78 പേരും നേതൃത്വത്തിന് കത്തെഴുതിയെന്ന് ഹരീഷ് റാവത്തും രണ്‍ദീപ് സുര്‍ജെവാലയും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അമരീന്ദറിന്റെ പ്രസ്താവന.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള നിരവധി അന്വേഷണ സേനകളെ ബംഗാളിലേക്ക് അയക്കുമ്പോഴും ദുരന്തനിവാരണത്തിനുള്ള അര്‍ഹതപ്പെട്ട കേന്ദ്ര ഫണ്ട് മാത്രം സംസ്ഥാനത്തേക്ക് അയയ്ക്കുന്നില്ലെന്ന് മമത ആരോപിച്ചു.

🔳ജമ്മുകാശ്മീരില്‍ അനുച്ഛേദം 370 നീക്കം ചെയ്താലും ഇല്ലെങ്കിലും വ്യവസ്ഥിതിയില്‍ മാറ്റം വന്നതായി ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത്. ഉദ്ദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് വ്യവസ്ഥിതി ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളാല്‍ പാര്‍ലമെന്റ് തടസ്സപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മുന്‍ഗണന നല്‍കി തീരുമാനം എടുക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് ജമ്മുവില്‍ പറഞ്ഞു.

🔳ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു – സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, അല്‍ വുസ്ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🔳അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന് കടുത്ത വെല്ലുവിളിയായി ബാങ്കിങ് രംഗത്തെ തകര്‍ച്ച. ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതോടെ നിലനില്‍പ്പ്തന്നെ അപകടത്തിലായെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഇസ്ലാമിക് ബാങ്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ സിഇഒ സയ്യദ് മൂസ ഖലീം അല്‍-ഫലാഹി ബിബിസി-ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചതും ഉപഭോക്താക്കള്‍ ഭയത്തെ തുടര്‍ന്ന് തങ്ങളുടെ പണമെല്ലാം ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചതുമാണ് ഇതിന് കാരണം.

🔳ഷാര്‍ജയിലെ സ്ലോ പിച്ചില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം കടുത്ത പോരാട്ടത്തിനൊടുവില്‍ എത്തിപ്പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി. മുംബൈ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 93ന് 6 എന്ന സ്‌കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും ശ്രേയസ് അയ്യരുടെയും ആര്‍.അശ്വിന്റെയും പോരാട്ടത്തിലൂടെ ഡല്‍ഹി വിജയം കൈപ്പിടിയിലൊതുക്കി. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 129-8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 132-6.

🔳ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് മലര്‍ത്തിയടിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ നേടി. അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചത്. ജെയ്‌സ്വാള്‍ 21 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം 50 റണ്‍സെടുത്തപ്പോള്‍ 42 പന്തുകള്‍ നേരിട്ട ദുബെ നാല് വീതം സിക്‌സും ഫോറുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. കന്നി ഐ.പി.എല്‍ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകെ നിന്നു.

🔳പ്രീമിയര്‍ ലീഗിലെ ശനിയാഴ്ച നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ കളത്തിലിറങ്ങിയ യുണൈറ്റഡ് സ്വന്തം മൈതാനത്ത് എവര്‍ട്ടനോട് സമനിലയില്‍ കുരുങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. സമനിലയോടെ ഏഴു മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി യുണൈറ്റഡ് ലീഗില്‍ രണ്ടാം സ്ഥാനത്താണ്. എവര്‍ട്ടണ്‍ നാലാമതും. അതേസമയം, സ്വന്തം മൈതാനത്ത് സതാംപ്ടണെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഒന്നാം സ്ഥാനത്തെത്തി.

🔳കേരളത്തില്‍ ഇന്നലെ 96,835 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,217 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10ന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,437 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,41,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184.

🔳രാജ്യത്ത് ഇന്നലെ 23,139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25,021 പേര്‍ രോഗമുക്തി നേടി. മരണം 241. ഇതോടെ ആകെ മരണം 4,48,846 ആയി. ഇതുവരെ 3,38,12,559 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.64 ലക്ഷം കോവിഡ് രോഗികള്‍ ചികിത്സയിൽ കഴിയുന്നുണ്ട്.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,696 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,578 പേര്‍ക്കും മിസോറാമില്‍ 1,626 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ കോവിഡ് രോഗികള്‍ മാത്രം.

🔳ആഗോളതലത്തില്‍ ഇന്നലെ 3,44,962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 45,147 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,301 പേര്‍ക്കും റഷ്യയില്‍ 25,219 പേര്‍ക്കും തുര്‍ക്കിയില്‍ 27,973 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.53 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.84 കോടി കോവിഡ് രോഗികള്‍ ചികിത്സയിൽ കഴിയുന്നുണ്ട്.

🔳ആഗോളതലത്തില്‍ 5,566 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 685 പേരും ബ്രസീലില്‍ 239 പേരും റഷ്യയില്‍ 886 പേരും മെക്സിക്കോയില്‍ 471 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.10 ലക്ഷം ആയി.

🔳പത്താമത് ഹുറൂണ്‍ റിച്ച് ലിസ്റ്റ് – 2021 പുറത്തിറങ്ങിയപ്പോള്‍ ജുന്‍ജുന്‍വാല അടക്കമുള്ള സമ്പന്നരെക്കാളും മുന്നിലെത്തിയിരിക്കുകയാണ് ബൈജൂസ് സാരഥി ബൈജു രവീന്ദ്രന്‍. സമ്പത്തില്‍ ഇന്ത്യയിലെ 67-ാം സ്ഥാനം. രാകേഷ് ജുന്‍ജുന്‍വാലയെ മാത്രമല്ല ബൈജു കടത്തിവെട്ടിയത്. ആനന്ദ് മഹീന്ദ്രയും കുടുംബവും സ്വത്തില്‍ ബൈജുവിന് താഴെയാണ്. ബൈജുവിന്റെയും കുടുംബത്തിന്റേതുമായ സമ്പത്ത് 19 ശതമാനം വര്‍ധിച്ച് 24,300 കോടി രൂപയായപ്പോള്‍, സോഹോയുടെ രാധ വെമ്പുവിന്റെ സമ്പത്ത് 23,100 കോടി രൂപയും ജുന്‍ജുന്‍വാലയുടേത് 22,300 കോടി രൂപയും ആനന്ദ് മഹീന്ദ്രയുടെയും കുടുംബത്തിന്റെയും സ്വത്ത് 22,000 കോടി രൂപയുമാണ്. നന്ദന്‍ നിലേകനിടെയും കുടുംബത്തിന്റെയും സമ്പത്തും 20,900 കോടി രൂപയുമാണ്. തുടര്‍ച്ചയായ പത്താംവര്‍ഷവും ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി തന്നെ. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയും. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ്‌നാടാരും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്.

🔳ഏറ്റെടുക്കലിന്റെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റ സ്റ്റീല്‍, നാറ്റ്സ്റ്റീല്‍ സിംഗപ്പൂറിനെ പൂര്‍ണമായും വിറ്റു. ടാറ്റാ സ്റ്റീല്‍ ലിമിറ്റഡിന്റെ പരോക്ഷ സബ്സിഡിയറിയായ ടി.എസ് ഗ്ലോബല്‍ ഹോള്‍ഡിംഗ്സ് സിംഗപ്പൂറിന്റെ കൈവശമുണ്ടായിരുന്ന നാറ്റ്സ്റ്റീലിന്റെ 100 ശതമാനം ഓഹരികളും 172 മില്യണ്‍ ഡോളറിനാണ് കൈമാറിയത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്റ്റീല്‍, ഇരുമ്പ് അയേണ്‍ ട്രേഡിംഗ് കമ്പനിയാണ് ടോപ്പ് ടിപ്പ് ഹോള്‍ഡിംഗ് പി ടി ലിമിറ്റഡാണ് നാറ്റ്സ്റ്റീലിനെ ടാറ്റ സ്റ്റിലീല്‍നിന്ന് സ്വന്തമാക്കിയത്. എന്നിരുന്നാലും, തായ്‌ലന്‍ഡിലെ നാറ്റ്സ്റ്റീലിനെ ടാറ്റാ സ്റ്റീല്‍ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായി നിലനിര്‍ത്തി.

🔳ഭാവന നായികയാകുന്ന ചിത്രമാണ് ‛ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’. ഡാര്‍ലിംഗ് കൃഷ്ണ ആണ് ചിത്രത്തില്‍ നായകായി എത്തുന്നത്. വക്കീല്‍ വേഷത്തില്‍ ആണ് ചിത്രത്തില്‍ ഭാവന അഭിനയിക്കുന്നുവെന്നതാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. നാഗശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ ജന്യ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കവിരാജ് ആണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

🔳റിലീസിന് എത്താനിരിക്കുന്ന പുതിയ ചിത്രമായ ‛ചാവി’-യിലൂടെ മലയാളത്തില്‍ പുതിയൊരു താരംകൂടി വരുന്നു. ആല്‍ബിന്‍ റോയ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. എറണാകുളം മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ചിത്രത്തില്‍ നായകനാകുന്ന ആല്‍ബിന്‍ റോയ്. നവാഗതനായ ബിനീഷ് ബാലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബ ബന്ധങ്ങളുടെ പ്രമേയമാണ് ‘ചാവി’യുടെ കഥാസാരം.

🔳ഏകദേശം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി എസ്.യു.വി ശ്രേണിയിലുള്ള വാഹനങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നു. ഔഡിയുടെ ക്യു 5, ക്യൂ 7 തുടങ്ങിയ മോഡലുകളുടെ നിര്‍മ്മാണമായിരിക്കും ഉടന്‍ തുടങ്ങുന്നത്. ജനപ്രിയമായ ക്യു 5, ക്യൂ 7, ക്യു 3 ഉള്‍പ്പെടെയുള്ള എസ്.യു.വി-കളുടെ നിര്‍മ്മാണവും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *