Tuesday, January 7, 2025
Sports

ഐ പി എല്‍; ഗെയ്ല്‍ ഇന്നിങ്‌സ് പാഴായി; രാജസ്ഥാന് ജയം

അബുദാബി: ഐ പി എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെ ഏഴ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. പ്ലേ ഓഫില്‍ നാലാമതായി എത്താന്‍ പഞ്ചാബിന് കാത്തിരിക്കണം. ജയത്തോടെ റോയല്‍സ് പ്ലേ ഓഫ് സാധ്യതയ്ക്ക് ആക്കം കൂട്ടി. 186 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ സ്റ്റോക്ക്‌സ് (50), സഞ്ജു സാംസണ്‍ (48), ഉത്തപ്പാ (30) , സ്മിത്ത് (31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ജയിച്ചത്. 15 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ വിജയം കൈവരിച്ചത്. 26 പന്തില്‍ നിന്നായിരുന്നു സ്റ്റോക്കസിന്റെ ഇന്നിങ്‌സ്. 25 പന്തില്‍ മൂന്ന് സിക്‌സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെയാണ് സാംസണ്‍ 48 റണ്‍സ് നേടിയത്. ഡെത്ത് ഓവറുകളില്‍ സ്മിത്തും ബട്‌ലറും (22) ആഞ്ഞു വീശുകയായിരുന്നു.

 

ടോസ് ലഭിച്ച രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ക്രിസ് ഗെയ്‌ലിന്റെ ഇടിവെട്ട് (99) ഇന്നിങ്‌സിന്റെ ചുവട് പിടിച്ചാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 46 റണ്‍സുമായി ക്യാപ്റ്റന്‍ രാഹുല്‍ ക്രിസ് ഗെയ്‌ലിനൊപ്പം മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. നിക്കോളസ് പൂരന്‍ 22 റണ്‍സെടുത്ത് പുറത്തായി. ട്വന്റി-20 ക്രിക്കറ്റില്‍ 1000 സിക്‌സര്‍ എന്ന അപൂര്‍വ്വ റെക്കോഡും ഗെയ്ല്‍ ഇന്ന് സ്വന്തമാക്കി. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയാണ് ഗെയ്ല്‍ പുറത്തായത്. 63 പന്തില്‍ നിന്നാണ് ഗെയ്ല്‍ 99 റണ്‍സെടുത്തത്. എട്ട് സിക്‌സറുകളുടെ അകമ്പടിയോടെയാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *