ധവാന്റെ റെക്കോര്‍ഡ് സെഞ്ച്വറി പാഴായി; ഹാട്രിക്ക് വിജയവുമായി പഞ്ചാബ്
ദുബായ്: ഐപിഎല്ലിലേക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശക്തമായ തിരിച്ചുവരവ് തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും വെന്നിക്കൊടി പാറിച്ച് പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊണ് പഞ്ചാബ് അഞ്ചു വിക്കറ്റിനു തുരത്തിത്. ശിഖര്‍ ധവാന്റെ (106*) റെക്കോര്‍ഡ് സെഞ്ച്വറിക്കും ഡല്‍ഹിയെ രക്ഷിക്കാനായില്ല. 165 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബ് അഞ്ചു വിക്കറ്റിന് 19 ഓവറില്‍ ലക്ഷ്യം മറികടന്നു.ഈ കളിയിലെ വിജയത്തോടെ എട്ടു പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു മുന്നേറുകയും ചെയ്തു.
നിക്കോളാസ് പൂരന്റെ (53) വെടിക്കെട്ട് സെഞ്ച്വറിയാണ് പഞ്ചാബിനു വിജയമൊരുക്കിയത്. 28 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലേക്കുയരാതിരുന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ (32) ഈ കളിയില്‍ ഫോമില്‍ മടങ്ങിയെത്തി. ക്രിസ് ഗെയ്‌ലാണ് (29) മറ്റൊരു സ്‌കോറര്‍. ദീപക് ഹൂഡയും (15*), ജെയിംസ് നീഷാമും (10*) പുറത്താവാതെ നിന്നു.
പതിവുപോലെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (15), മായങ്ക് അഗര്‍വാള്‍ (5) എന്നിവരില്‍ നിന്നും പഞ്ചാബിന് ഈ കളിയില്‍ കാര്യമായ സംഭാവന ലഭിച്ചില്ല. അനാവശ്യ സിംഗിളിനു ശ്രമിച്ച് മായങ്കിന്റെ റണ്ണൗട്ടിനു വഴിയൊരുക്കി വില്ലനായി മാറിയ പൂരന്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഡല്‍ഹിക്കു വേണ്ടി കാഗിസോ റബാദ രണ്ടു വിക്കറ്റ് വീഴ്ത്തി.