ഗെയ്ല്‍ക്കാറ്റില്‍ കൊല്‍ക്കത്ത നിലംപൊത്തി; പഞ്ചാബിന് 8 വിക്കറ്റ് ജയം
ഷാര്‍ജ: രണ്ടും കല്‍പ്പിച്ചായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. നാലാം സ്ഥാനത്ത് നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ച് താഴെയിറക്കണം. ഷാര്‍ജയില്‍ കെഎല്‍ രാഹുലും സംഘവും ഇതു നടപ്പിലാക്കുകയും ചെയ്തു. വീശിയടിച്ച ഗെയ്ല്‍ക്കാറ്റില്‍ കൊല്‍ക്കത്ത നിലംപൊത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 7 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ജയിച്ചത്. കെഎല്‍ രാഹുലിന്റെ വിക്കറ്റൊഴിച്ചാല്‍ വലിയ നാശനഷ്ടങ്ങളൊന്നും പഞ്ചാബിന്റെ ഭാഗത്തു സംഭവിച്ചുമില്ല.
ജയിക്കണമെന്ന ഉറച്ച തീരുമാനവുമായാണ് കിങ്‌സ് ഇലവന്‍ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. മന്ദീപ് സിങ്ങും (56 പന്തിൽ 66) ക്രിസ് ഗെയ്‌ലും (29 പന്തിൽ 51) ക്രീസില്‍ താണ്ഡവമാടിയപ്പോള്‍ പന്ത് എവിടെയെറിയണമെന്ന് ആലോചിച്ച് കൊല്‍ക്കത്ത ബൗളര്‍മാര്‍ കുഴങ്ങി. മത്സരത്തില്‍ മന്ദീപിനും ഗെയ്‌ലിനും അര്‍ധ സെഞ്ച്വറിയുണ്ട്. ഗെയ്‌ലിന്റെ അതിവേഗ ഇന്നിങ്‌സാണ് പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
മായങ്കിന്റെ അഭാവത്തില്‍ മന്ദീപ് സിങ്ങുമായി ഓപ്പണിങ് ഇറങ്ങിയ കെഎല്‍ രാഹുല്‍ പതിവുപോലെ മികച്ച തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. തുടക്കത്തില്‍ ക്രീസില്‍ താളം കണ്ടെത്താന്‍ മന്ദീപ് ഒരല്‍പ്പം വിഷമിച്ചു. എന്നാല്‍ മറുഭാഗത്ത് രാഹുല്‍ സ്വതസിദ്ധമായി ബൗണ്ടറികള്‍ പായിച്ചു സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു നയിച്ചു. കൊല്‍ക്കത്തയ്ക്ക് എട്ടാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ വിക്കറ്റു വീഴ്ത്താന്‍. മത്സരത്തില്‍ കൊല്‍ക്കത്ത നേടിയ ഏക വിക്കറ്റും ഇതുതന്നെ. വരുണ്‍ ചക്രവര്‍ത്തി പഞ്ചാബ് നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 25 പന്തില്‍ 28 റണ്‍സുമായാണ് രാഹുലിന്റെ മടക്കം.
ശേഷമെത്തിയ ക്രിസ് ഗെയ്ല്‍ ക്രീസില്‍ നിലയുറച്ചു. വരുണ്‍ ചക്രവര്‍ത്തിയെയും സുനില്‍ നരെയ്‌നെയും തിരഞ്ഞുപിടിച്ചാണ് ഇദ്ദേഹം ‘തല്ലിയത്’. ഇപ്പുറത്ത് പാറ്റിന്‍സണിനെയും ലോക്കി ഫെര്‍ഗൂസനെതിരെയും ആക്രമിച്ചു കളിക്കാനായിരുന്നു മന്ദീപ് താത്പര്യപ്പെട്ടത്. 16 ആം ഓവറില്‍ മന്ദീപ് സിങ് അര്‍ധ സെഞ്ച്വറി തികച്ചു. 17 ആം ഓവറില്‍ ഗെയ്‌ലും 50 (23 പന്തില്‍) പിന്നിട്ടു. ശേഷം 7 പന്തുകള്‍ ബാക്കി നില്‍ക്കെ കിങ്‌സ് ഇലവന്‍ പഞ്ചാബ് വിജയതീരം കാണുകയും ചെയ്തു.